ഇനി അശ്വിന് മുൻപിൽ അവർ മാത്രം :വിക്കറ്റ് വേട്ടയിൽ സൂപ്പർ സ്റ്റാർ

ഇന്ത്യ :ന്യൂസിലാൻഡ് കാൻപൂർ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശകരമായ ഒരു സമനിലയിൽ കലാശിച്ചു. അഞ്ചാം ദിനത്തിൽ ജയത്തിന് തുല്യമായ ഒരു സമനില കിവീസ് ടീമിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അഞ്ചാം ദിനം ന്യൂസിലാൻഡ് ബാറ്റ്‌സ്മാന്മാരെ എല്ലാം വീഴ്ത്താനായി കഴിയുമെന്ന് വിശ്വസിച്ച ഇന്ത്യൻ ബൗളർമാർക്ക് അവസാന വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ലാ. ഇന്ത്യൻ ടീമിന്‍റെ സമനില പ്രകടനത്തില്‍ ഒരു നാഴികകല്ല് പിന്നിടാന്‍ അശ്വിനു സാധിച്ചു.

ഇന്നത്തെ മത്സരത്തിൽ കിവീസ് ഓപ്പണർ ടോം ലാതമിന്‍റെ വിക്കറ്റ് വീഴ്ത്തിയ അശ്വിൻ തന്റെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ കരിയറിലെ 418ാം വിക്കറ്റ് വീഴ്ത്തിയപ്പോൾ ടെസ്റ്റ്‌ ക്രിക്കറ്റിലെ വിക്കറ്റ് പട്ടികയിൽ ഇതിഹാസ സ്പിന്നർ ഹർഭജൻ സിങ്ങിനെ മറികടന്നു.രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ ഈ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി ആറ് വിക്കറ്റുകൾ വീഴ്ത്തി. ലാതമിന്‍റെ വിക്കറ്റിനു പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാരുടെ പട്ടികയിൽ താരം മൂന്നാം സ്ഥാനത്തേക്ക് എത്തി.103 ടെസ്റ്റിൽ നിന്നും 417 വിക്കറ്റുകൾ വീഴ്ത്തിയ ഹർഭജൻ സിങ്ങിനെയാണ് അശ്വിൻ മറികടന്നത്.

വെറും 83 ടെസ്റ്റുകളിൽ നിന്നാണ് അശ്വിൻ 418 വിക്കറ്റുകൾ സ്വന്തമാക്കിയത്.132 മത്സരങ്ങളിൽ നിന്നായി 632 വിക്കറ്റുകൾ എറിഞ്ഞിട്ട അനിൽ കുംബ്ലയും 131 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്നായി 434 വിക്കറ്റുകൾ വീഴ്ത്തിയ കപിൽ ദേവുമാണ് ഇന്ത്യൻ താരങ്ങളിൽ അശ്വിന് മുൻപിൽ. ഒപ്പം ഈ ടെസ്റ്റിലെ ആൾറൗണ്ട് പ്രകടനം വളരെ അധികം പ്രശംസ കൂടി അശ്വിന് നേടി കൊടുത്ത് കഴിഞ്ഞു. രണ്ട് ഇന്നിങ്സിലും താരം അടിച്ചെടുത്ത റൺസ്‌ ഇന്ത്യൻ ടീം ലീഡിൽ നിർണായാകമായി മാറിയിരുന്നു. കൂടാതെ ഈ വർഷം കോഹ്ലി, പൂജാര എന്നിവരെക്കാൾ റൺസ്‌ അടിച്ച താരം കൂടിയാണ് അശ്വിൻ.