ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്. മത്സരത്തിൽ എട്ടു വിക്കറ്റുകൾ നേടിയ അശ്വിൻ ബാറ്റിങ്ങിലും മികച്ച സംഭാവന നൽകുകയുണ്ടായി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ അഞ്ചുവിക്കറ്റുകൾ നേടിയതോടെ ഒരു തകർപ്പൻ റെക്കോർഡ് കൂടെ അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ.
മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ മാത്രമാണ് ഈ റെക്കോർഡിൽ അശ്വിന് മുൻപിൽ ഉള്ളത്. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരകളിൽ 111 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം. നിലവിൽ 96 വിക്കറ്റുകളുമായാണ് അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നിലവിലെ ഫോമിൽ മൂന്ന് ടെസ്റ്റുകൾ കൂടി പരമ്പരയിൽ അവശേഷിക്കുമ്പോൾ കുംബ്ലെയെ അനായാസം മറികടക്കാൻ അശ്വിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
അശ്വിനെയും കുബ്ലെയെയും മാറ്റിനിർത്തിയാൽ മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്, നിലവിലെ ഓസ്ട്രേലിയൻ സ്പിന്നർ നദൻ ലയൺ എന്നിവരാണ് ലിസ്റ്റിലുള്ളത്. ഇരുവരും 95 വിക്കറ്റുകൾ വീതമാണ് വീഴ്ത്തിയിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ ലോകകപ്പ് വിജയ നായകൻ കപിൽ ദേവും 79 വിക്കറ്റുകളുമായി ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
നാഗ്പൂര് ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ച പ്രകടനം തന്നെയായിരുന്നു രവിചന്ദ്രൻ അശ്വിൻ കാഴ്ചവച്ചത്. മത്സരത്തിലുടനീളം ഓസീസ് ബാറ്റർമാരെ വലയ്ക്കാൻ അശ്വിന് സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി കുതിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വരും മത്സരങ്ങളിലും അശ്വിന്റെ ഈ പ്രകടനം നിർണായകമാണ്. ഇന്നിംഗ്സിനും 132 റൺസിനുമായിരുന്നു ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്.