ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചു രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനക്കാരായി പ്ലേയോഫിലേക്ക് യോഗ്യത നേടി. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ മറികടന്നു. 44 പന്തില്‍ 59 റണ്‍സ് നേടിയ ജയ്സ്വാളാണ് ടോപ്പ് സ്കോറര്‍.
മത്സരത്തില്‍ മികച്ച പ്രകടനമാണ് ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍ നടത്തിയത്. മൊയിന്‍ അലിയുടെ കനത്ത ആക്രമണത്തിനിടെയാണ് അശ്വിന്‍, പവര്‍പ്ലേയിലെ തന്‍റെ ആദ്യ ഓവര്‍ എറിയാന്‍ എത്തിയത്. 16 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ അടിച്ചെടുത്തത്. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ ഇന്ത്യന്‍ താരം, രണ്ടാം ഓവറില്‍ കോണ്‍വേയെ വിക്കറ്റിനു മുന്നില്‍ കുടുക്കി. ബോളിംഗില്‍ തന്‍റെ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോള്‍ പിന്നീടുള്ള 3 ഓവറില്‍ 12 റണ്‍സ് മാത്രമാണ് അശ്വിന്‍ വഴങ്ങിയത്.
ചേസിങ്ങിനിടെ ഒരു ഘട്ടത്തില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടുവെങ്കിലും അശ്വിന്‍ ഒരറ്റത്ത് നിന്നു. സാധാരണ വണ്‍ ഡൗണായാണ് അശ്വിനെ പരീക്ഷക്കാറെങ്കിലും ഇത്തവണ അഞ്ചാമതായാണ് അശ്വിന്‍ വന്നത്. 23 പന്തില്‍ 2 ഫോറും 3 സിക്സും അടക്കം 40 റണ്‍സാണ് അശ്വിന്‍ നേടിയത്. മിസ്റ്റര്‍ ഇന്‍റലിജെന്‍റ് എന്നാണ് കമന്‍ററിയിലൂടെ അശ്വിനെ ഇഷാന്‍ ബിഷപ്പ് വിളിച്ചത്.
മത്സരത്തിലെ പ്രകടനത്തിനു കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അശ്വിനെയാണ്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നായി 183 റണ്‍സും 11 വിക്കറ്റുമാണ് താരം നേടിയിരിക്കുന്നത്. 5 കോടി രൂപക്കാണ് താരത്തെ രാജസ്ഥാന്‍ മെഗാ ലേലത്തില്‍ സ്വന്തമാക്കിയത്.