എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച വിജയമായിരുന്നു കഴിഞ്ഞവർഷം ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ നേടിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ വിജയങ്ങളിൽ ഒന്നായാണ് ഈ പരമ്പര കണക്കാക്കപ്പെടുന്നത്. ഭാര്യയുടെ പ്രസവത്തിനായി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ വിരാട് കോഹ്ലിയും, പരിക്കിനെ പിടിയിൽ ആടിയുലഞ് 11 പേരെ പോലും തികക്കാൻ കഷ്ടപ്പെട്ട പരമ്പരയിൽ അജിങ്ക്യ രഹാനെ യുടെ നേതൃത്വത്തിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കിയത്.
ഗാബയിൽ നടന്ന അവസാന ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ച് തുല്യ നിലയിലായിരുന്നു. മുന്നില്‍ ബൗളർമാരും വിരാട് കോഹ്ലിയും ഇല്ലാതെ 1988 നുശേഷം ഗാബയിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുമെന്ന് പിഞ്ചു കുഞ്ഞു പോലും കരുതിയിരുന്നില്ല. ഋഷഭ് പന്തിൻ്റെ അവിശ്വസനീയമായ ബാറ്റിങും, പൂജാര, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ എന്നിവരുടെ പോരാട്ടവീര്യം കൂടിച്ചേർന്നപ്പോൾ ഇന്ത്യ ഐതിഹാസിക പരമ്പര നേട്ടം സ്വന്തമാക്കി. ഇപ്പോഴിതാ അവസാന ടെസ്റ്റിൽ ഇന്ത്യ ഗാബയിൽ ഇറങ്ങുമ്പോൾ സമനിലക്കായി കളിച്ചാൽ മതി എന്ന് രവിശാസ്ത്രി പറഞ്ഞിരുന്നു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അശ്വിൻ.
“29 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ റിഷഭ് പന്തിന്‍റെ ആക്രമണാത്മക സമീപനം കണ്ട് ഈ മത്സരത്തില്‍ ജയത്തിനാണോ സമിനലക്കാണോ നമ്മള്‍ പൊരുതുന്നതെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു.
റിഷഭ് പന്തിന്‍റെ മനസ്സിൽ എന്താണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. കാരണം, അവന്‍ എന്തു ചെയ്യുമെന്ന് പ്രവചിക്കാനാവില്ല. ഓരോ പന്തിലും സിക്‌സടിക്കാൻ കഴിവുള്ളവനാണ് അവന്‍. ചിലപ്പോഴൊക്കെ അവനെ ക്രീസില്‍ അടക്കി നിര്‍ത്താന്‍ പ്രയാസമാണ്. സിഡ്‌നി ടെസ്റ്റില്‍ ബാറ്റിംഗിനിടെ, പൂജാര അവന്‍റെ ആക്രമണോത്സുകത കുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ അവന് സെഞ്ച്വറി നഷ്ടമായി.
ഗാബയിലാകട്ടെ കോച്ച് രവി ശാസ്ത്രി സമനിലക്ക് ശ്രമിച്ചാല്‍ മതിയെന്ന നിലപാടിലായിരുന്നു. കാരണം പ്രതിരോധിച്ചു നിന്നാല്‍ നമുക്ക് അനായാസം മത്സരം സമനിലയിൽ അവസാനിപ്പിക്കാമായിരുന്നു. എന്നാൽ ഞങ്ങളുടെ പ്ലാന്‍ വേറെയായിരുന്നു. ഞാൻ രഹാനെയോട് ചോദിച്ചു, നമ്മൾ ഈ കളിയില്‍ ജയത്തിനാണോ സമനിലക്കാണോ ശ്രമിക്കുന്നതെന്ന്. റിഷഭ് പന്ത് അവന്‍റെ സ്വാഭാവിക കളിയാണ് കളിക്കുന്നത്, അത് ഏതുവരെ പോകുമെന്ന് നോക്കാമെന്നായിരുന്നു രഹാനെയുടെ മറുപടി.”-അശ്വിൻ പറഞ്ഞു.