ക്രിക്കറ്റിനോട് വിടപറഞ്ഞ്‌ ഡിണ്ട :വിരമിക്കൽ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ താരം

ക്രിക്കറ്റിന്റെ  സമസ്ത  മേഖലകളിൽ  നിന്നും  സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ച്‌ മുൻ ഇന്ത്യൻ പേസർ അശോക് ഡിണ്ട. ഇന്ത്യക്കായി 13 ഏകദിന മത്സരങ്ങളിൽ നിന്ന്  12 വിക്കറ്റും, 9 ട്വന്റി-ട്വന്റി  മത്സരങ്ങളിലായി 17 വിക്കറ്റും നേടിയ ഡിണ്ടയുടെ പേരിൽ 420 ആഭ്യന്തര വിക്കറ്റുകളുമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും‌   റൈസിംഗ് പൂനെ വാരിയേർസിനായും പന്തെറിഞ്ഞ അശോക്  ഡിണ്ട, 75 മത്സരങ്ങളിലായി 69 വിക്കറ്റും‌ ഐപിഎല്ലിൽ  സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് .

ഇന്ത്യൻ ആഭ്യന്തര  ക്രിക്കറ്റിൽ  കഴിഞ്ഞ  10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഡിണ്ട എന്ന ബൗളറുടെ മികവ് നമുക്ക് കാണുവാൻ സാധിക്കും . കുറച്ച് വർഷങ്ങളായി ഭൂരിഭാഗം സീസണുകളിലും അശോക് ഡിണ്ട തന്നെയാണ് ലീഡിങ് വിക്കറ്റ് ടേക്കറായി മാറുന്നത് .കൂടാതെ ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ  417 വിക്കറ്റുകൾ സ്വന്തമായുള്ള ഡിണ്ട ബംഗാൾ ടീമിന് വേണ്ടി മാത്രം  339 വിക്കറ്റുകൾ  വീഴ്ത്തിയിട്ടുണ്ട് .ബംഗാൾ ടീമിന്റെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനും താരം തന്നെ .

ഇന്നലെ ഈഡൻ ഗാർഡൻസിൽ വെച്ച്  വിരമിക്കൽ  പ്രഖ്യാപനം നടത്തുവാനായി മാധ്യമങ്ങളെ കണ്ട അശോക് ഡിണ്ട, തന്റെ കരിയറയിനെ കുറിച്ച് ഏറെ  വാചാലനായി.  തന്റെ രക്ഷിതാക്കൾക്കും,  കരിയറിൽ  ഉടനീളം തന്നെ എപ്പോഴും  സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ച  അശോക് ഡിണ്ട, നേരത്തെ  ടീമിൽ‌ ഇല്ലാത്ത തന്നെ പതിനാറാമനായി‌ ടീമിൽ എടുത്ത് അരങ്ങേറുവാൻ  അവസരം തന്ന സൗരവ് ഗാംഗുലിക്ക് പ്രത്യേക  നന്ദിയും ഇന്നലെ നടത്തിയ  വിരമിക്കൽ പ്രഖ്യാപനത്തിനൊപ്പം   അറിയിച്ചു.‌

ബംഗാളിനായി  തന്റെ കളി തുടങ്ങിയ താരം, കഴിഞ്ഞ സീസണിൽ ബംഗാൾ  മാനേജ്മെന്റും കോച്ചുമായുള്ള അസ്വാരസ്യങ്ങളും മറ്റ് പലവിധ  പ്രശ്നങ്ങളും കാരണം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി കളിച്ചിരുന്നില്ല. ഗോവക്ക് വേണ്ടിയാണ് ഡിണ്ട തുടർന്ന് കളിച്ചത്. ബിസിസിഐക്കും ഗോവൻ ക്രിക്കറ്റ് അസോസിയേഷനും വിരമിക്കൽ വാർത്ത അറിയിച്ച്‌  ഔദ്യോഗിക മെയിൽ അയച്ചെന്നും ഡിണ്ട  വെളിപ്പെടുത്തി

Previous articleകോവിഡ് ആശങ്ക ഭീഷണിയായി :ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കി
Next articleലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇടം നേടി കിവീസ് : ഫൈനൽ പ്രവേശനം സ്വപ്നം കണ്ട് മറ്റ് 3 ടീമുകൾ