വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫൈനലില്‍ കടന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 130 റണ്‍സില്‍ എത്തനാണ് സാധിച്ചത്.
5 റണ്‍സ് വിജയവുമായി ഫൈനലില്‍ എത്തിയ ബാംഗ്ലൂര്‍ കലാശപോരാട്ടത്തില്‍ ഡല്‍ഹിയെ നേരിടും. മലയാളി താരം ആശ ശോഭ്നയാണ് ബാംഗ്ലൂരിനായി അവസാന ഓവര്‍ എറിഞ്ഞത്.
അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. പന്തെറിയാന്‍ ബാക്കിയുണ്ടായിരുന്നത് രേണുകക്കും സോഫി ഡിവൈനും ആശക്കും. സ്മൃതി മന്ദാന കൊടുത്തതാകട്ടെ മലയാളി താരം ആശ ശോഭ്നക്കും.
ഓവറിലെ നാലാം പന്തില്‍ പൂജയെ പുറത്താക്കിയ ആശ ബാംഗ്ലൂരിനെ മുന്നിലെത്തിച്ചു. അവസാന പന്തില്‍ സമനിലയാക്കാന്‍ 6 റണ്‍സ് വേണമെന്നിരിക്കെ 1 റണ്‍ മാത്രമാണ് അമേലിയ കെര്‍ നേടിയത്. ഇതോടെ 5 റണ്‍സിന്‍റെ വിജയം ബാംഗ്ലൂര്‍ സ്വന്തമാക്കി.
അവസാന 3 ഓവറില്‍ 20 റണ്‍സ് മാത്രം വേണമെന്ന നിലയില്‍ നിന്നാണ് മുംബൈ പുറത്തായത്. ക്രീസില്‍ സെറ്റായിരുന്ന ഹര്‍മ്മന്‍ പ്രീത് കൗറിനെ (33) ശ്രേയങ്ക പുറത്താക്കി. മൊളിനേക്സിന്‍റെ 19ാം ഓവറില്‍ 4 റണ്‍ മാത്രമാണ് വന്നത്. ഇതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം 12 ആയി മാറി. ആശ ശോഭ്ന ഭംഗിയായി ദൗത്യം നിറവേറ്റിയതോടെ ബാംഗ്ലൂര്‍ ഫൈനലില്‍ പ്രവേശിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനു വേണ്ടി എല്ലിസ് പെറിയാണ് (50 പന്തില്‍ 66) ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ബാക്കി താരങ്ങള്‍ക്കൊന്നും 20 നു മുകളില്‍ സ്കോര്‍ എടുക്കാനായില്ലാ. മുംബൈക്കായി ഹെയ്ലി മാത്യൂസ്, നാറ്റ് സ്കീവര്‍, സൈക ഇഷ്ഹഖ് എന്നിവര്‍ 2 വീതം വിക്കറ്റ് വീഴ്ത്തി.