വളരെ മോശം പ്രകടനം ആയിരുന്നു ഇന്നലെ ന്യൂസിലാൻഡിനെതിരായ ആദ്യ ട്വൻ്റി ട്വൻ്റി മത്സരത്തിൽ ഇന്ത്യൻ പേസർ അർഷദീപ് സിംഗ് കാഴ്ച്ചവച്ചത്. ന്യൂസിലാൻഡിനെതിരെ ഇന്നലെ അവസാനത്തെ ഓവർ എറിഞ്ഞത് അർഷദീപ് ആയിരുന്നു. ആ ഓവറിൽ മാത്രം 27 റൺസാണ് താരം വഴങ്ങിയത്.
ഈ ഓവറിൽ അമിതമായി റൺസ് വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഡാരൽ മിച്ചൽ ആയിരുന്നു താരത്തിനെതിരെ അവസാന ഓവറിൽ തകർത്താടിയത്.ഈ ഓവറിൽ താരം എറിഞ്ഞ ആദ്യ പന്ത് നോബോൾ ആയിരുന്നു. മത്സരത്തിലെ ദയനീയ പ്രകടനത്തോടെ ഒരു നാണക്കേടിന്റെ റെക്കോർഡും താരം സ്വന്തമാക്കി.
ട്വൻ്റി ട്വൻ്റി മത്സരത്തിൽ ഇന്ത്യക്കു വേണ്ടി അവസാന ഓവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ എന്ന റെക്കോർഡ് ആണ് അർഷദീപ് സ്വന്തമാക്കിയത്. ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്നയുടെ റെക്കോർഡ് ആണ് താരം തൻ്റെ പേരിലേക്ക് മാറ്റിയത്. സൗത്ത് ആഫ്രിക്കക്കെതിരെ 2012ൽ 26 റൺസ് ആയിരുന്നു സുരേഷ് റെയ്ന വഴങ്ങിയിരുന്നത്.
അന്താരാഷ്ട്ര ട്വന്റി-ട്വന്റിയിൽ ഒരു ഓവറിൽ ഒന്നിൽ കൂടുതൽ തവണ 25 റൺസിന് മുകളിൽ നേടുന്ന ബൗളർ എന്ന റെക്കോർഡും താരം സ്വന്തമാക്കി. നേരത്തെ സൗത്ത് ആഫ്രിക്കക്കെതിരെ കഴിഞ്ഞ വർഷം ഒരു ഓവറിൽ 26 റൺസ് താരം വഴങ്ങിയിരുന്നു.എന്തായാലും അടുത്ത കളിയിൽ താരം ശക്തമായി തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.