ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം എത്തിയിട്ടില്ല. ആദ്യ 2 മത്സരങ്ങളിൽ നിന്ന് നായകൻ രോഹിത് ശർമ മാറിനിൽക്കാൻ സാധ്യതയുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിൽ ആദ്യ മത്സരങ്ങളിൽ രോഹിത്തിന് കളിക്കാൻ സാധിക്കാതെ വന്നാൽ ഇന്ത്യ മറ്റൊരു നായകനെ പരമ്പരയിലേക്ക് തിരഞ്ഞെടുക്കണമെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്. അങ്ങനെ പുതിയൊരു നായകൻ ഇന്ത്യൻ ടീമിൽ എത്തുമ്പോൾ രോഹിത് കേവലം ബാറ്ററായി മാത്രം ടീമിൽ തുടരണമെന്നും സുനിൽ ഗവാസ്കർ കൂട്ടിച്ചേർത്തു.
തന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലം രോഹിത്തിന് ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യയുടെ ഉപനായകനായ ബുമ്രയാവും ടീമിനെ നയിക്കുന്നത്. രോഹിത് ഇല്ലാത്തപക്ഷം അഭിമന്യു ഈശ്വരനാവും ആദ്യ മത്സരങ്ങളിൽ ജയസ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. എന്നാൽ ആദ്യ ടെസ്റ്റ് മത്സരത്തിൽ മാത്രം ഇന്ത്യയുടെ ഉപനായകനായ ബുമ്ര ഇന്ത്യൻ ടീമിനെ നയിക്കേണ്ടതില്ല എന്നാണ് ഗവാസ്കർ പറയുന്നത്. ഇത് താരത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കും എന്ന് ഗവാസ്കർ കരുതുന്നു.
“ഇന്ത്യൻ നായകൻ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിക്കേണ്ടത് വളരെ നിർണായകം തന്നെയാണ്. അഥവാ ഫിറ്റ്നസ് മൂലമാണ് രോഹിത് മാറിനിൽക്കുന്നതെങ്കിൽ അത് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കാം. പക്ഷേ ആദ്യ മത്സരത്തിൽ ടീമിന്റെ നായകൻ കളിക്കുന്നില്ലെങ്കിൽ അത് ഉപനായകന് വലിയ സമ്മർദ്ദമുണ്ടാക്കും. അത്തരത്തിൽ ടീമിനെ നയിക്കുക എന്നത് അത്ര അനായാസ കാര്യമല്ല. ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ കളിക്കില്ല എന്ന് ഞാൻ എവിടെയോ വായിച്ചിരുന്നു. രണ്ടാം മത്സരത്തിലും രോഹിത് മാറിനിൽക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങൾ ഉണ്ടെങ്കിൽ രോഹിത്തിന് സെലക്ഷൻ കമ്മിറ്റി കൃത്യമായി വിശ്രമം അനുവദിക്കണം.”- ഗവാസ്കർ പറയുന്നു.
“ഇത്തരത്തിൽ തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ അവസാനിച്ചതിന് ശേഷം രോഹിത്തിന് തിരികെ വരാൻ സാധിക്കും. പക്ഷേ ആ സമയത്ത് ഒരു ബാറ്ററായി മാത്രമേ രോഹിത്തിനെ പരിഗണിക്കാവൂ. ഒരു നായകൻ എന്ന നിലയിൽ രോഹിതിനെ കളിപ്പിക്കരുത്. ഇത്തരത്തിൽ രോഹിത്തിന് ആദ്യ മത്സരങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നാൽ ടീമിന്റെ ഉപനായകനെ തന്നെ പരമ്പരയിലെ ക്യാപ്റ്റനായി പ്രഖ്യാപിക്കണം. പരമ്പരയുടെ തുടക്കം മുതൽ നായകൻ ഉണ്ടാവേണ്ടത് ആവശ്യമാണ്. 3-0 എന്ന നിലയിൽ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെട്ടു നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ച് കൃത്യമായി ഒരു ക്യാപ്റ്റനെ നിലനിർത്താൻ പറ്റണം.”- ഗവാസ്കർ കൂട്ടിച്ചേർത്തു.