ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാവരും വളരെ ആവേശത്തോടെ ഇപ്പോൾ കാത്തിരിക്കുന്നത് ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനമാണ്. ലങ്കക്ക് എതിരെ മൂന്ന് ഏകദിന മത്സരവും മൂന്ന് ടി :20 മത്സരവും ഇന്ത്യൻ ടീം കളിക്കും. സീനിയർ താരങ്ങൾ പലരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിൽ തന്നെ തുടരുന്നതിനാൽ ഏറെ യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകിയ സ്‌ക്വാഡിനെയാണ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്.സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ നായകനായി എത്തുമ്പോൾ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ് ഉപനായകന്റെ റോളിൽ എത്തുക.മുൻ ഇന്ത്യൻ നായകനും ഒപ്പം ഇതിഹാസതാരവും നിലവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനുമായ രാഹുൽ ദ്രാവിഡാണ് ഇന്ത്യൻ ടീമിനെ ലങ്കയിൽ പരിശീലിപ്പിക്കുക.
അതേസമയം ലങ്കൻ പര്യടനത്തിൽ തന്റെ കരിയറിൽ ആദ്യമായി ക്യാപ്റ്റൻസി റോൾ ഏറ്റെടുക്കുന്ന ഓപ്പണർ ശിഖർ ധവാനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടങ്ങളാണ് ശ്രീലങ്കൻ ടീമിനെതിരെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമത്തെ താരമായി ധവാൻ മാറും. മുൻപ് ഇന്ത്യൻ ടീമിലെ നാല് പ്രമുഖരായ താരങ്ങൾ ലങ്കക്ക് എതിരായ മത്സരം കളിച്ചാണ് നായക സ്ഥാനം ഏറ്റെടുത്തത്. ലങ്കക്ക് എതിരെയാണ് മിക്ക ഇതിഹാസ താരങ്ങളും ക്യാപ്റ്റനായി തുടക്കം കുറിച്ചത് എന്നതും ശ്രദ്ദേയം.
ആദ്യമായി ഏകദിന ലോകകപ്പ് നേടിയ കപിൽ ദേവ് കരിയറിൽ ആദ്യമായി നായകനായത് ശ്രീലങ്കക്ക് എതിരായ ഒരു മത്സരത്തിലാണ്. കപിലിന് ശേഷം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനും ശ്രീലങ്കൻ ടീമിനെതിരെ ക്യാപ്റ്റനായി അരങ്ങേറി. കരിയറിൽ മിക്ക ബാറ്റിങ് റെക്കോർഡുകളും സ്വന്തം പേരിലാക്കിയ സച്ചിന് പക്ഷേ നായകന്റെ റോളിൽ ഏറെ തിളങ്ങുവാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
സച്ചിന് ശേഷം ഇപ്പോഴത്തെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയും ലങ്കൻ ടീമിനെതിരായ പരമ്പരയായിലാണ് ക്യാപ്റ്റന്റെ റോളിലേക്ക് എത്തിയത്. ഇന്ന് മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നായകനായ വിരാട് കോഹ്ലി ഒട്ടനവധി ചരിത്ര വിജയങ്ങളിലേക്ക് ഇന്ത്യൻ ടീമിനെ നയിച്ച് കഴിഞ്ഞു.ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ ഉപനായകനായി രോഹിത് ശർമ മുൻപ് ക്യാപ്റ്റൻസി റോളിൽ ആദ്യമായി എത്തിയതും ലങ്കക്ക് എതിരായ കളിയിൽ തന്നെയാണ്. ഏഷ്യ കപ്പ് അടക്കമുള്ള ചില ടൂർണമെന്റുകൾ രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടി.