ഒന്നാം ദിനം ബൗളിങ്ങിൽ വിറപ്പിച്ച്‌ ആൻഡേഴ്സൺ : സെഞ്ച്വറി കരുത്തുമായി മാത്യൂസ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റില്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ തീപ്പൊരി   ബൗളിങ്ങിൽ  ആടിയുലഞ്ഞ ശ്രീലങ്കൻ ബാറ്റിംഗ് നിര   കരകയറുവാൻ ശ്രമിക്കുന്നു. ഒരവസരത്തില്‍ 2, വിക്കറ്റ് നഷ്ടത്തിൽ 7 റൺസ് മാത്രമായിരുന്നു   ലങ്കൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് .എന്നാൽ  ഒന്നാം ദിനം കളി  അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ  229 റൺസെന്ന നിലയിലാണ് ലങ്കൻ ടീം .   മുതിർന്ന താരം  ഏയ്‌ഞ്ചലോ മാത്യൂസ്  സെഞ്ചുറി പൂര്‍ത്തിയാക്കിയതാണ്  ഒന്നാം ദിനത്തെ കളിയുടെ സവിശേഷത .

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയെ ഫാസ്റ്റ് ബൗളർ  ജിമ്മി ആന്‍ഡേഴ്‌സണ്‍ തുടക്കത്തിലെ വരിഞ്ഞുമുറുക്കി. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കേ അഞ്ച്ചം ഓവറിലെ ആദ്യ പന്തില്‍ കുശാല്‍ പെരേരയെ(6) റൂട്ടിന്‍റെ കൈകളിലെത്തിച്ചു. ഇതേ ഓവറിലെ അഞ്ച്ചം പന്തില്‍ ഒഷാഡ ഫെര്‍ണാണ്ടോയെ പൂജ്യത്തില്‍ നില്‍ക്കേ ബൗള്‍ഡാക്കി ജിമ്മി ഇരട്ട പ്രഹരം ആതിഥേയ ടീമിന്  നല്‍കി. ഇതിന് ശേഷം മൂന്നാം വിക്കറ്റില്‍ ലഹിരു തിരിമന്നയും ഏയ്ഞ്ചലോ മാത്യൂസും നിലയുറപ്പിച്ചത് ലങ്കക്ക് അനുഗ്രഹമായി .

എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാം പന്തില്‍ തന്നെ  ആന്‍ഡേഴ്‌സണ്‍ വീണ്ടും  ലങ്കക്ക് തിരിച്ചടി . 95 പന്തില്‍ 43 റണ്‍സെടുത്ത ലങ്കൻ വിശ്വസ്ത ബാറ്റ്സ്മാൻ  തിരിമന്നെയെ ബട്ട്‌ലറുടെ കൈകളിലെത്തിക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ തിരിമന്നെ   രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു . ഇതിന് ശേഷം നായകന്‍ ദിനേശ് ചാണ്ഡിമലിനെ കൂട്ടുപിടിച്ച് മാത്യൂസ് ലങ്കയുടെ ഇന്നിംഗ്സ്  രക്ഷയ്‌ക്കെത്തി. 43-ാം ഓവറില്‍ മാര്‍ക്ക് വുഡിനെ ബൗണ്ടറി കടത്തി 89 പന്തില്‍ മാത്യൂസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 

മാത്യൂസ് ഒപ്പം മികച്ച രീതിയിൽ ബാറ്റേന്തിയ ചണ്ഡിമൽ സ്കോറിങ്ങിന് വേഗം കൂട്ടി .താരം 121 പന്തിൽ 4 ഫോറിന്റെയും  ഒരു സിക്സറിന്റെയും സഹായത്തോടെ 52 റൺസ് അടിച്ചെടുത്തു . താരത്തിന്റെ ഇരുപതാം ടെസ്റ്റ് അർദ്ധ സെഞ്ചുറിയാണിത് . നാലാം വിക്കറ്റിൽ ഇരുവരും ലങ്കയെ മികച്ച ടോട്ടലിലേക്ക് എത്തിക്കും  എന്ന് ഏവരും കരുതി .എന്നാൽ  ലങ്കൻ നായകനെ വിക്കറ്റിന് മുന്നിൽ കുരുക്കി മാർക്ക് വുഡ് ഇംഗ്ലീഷ് പടക്ക് അർഹിച്ച ബ്രേക്ക് :ത്രൂ നൽകി .നാലാം വിക്കറ്റിൽ ചണ്ഡിമൽ : മാത്യൂസ് ജോഡി 117 റൺസ് കൂട്ടിച്ചേർത്തു .

ശേഷം വിക്കറ്റ് കീപ്പർ നിരോഷൻ  ഡിക്ക്വെല്ല  ഒപ്പം ബാറ്റിംഗ് തുടർന്ന മാത്യൂസ് ലങ്കയെ കൂടുതൽ വിക്കറ്റ് നഷ്ട്ടം കൂടാതെ ഒന്നാം ദിനം കടത്തി .
ഇന്നിഗ്‌സിലെ എഴുപത്തി എട്ടാം ഓവറിലാണ് മാത്യൂസ് തന്റെ ശതകം പൂർത്തിയാക്കിയത് .താരത്തിന്റെ  പതിനൊന്നാം സെഞ്ച്വറി പ്രകടനമാണിത് .  107 റൺസുമായി മാത്യൂസ് ,  19 റൺസുമായി  ഡിക്വെല്ല  എന്നിവരാണ് ക്രീസിൽ .

Previous articleവീണ്ടും ഫിറ്റ്നസ് പരീക്ഷ കടുപ്പിച്ച്‌ ഇന്ത്യൻ ടീം :രണ്ട് കിലോമീറ്റര്‍ ദൂരം എട്ടര മിനുറ്റില്‍ താരങ്ങള്‍ ഓടിയെത്തണം
Next articleഇന്ത്യക്ക് വീണ്ടും പരിക്ക് തലവേദന : ജഡേജക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകും