ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് തുടങ്ങിയ പാക്കിസ്ഥാൻ ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇംഗ്ലണ്ടിനെതിരെ തോറ്റു കൊണ്ട് മടങ്ങിയിരുന്നു. ഇപ്പോഴിതാ ടീമിനെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. 2009 ന് ശേഷം 20-20 ലോകകപ്പ് കിരീടം നേടാം എന്ന പാക്കിസ്ഥാന്റെ മോഹമാണ് ഫൈനലിൽ ഇംഗ്ലണ്ട് തകർത്തെറിഞ്ഞത്.
ഇത്തവണത്തെ ലോക ഫൈനലിൽ പാക്കിസ്ഥാൻ സ്ഥാനം അർഹിച്ചിരുന്നില്ല എന്നാണ് മുൻ പാക് പേസർ പറഞ്ഞത്.”ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാൻ കളിച്ചത് തന്നെ ഭാഗ്യമാണ്. യഥാർത്ഥത്തിൽ പാക്കിസ്ഥാന് ഫൈനൽ കളിക്കുവാനുള്ള അർഹതയില്ല. ഈ ലോകത്തിന് മുഴുവനും എങ്ങനെയാണ് പാക്കിസ്ഥാൻ ഫൈനലിൽ എത്തിയത് എന്ന് അറിയാം. ദൈവമാണ് ഫൈനലിൽ പാക്കിസ്ഥാനെ എത്തിച്ചത്.
ലോകകപ്പിലെ പാക്കിസ്ഥാൻ ബാറ്റർമാരുടെ പ്രകടനം എടുത്തു നോക്കിയാൽ ഇക്കാര്യം മനസ്സിലാകും. ഫൈനലിൽ ഇങ്ങനെയാണ് സംഭവിക്കുക എന്നത് സെമിഫൈനലിൽ വിജയിച്ചപ്പോൾ തന്നെ അറിയാമായിരുന്നു. ആദ്യം നടന്ന അതേ പിച്ച് തന്നെയാണ് ഫൈനലിലെ മെൽബണിലെ പിച്ച് എങ്കിൽ ടീം പതറും എന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. അത് തന്നെയാണ് അവിടെ സംഭവിച്ചത്. അവിടത്തെ സാഹചര്യം നമ്മൾക്ക് നന്നായി അറിയാവുന്നതാണ്. ഫൈനലിലെ പാക്കിസ്ഥാന്റെ തുടക്കം നല്ലതായിരുന്നു.
ഹാരിസിന്റെ മികവിനെക്കുറിച്ചും ബാറ്റിംഗ് സമീപനത്തെക്കുറിച്ചും നമ്മൾ നേരത്തെ സംസാരിച്ചിരുന്നു. മികവിന് കൂടെ കുറച്ച് വിവേകവും ആവശ്യമാണ്. നേരിട്ട ആദ്യം പന്ത് തന്നെ ക്രീസിന് പുറത്തിറങ്ങി വലിയ ഷോട്ട് നേടാനാണ് ഹാരിസ് ശ്രമിച്ചത്. ഇത്തരം സന്ദർഭങ്ങളിൽ മറ്റ് ആരെയെങ്കിലും ഉത്തരവാദിത്വം ഏൽപ്പിച്ച് അലക്ഷ്യമായി കളിക്കാൻ പറ്റില്ല. കാരണം അവർക്ക് ശേഷം ബാറ്റ് ചെയ്യാൻ വരുന്നവർ കഷ്ടപ്പെടും. ഇംഗ്ലണ്ടിന് വേണ്ടി കളിച്ച ബെൻ സ്റ്റോക്ക്സ് കളിയോടുള്ള അവബോധവും അനുഭവസമ്പത്തും കാണിച്ചു തന്നു.”- ആമിർ പറഞ്ഞു.