ഇതുവരെ ഇന്ത്യക്കായി ട്വന്റി20 ലോകകപ്പിൽ വളരെ മികച്ച പ്രകടനങ്ങളാണ് ജസ്പ്രീത് ബുംറ പുറത്തെടുത്തിട്ടുള്ളത്. ഇന്ത്യയെ നിർണായക മത്സരങ്ങളിലൊക്കെയും വിജയത്തിലെത്തിക്കാൻ ബുംറക്ക് സാധിച്ചിട്ടുണ്ട്. ഇതിനുശേഷം ബൂമ്രയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പട്ടി റായിഡു.
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ബൂമ്ര ദൈവത്തിന്റെ സമ്മാനമാണ് എന്ന് അമ്പാട്ടി റായിഡു പറയുകയുണ്ടായി. ഇതുവരെ ഈ ലോകകപ്പിൽ 4 മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച ബുമ്ര 8 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. അയർലൻഡിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ 2 വിക്കറ്റുകളും, പാക്കിസ്ഥാനെതിരെ 3 വിക്കറ്റുകളും, അഫ്ഗാനിസ്ഥാനെതിരെ 3 വിക്കറ്റുകളും സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. ശേഷമാണ് പ്രശംസയുമായി റായിഡു രംഗത്തെത്തിയിരിക്കുന്നത്.
“ബൂമ്ര ഒരു മികച്ച ബോളറാണ്. കൃത്യമായി സാഹചര്യത്തിനനുസരിച്ച് തന്റെ ബോളിങ്ങിൽ മാറ്റം വരുത്താൻ സാധിക്കുന്നുണ്ട്. എല്ലാ കണ്ടീഷനും അനുസൃതമായ രീതിയിൽ ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ബുമ്ര ശ്രമിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. ഒരു അവിശ്വസനീയ ബോളർ തന്നെയാണ് അവൻ. മാത്രമല്ല ഇന്ത്യൻ ടീമിനെ സംബന്ധിച്ച് അവൻ ദൈവത്തിന്റെ സമ്മാനമാണ്. കാരണം അത്തരമൊരു താരം മറ്റൊരു ടീമിനുമുണ്ടെന്ന് ഞാൻ കരുതുന്നില്ല.”- റായിഡു പറഞ്ഞു.
അഫ്ഗാനിസ്ഥനെതിരായ മത്സരത്തിലെ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗിനെ പറ്റിയും റായിഡു സംസാരിക്കുകയുണ്ടായി. മത്സരത്തിൽ ഒരു തകർപ്പൻ അർധസെഞ്ച്വറിയോടെ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിരുന്നു. “സൂര്യകുമാർ യാദവ് വളരെ പക്വതയോടെ കളിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. സ്ലോ ട്രാക്കിൽ ഏതുതരത്തിൽ കളിക്കണമെന്ന കാര്യം എല്ലാ യുവതാരങ്ങൾക്കും കാണിച്ചു കൊടുക്കാൻ സൂര്യയ്ക്ക് മത്സരത്തിൽ സാധിച്ചിരുന്നു. ഒരുതരത്തിലും പേസ് ഇല്ലാത്ത പിച്ചിലാണ് സൂര്യ ഇത്ര മികച്ച പ്രകടനം കാഴ്ചവച്ചത്. കൃത്യമായി ക്രീസിൽ നിന്നിറങ്ങി ഷോട്ടുകൾ കളിക്കാനും, ക്രീസ് നന്നായി ഉപയോഗിക്കാനും സൂര്യയ്ക്ക് മത്സരത്തിൽ സാധിച്ചു.”- റായിഡു കൂട്ടിച്ചേർക്കുന്നു.
“ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാർക്കെതിരെയാണ് സൂര്യകുമാർ യാദവ് കൃത്യമായി ആംഗിളുകൾ നിർമ്മിച്ചത്. ഇത്തരം ഷോട്ടുകൾ തന്നെയാണ് അവനെ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററാക്കി മാറ്റുന്നതും. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്വന്റി20 ബാറ്ററാണ് സൂര്യകുമാർ യാദവ്.”
”ഏത് സാഹചര്യത്തിലും ആക്രമണപരമായ രീതിയിൽ തന്നെ മത്സരം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നത് അവന്റെ കഴിവാണ്.”- റായുഡു പറഞ്ഞുവെക്കുന്നു. നിലവിൽ ബംഗ്ലാദേശിനെതിരെ സൂപ്പർ 8ലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങാൻ തയ്യാറായിരിക്കുകയാണ് ഇന്ത്യ.