ഏഷ്യകപ്പിൽ ആരെയൊക്കെ കളിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ജഡേജയുടെ തുറന്നുപറച്ചിൽ.

2023 india vs west indies

വെസ്റ്റിൻഡീസിനെതിരായ മൂന്ന് ഏകദിനങ്ങളിലും വളരെയധികം പരീക്ഷണങ്ങളുമായി ആയിരുന്നു ഇന്ത്യൻ ടീം മൈതാനത്ത് ഇറങ്ങിയത്. മൂന്നു മത്സരങ്ങളിലും രോഹിത് ശർമയേയും കോഹ്ലിയെയും പോലെയുള്ള സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് ഇന്ത്യ ശ്രമിച്ചത്. അതിന്റെ ഫലമായി രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയമറിയുകയും ചെയ്തു. എന്നിരുന്നാലും മൂന്നാം മത്സരത്തിൽ ഒരു ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ യുവനിര കരുത്ത് തെളിയിക്കുകയുണ്ടായി.

എന്നാൽ ഇത്തരത്തിൽ ഇന്ത്യ സീനിയർ താരങ്ങളെ മാറ്റിനിർത്തി യുവ താരങ്ങൾക്ക് അവസരങ്ങൾ നൽകുന്നതിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. നിർണായകമായ മത്സരങ്ങളിൽ രോഹിത് ശർമയെയും കോഹ്ലിയെയുമടക്കം മാറ്റി നിർത്തുന്നത് ഇന്ത്യയെ ബാധിക്കും എന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇപ്പോൾ.

ഏഷ്യാകപ്പിനും ലോകകപ്പിനും മുൻപായി നടക്കുന്ന പരമ്പര എന്ന നിലയിൽ ഒരുപാട് പരീക്ഷണങ്ങൾ തങ്ങൾക്ക് ചെയ്യാൻ ലഭിച്ച അവസരമാണ് വിൻഡീസ് പര്യടനം എന്നാണ് ജഡേജ പറയുന്നത്. “ഇത് ഏഷ്യാകപ്പിനും ലോകകപ്പിനും തൊട്ടു മുൻപായി നടക്കുന്ന പരമ്പരയാണ്. പുതിയ കോമ്പിനേഷനുകൾ കണ്ടെത്തുന്നതിനായി ഞങ്ങൾക്ക് ഇവിടെ പരീക്ഷണങ്ങൾ നടത്തിയേ മതിയാകൂ. ഇത്തരം പരീക്ഷണങ്ങൾ ടീമിന്റെ സന്തുലിതാവസ്ഥയെ സംബന്ധിച്ച് കൃത്യമായ ഒരു ആശയം നമുക്ക് നൽകും. ടീമിന്റെ ശക്തിയും വീക്ക്നെസ്സും മനസ്സിലാക്കാൻ സഹായിക്കും.”- ജഡേജ പറഞ്ഞു.

Read Also -  വിരാടും ഹാർദിക്കും ലോകകപ്പിൽ വേണ്ട. സഞ്ജു കളിക്കണം. സഞ്ജയ്‌ മഞ്ജരേക്കറുടെ ടീം ഇങ്ങനെ.

ഒപ്പം നായകനും ടീം മാനേജ്മെന്റിനും ഏതു കോമ്പിനേഷൻ ഏഷ്യാകപ്പിൽ കളിക്കണം എന്ന പൂർണമായ ബോധ്യമുണ്ടെന്നും ജഡേജ പറയുകയുണ്ടായി. “ഏഷ്യാകപ്പിൽ ഏതു കോമ്പിനേഷനാണ് പുറത്തെടുക്കേണ്ടത് എന്ന കാര്യത്തിൽ ക്യാപ്റ്റനും ടീം മാനേജ്മെന്റിനും കൃത്യമായ ധാരണയുണ്ട്. അക്കാര്യത്തിൽ മറ്റൊരു സംശയവും നിലനിൽക്കുന്നില്ല. ഏഷ്യാകപ്പിൽ ഏതു കോമ്പിനേഷൻ കളിക്കണം എന്ന കാര്യം ഞങ്ങൾ നേരത്തെ തീരുമാനിച്ചു. അതിനുമുമ്പ് തന്നെ ടീം മാനേജ്മെന്റ് അക്കാര്യത്തിൽ വ്യക്തത വരുത്തി. എന്നിരുന്നാലും ഒരു പ്രത്യേക കളിക്കാരനെ, അല്ലെങ്കിൽ ഒരു ബാറ്ററെ ഒരു ബാറ്റിംഗ് പൊസിഷനിൽ ഇറക്കി പരീക്ഷണങ്ങൾ നടത്തുകയാണ് ഞങ്ങൾ ഇപ്പോൾ.”- ജഡേജ കൂട്ടിച്ചേർത്തു.

“രണ്ടാം മത്സരത്തിലെ പരാജയത്തിൽ ഞങ്ങൾ യാതൊരു തരത്തിലും നിരാശരല്ല. പരീക്ഷണങ്ങൾ നടത്തിയത് കൊണ്ട് മാത്രമല്ല ആ മത്സരത്തിൽ പരാജയപ്പെട്ടത് എന്നാണ് ഞാൻ കരുതുന്നത്. ചില സമയങ്ങളിൽ സാഹചര്യങ്ങൾ നമുക്ക് പ്രതികൂലമായി വരും.” രവീന്ദ്ര ജഡേജ പറഞ്ഞുവയ്ക്കുന്നു. രണ്ടാം മത്സരത്തിൽ പരാജയം നേരിട്ടെങ്കിലും മൂന്നാം മത്സരത്തിൽ 200 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയത്. ഈ വിജയം ഇന്ത്യയ്ക്ക് വളരെയേറെ ആത്മവിശ്വാസവും നൽകുന്നുണ്ട്.

Scroll to Top