ഇന്ത്യ തോറ്റപ്പോഴാണ് ഞങ്ങൾ പാകിസ്ഥാൻകാർക്ക് സന്തോഷമായത്. പരിഹസിച്ച് അക്തർ.

2023 ഏഷ്യാകപ്പ് സൂപ്പർ നാലിലെ അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ പരാജയം ഏറ്റുവാങ്ങുകയുണ്ടായി. മത്സരത്തിൽ 6 റൺസിന്റെ അപ്രതീക്ഷിതമായ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടൂർണമെന്റിന്റെ ഫൈനലിലെത്താൻ സാധിച്ചെങ്കിലും ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പരാജയം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഈ പരാജയത്തിന്റെ പേരിൽ ഇന്ത്യൻ ടീമിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ശുഐബ് അക്തർ. ബംഗ്ലാദേശ് ടീമിനെ ഇന്ത്യ വളരെ ലാഘവത്തോടെയാണ് കണ്ടതെന്നും അത് പരാജയത്തിൽ വലിയ കാരണമായി എന്നും അക്തർ പറയുന്നു.

ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിന്റെ പരാജയം താൻ അടക്കമുള്ള പാകിസ്ഥാൻകാർക്ക് വലിയ ആശ്വാസമുണ്ടാക്കിയിട്ടുണ്ട് എന്നും അക്തർ പരിഹസിക്കുകയുണ്ടായി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തർ ഇക്കാര്യം വ്യക്തമാക്കിയത്. “ഇന്ത്യ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടു. ഏതു സൂചിക നോക്കിയാലും ഇതൊരു നാണംകെട്ട പരാജയം തന്നെയാണ്. എന്നാൽ ഇന്ത്യയെ കൂടുതൽ വിമർശിക്കാൻ സാധിക്കില്ല. കാരണം ബംഗ്ലാദേശും ഏഷ്യാകപ്പിലേക്ക് എത്തിയത് കളിച്ചു ജയിക്കാൻ തന്നെയാണ്. പക്ഷേ ശ്രീലയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടതോടെ പലരും വിമർശിക്കുന്നത് കണ്ടു. ശ്രീലങ്ക ഒരു ശരാശരി ടീമല്ല. അവർ ഏറ്റവും മികച്ച ടീമുകളിൽ ഒന്നുതന്നെയാണ്.”- അക്തർ പറയുന്നു.

“ഇന്ത്യ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടത് ഞാനടക്കമുള്ള പാകിസ്ഥാൻകാർക്ക് വലിയ ആശ്വാസം തന്നെ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യ ഈ പരാജയം ഒരു മുന്നറിയിപ്പായി എടുക്കേണ്ടതുണ്ട്. തുടർച്ചയായി കുറച്ചു മത്സരങ്ങൾ വിജയിച്ചു എന്നതിന്റെ പേരിൽ ഒരു ടീമിനെയും ചെറുതായി കാണാൻ ശ്രമിക്കരുത്. ബംഗ്ലാദേശ് ടീമിനോട് എനിക്ക് ബഹുമാനക്കുറവ് ഒന്നുമില്ല. എന്നിരുന്നാലും ഈ വിജയത്തിലൂടെ ബംഗ്ലാദേശ് വലിയൊരു പ്രസ്താവന തന്നെയാണ് ഇന്ത്യയ്ക്ക് മുൻപിൽ വച്ചിരിക്കുന്നത്.”- അക്തർ കൂട്ടിച്ചേർത്തു.

എന്നാൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളും മങ്ങലിലായി എന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിനെതിരെ അക്തർ പ്രതികരിച്ചിരുന്നു. ബംഗ്ലാദേശിനെതിരായ തോൽവി ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ ബാധിക്കുന്നില്ല എന്നാണ് അക്തർ പറയുന്നത്. ഇത് സാഹചര്യവശാൽ ഉണ്ടായ പരാജയമാണെന്നും ഇന്ത്യ ശക്തമായ ടീമാണെന്നും അക്തർ പറയുന്നു. എന്നിരുന്നാലും ലോകകപ്പിൽ ഒരു ടീമുകളെയും ചെറുതായി കാണാൻ സാധിക്കില്ല എന്നും അക്തർ പറഞ്ഞുവയ്ച്ചു.