അഞ്ചു വർഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ പതിനഞ്ചാം പതിപ്പിൽ ആദ്യ മൂന്നു മത്സരങ്ങളും തോറ്റു വിജയിക്കാൻ ആകാതെ നിൽക്കുകയാണ്. ഇത് തുടർച്ചയായി പത്താം വർഷമാണ് മുംബൈ ഇന്ത്യൻസ് ആദ്യമത്സരം തോറ്റു തുടങ്ങുന്നത്.
ഇപ്പോഴിതാ അവസാന ലാപ്പിൽ മുംബൈ ഇന്ത്യൻസ് പോയിൻ്റ് പട്ടികയിൽ കുതിച്ചുകയറുമെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ പേസർ ഷുഹൈബ് അക്തർ. ടൂർണമെൻറ് പുരോഗമിക്കുന്തോറും ടീം കൂടുതൽ ഒത്തിണക്കം നേടുമെന്നും അദ്ദേഹം പറഞ്ഞു.
“ടൂർണമെന്റിന്റെ അവസാന ഘട്ടങ്ങളിൽ അദ്ഭുതങ്ങള്‍ കാട്ടുന്ന ടീമാണു മുംബൈ. അതുകൊണ്ട് അവരെ ഇപ്പോഴേ വിലയിരുത്തുന്നത് ഉചിതമാകില്ല. ഒത്തിണക്കം കൈവരിക്കാൻ അവർക്കു സമയം ആവശ്യമാണ്. ടൂർണമെന്റിന്റെ മധ്യത്തിലാണ് അവർ സാധാരണ ഒത്തിണക്കം കൈവരിക്കുന്നത്. മുൻപുള്ള പല വർഷങ്ങളിലും ടൂർണമെന്റിൽനിന്ന് പുറത്തായിക്കഴിഞ്ഞു എന്നു തോന്നിച്ചതിനു ശേഷം എല്ലാവരെയും ഞെട്ടിച്ച ചരിത്രമുള്ള ടീമാണു മുംബൈ.
പല തവണ ഐപിഎൽ കിരീടവും നേടിയിട്ടുമുണ്ട്. അവരുടെ പക്കൽ ഒരുപാടു പണമുണ്ട്. അതു നീതികരിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമൊക്കെ അവർ ചെയ്യും എന്ന് എനിക്ക് ഉറപ്പാണ്. താരങ്ങൾക്കൊപ്പം അടിയുറച്ചു നിൽക്കുന്നവരാണു മുംബൈ ടീം മാനേജ്മെന്റ്. മുംബൈ ടീമിൽ എത്തിയതിനു ശേഷം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ലെങ്കിൽ ഫ്രാഞ്ചൈസി താരങ്ങൾക്കൊപ്പം ഉണ്ടാകും. മുംബൈയിൽ മികച്ച പ്രകടനം ഒട്ടേറെ താരങ്ങൾ ഇന്ത്യൻ ടീമിലെത്തിയിട്ടുമുണ്ട്”- അക്തർ പറഞ്ഞു.