ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണ് ഐപിഎൽ. ഐപിഎല്ലിലെ ആദ്യ സീസണിൽ പാകിസ്ഥാൻ താരങ്ങൾ കളിച്ചിരുന്നങ്കിലും ഇപ്പോൾ പാകിസ്ഥാൻ താരങ്ങളെ കളിപ്പിക്കുന്നില്ല. ഇന്ത്യ പാകിസ്ഥാൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്നാണ് പാക്കിസ്ഥാൻ താരങ്ങളെ ഐ പി എല്ലിൽ കളിക്കാൻ അനുവദിക്കാത്തത്.
ഇപ്പോഴിതാ പാക്കിസ്ഥാൻ താരം ബാബർ അസം ഐപിഎൽ ലേലത്തിൽ ഉണ്ടായാൽ 20 കോടി രൂപ വരെ ലഭിക്കും എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഷോയിബ് അക്തർ.
ഐപിഎല്ലിൽ പാകിസ്ഥാൻ കളിക്കാർ കളിക്കുകയാണെങ്കിൽ ലേലത്തിൽ പാക്ക് ക്യാപ്റ്റൻ ബാബർ അസമിന് 15-20 കോടി രൂപ വരെ ലഭിക്കുമെന്നാണ് അക്തർ പറഞ്ഞത്. പ്രഥമ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ച താരമാണ് അക്തർ. അക്തർ അടക്കം 11 പാകിസ്ഥാൻ താരങ്ങൾ ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്. ഷാഹിദ് അഫ്രീദി ആണ് ലേലത്തിൽ ഏറ്റവും വിലയേറിയ പാകിസ്ഥാൻ താരം. 2.17 കോടി രൂപയ്ക്ക് ഡെക്കാൻ ചാർജേഴ്സ് ആയിരുന്നു അന്ന് താരത്തിനെ സ്വന്തമാക്കിയത്.
“ഒരു ദിവസം വിരാട് കോഹ്ലിയും ബാബർ അസമും ഐപിഎല്ലിൽ ഓപ്പൺ ചെയ്യുന്നത് കാണാൻ വളരെ സന്തോഷം ആയിരിക്കും. എന്തൊരു ആവേശകരമായ നിമിഷമായിരിക്കും അത്. ലേലത്തിൽ 15 മുതൽ 20 കോടി രൂപ വരെ ബാബർ അസമിന് ലഭിക്കും. ലേലത്തിൽ ഏറ്റവും വിലയേറിയ പാക്ക് കളിക്കാരൻ അവനായിരിക്കും.”-അക്തർ പറഞ്ഞു.
ഏകദിന റാങ്കിങ്ങിലും ടീ-20 റാങ്കിങ്ങിലും ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. 73 മത്സരങ്ങളിൽ നിന്നും 2620 റൺസ് താരം ടീ-20 യിൽ നേടിയിട്ടുണ്ട്.