ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വമ്പൻ തോൽവിയാണ് ഇന്ത്യൻ ടീം ഏറ്റുവാങ്ങിയത്. 10 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല എന്നതാണ് ഇന്ത്യൻ ആരാധകരുടെ ഏറ്റവും വലിയ നിരാശ.
ഇപ്പോഴിതാ സെമിഫൈനലിലെ ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തെ ശക്തമായി വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഷോയിബ് അക്തർ. ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യയെ ഈ പരാജയം കാലങ്ങളോളം വേട്ടയാടും എന്നാണ് മുൻ പാക്കിസ്ഥാൻ താരം പറഞ്ഞത്.”ഈ പരാജയം ഇന്ത്യ അർഹിച്ചതാണ്. കാരണം ഫൈനൽ കളിക്കാനുള്ള ഒരു യോഗ്യതയും ഇന്ത്യയ്ക്കില്ല. അത്രക്കും മോശം പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് കാഴ്ചവെച്ചത്. ബൗളിങ്ങിലെ ഇന്ത്യയുടെ ദൗർബല്യവും ഇന്ന് തുറന്നു കാണപ്പെട്ടു.
ഇന്ത്യൻ പേസർമാർ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ സാഹചര്യങ്ങൾ അനുകൂലമാകണം. അല്ലാതെ അവർ അങ്ങനെ പന്തെറിയില്ല. ഇന്ന് അഡ്‌ലെയ്ഡിലെ പോരാട്ടത്തിൽ പേസർമാർക്ക് മികച്ച സാഹചര്യമായിരുന്നു. എന്നാൽ മികച്ച ഒരു എക്സ്പ്രസ് ബൗളർ ഇല്ലാത്തതിനാൽ ഇന്ത്യയ്ക്ക് സാഹചര്യം മുതലെടുക്കാൻ സാധിച്ചില്ല. എനിക്ക് മനസ്സിലാകാത്ത കാര്യമാണ് ഒരു മത്സരത്തിൽ പോലും ചാഹലിനെ ഇന്ത്യ കളിപ്പിക്കാതിരുന്നത്. ഇന്ത്യയുടെ ടീം സെലക്ഷൻ മൊത്തത്തിൽ ആശയ കുഴപ്പമായിരുന്നു.
ടോസ് നഷ്ടമായപ്പോൾ തന്നെ ഇന്ത്യ തലകുനിച്ചിരുന്നു. ഇംഗ്ലണ്ട് താരങ്ങൾ ആദ്യ അഞ്ചോവറിൽ അടിച്ചു തകർത്തപ്പോൾ തന്നെ ഇന്ത്യ പരാജയം ഉറപ്പിച്ചു. ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ബട്ട്ലർക്കും ഹെയ്ല്സിനുമെതിരെ വ്യത്യസ്ത രീതിയിൽ പന്ത് എറിയുവാൻ ബൗളർമാർ ശ്രമിച്ചതേയില്ല. എൻറെ അഭിപ്രായത്തിൽ അധികം വൈകാതെ ഹർദിക് പാണ്ഡ്യ നായകനായി വരണം. ഹർദിക് ആണ് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. വൈകാതെ തന്നെ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായി അവൻ എത്തുമെന്ന് പ്രതീക്ഷിക്കാം.”- അക്തർ പറഞ്ഞു.