ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസറ്റ് മത്സരത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർ ആകാശ് ദീപ് കളിക്കില്ല. പരിക്കിന്റെ സാഹചര്യത്തിലാണ് ആകാശ് ദീപിനെ ഇന്ത്യ അവസാന ടെസ്റ്റ് മത്സരത്തിൽ പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനം ഇന്ത്യക്കായി കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിരുന്നു.
ഇപ്പോൾ താരത്തിന് പുറംവേദന വന്നതിന് പിന്നാലെയാണ് ഇത്തരത്തിൽ മാറ്റിനിർത്തുന്നത് എന്ന് ഗൗതം ഗംഭീർ പത്രസമ്മേളനത്തിൽ പറഞ്ഞു. ബ്രസ്ബെയ്നിലും മെൽബണിലും മികച്ച ബോളിംഗ് പ്രകടനമായിരുന്നു ആകാശ് ദീപ് കാഴ്ചവച്ചത്. എന്നിരുന്നാലും ഇന്ത്യൻ ഫീൽഡർമാർ പലതവണ ക്യാച്ചുകൾ കൈവിട്ട സാഹചര്യത്തിൽ വേണ്ട രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
ഇതുവരെ ഈ പരമ്പരയിൽ 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകളാണ് ആകാശ് ദീപ് സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ ആകാശ് ദീപിന്റെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കുമെന്നത് ഉറപ്പാണ്. അവസാന ടെസ്റ്റ് മത്സരത്തിൽ എന്ത് വിലകൊടുത്തും വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങാനിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആകാശ് ദീപിനെ പോലെ ഒരു ബോളുകൾക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് ശ്രമകരമായ ദൗത്യം തന്നെയാണ്. ഹർഷിത് റാണ, പ്രസീദ് കൃഷ്ണ എന്നീ താരങ്ങളാണ് നിലവിൽ ആകാശ് ദീപിന് പകരക്കാരായി ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്താൻ സാധ്യതയുള്ളവർ.
മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ ഇപ്പോൾ നിശ്ചയിച്ചിട്ടില്ല എന്നാണ് ഗൗതം ഗംഭീർ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പ്രധാനമായും പിച്ചിന്റെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയ ശേഷമാവും അവസാന പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുക എന്നാണ് ഗംഭീർ കൂട്ടിചേർത്തത്. 28കാരനായ ആകാശ് ദീപ് കഴിഞ്ഞ സമയങ്ങളിലൊക്കെയും ഓസ്ട്രേലിയൻ സാഹചര്യത്തിൽ ഒരുപാട് കഠിന പ്രയത്നങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇത്തരത്തിൽ ജോലിഭാരത്തിൽ വന്ന വർധനവാണ് ഇത്തരമൊരു പരിക്കിന് കാരണമായത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആകാശ് ദീപ് ഒഴികെയുള്ള മറ്റു ബോളർമാർക്ക് ആർക്കും നിലവിൽ ബുമ്രയ്ക്ക് ആവശ്യമായ പിന്തുണ നൽകാൻ സാധിച്ചിട്ടില്ല. അതിനാൽ സിഡ്നിയിൽ ഇന്ത്യ ഏത് താരത്തെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തുമെന്ന് കണ്ടറിയേണ്ടതാണ്. ജനുവരി 3നാണ് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. എല്ലാ തരത്തിലും ഇന്ത്യയെ സംബന്ധിച്ച് നിർണായകമായ ടെസ്റ്റ് മത്സരമാണ് നടക്കാൻ പോകുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കൂ.