ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം സീസണിലെ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസ് താരം കുൽദീപ് യാദവ് കാഴ്ചവച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ നടുവൊടിച്ച ബൗളിംഗ് ആയിരുന്നു കുൽദീപിൻ്റെത്. മത്സരത്തിൽ മൂന്ന് ഓവറിൽ 14 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ, സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ, ബാബ ഇന്ദ്രജിത്ത് എന്നീ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഇത് രണ്ടാം തവണയാണ് ഈ സീസണിൽ ഒരു മത്സരത്തിൽ താരം നാല് വിക്കറ്റുകൾ സ്വന്തമാക്കുന്നത്. 17 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ്പ് മത്സരത്തിൽ രണ്ടാം സ്ഥാനത്താണ് താരം. ഈ സീസണിൽ ഡൽഹി വിജയിച്ച 4 മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് ആണ് കുൽദീപ് യാദവ്. എന്നാൽ ഇന്നലത്തെ മത്സരത്തിൽ ഒരു ക്യാപ്റ്റനും ചെയ്യാത്ത കാര്യം ചെയ്തിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷബ് പന്ത്.
മൂന്ന് ഓവർ മാത്രം എറിഞ്ഞ് നാലു വിക്കറ്റും സ്വന്തമാക്കിയ കുൽദീപ് യാദവിന് നാലാമത്തെ ഓവർ എറിയാൻ പന്ത് അവസരം നിഷേധിക്കുകയായിരുന്നു. താരത്തിന് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കാൻ ഉള്ള സുവർണാവസരമാണ് പന്തിൻ്റെ മോശം തീരുമാനത്തെത്തുടർന്ന് നഷ്ടമായത്.
എന്തുകൊണ്ടാണ് ഒരു ഓവർ കുൽദീപ് യാദവിന് നൽകാതിരുന്നത് എന്ന് ചർച്ചയാവുകയാണ് ഇപ്പൊൾ. ഇത് ഈ സീസണിലെ ഏറ്റവും വലിയ ദുരൂഹത ആണെന്നാണ് മുൻ താരം ആകാശ് ചോപ്ര വിലയിരുത്തുന്നത്.
“കുൽദീപ് മത്സരത്തിൽ തിളങ്ങുന്നത് നമ്മൾ കണ്ടു. എന്റെ പ്ലെയർ ഓഫ് ദി മാച്ച് കുൽദീപ് യാദവ് ആണ്. മൂന്ന് ഓവർ മാത്രം പന്തെറിഞ്ഞ അദ്ദേഹം വെറും 14 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. എന്തിനാണ് അദ്ദേഹത്തിന് മൂന്ന് ഓവർ മാത്രം നൽകി ഒതുക്കിയത്. കുൽദീപിന് പരിക്കേറ്റിരുന്നോ. ഇല്ല. എനിക്കറിയില്ല. എന്തുകൊണ്ടാണിത്. എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ.”- ആകാശ് ചോപ്ര പറഞ്ഞു.
എന്തുകൊണ്ടാണ് കുല്‍ദീപ് യാദവിനു പിന്നീട് ബോള്‍ ചെയ്യാന്‍ നല്‍കാഞ്ഞത് എന്ന് പന്ത് വിശിദീകരിച്ചിരുന്നു. ‘ഞാന്‍ അദ്ദേഹത്തിന് (കുല്‍ദീപിന്) അവസാന ഓവര്‍ നല്‍കാമെന്നാണ് കരുതിയത്. പക്ഷേ പന്ത് നനഞ്ഞതായി അനുഭവപ്പെട്ടു. അതോടെ ഞാനെന്റെ തീരുമാനം മാറ്റുകയും അതുകൊണ്ടാണ് ഞാന്‍ ഫാസ്റ്റ് ബൗളര്‍മാരെ കൊണ്ടുവന്നത്, പക്ഷേ അത് വിജയിച്ചില്ല’ മത്സര ശേഷം റിഷഭ് പന്ത് പറഞ്ഞു.