ഇന്ത്യൻ ടീമിൽ വലിയ വലിയ അഴിച്ചുപണികളും പരീക്ഷണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 20-20 ലോകകപ്പിൽ സെമിഫൈനലിൽ പുറത്തായതോടെയാണ് യുവ താരങ്ങളെ കൂടുതൽ ഉൾപ്പെടുത്തി ഭാവിയിലേക്കുള്ള ടീമിനെ വാർത്തെടുക്കുവാൻ ഇന്ത്യ തുടങ്ങിയത്. ട്വൻ്റി ട്വൻ്റി ക്രിക്കറ്റിൽ നിലവിൽ ഇന്ത്യയെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്. മുതിർന്ന താരങ്ങളായ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും 20-20 ഭാവിയിൽ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ലെങ്കിലും ഇരുവർക്കും ഈ ഫോർമാറ്റിൽ ഇപ്പോൾ വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്രയുടെ വാക്കുകളാണ്. ജിയോ സിനിമയിലെ പുതിയ സ്പോർട്സ് പരിപാടിയായ ആകാശവാണിയിലാണ് മുൻ ഇന്ത്യൻ താരം ഇക്കാര്യം സംസാരിച്ചത്. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണ് അദ്ദേഹം പറയുന്നത്.”എല്ലാ ഫോർമാറ്റുകളിലും ഒരു ക്യാപ്റ്റൻ എന്ന രീതി ഇനി നമ്മൾ കാണും എന്ന് തോന്നുന്നില്ല. ആ ദിവസങ്ങൾ അവസാനിച്ചു എന്നാണ് തോന്നുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ രോഹിത് ശർമ തന്നെയായിരിക്കും നായകൻ. അതിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല. നിലവിൽ ട്വന്റി-20യിലെ നായകനായ ഹർദിക് പാണ്ഡ്യ തന്നെ 2024ൽ നടക്കുന്ന ലോകകപ്പ് വരെ തുടരും എന്നാണ് ഞാൻ കരുതുന്നത്. ഹർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ നായകൻ ആകുന്നത് നമുക്ക് കാണാം.
ഈ വർഷം നടക്കുന്ന ലോകകപ്പ് വരെ ഏകദിനത്തിൽ രോഹിത് ശർമ തന്നെ ഇന്ത്യയെ നയിക്കും. എന്നാൽ ഭാവിയിലേക്ക് എനിക്ക് തോന്നുന്നത് ഇന്ത്യയെ നയിക്കുക ഋഷബ് പന്ത് അല്ലെങ്കിൽ ശുബ്മാൻ ഗിൽ ആയിരിക്കും. ഭാവിയിലേക്കുള്ള ഇന്ത്യൻ ടീമിൻ്റെ നായകനാകുന്നതിൽ ആകുന്നതിൽ ഞാൻ തിരഞ്ഞെടുക്കുന്നത് ഇവരെ രണ്ടുപേരെയും ആണ്.”അദ്ദേഹം പറഞ്ഞു. നിലവിൽ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ് പന്ത്. അതേസമയം ഗില്‍ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുകയാണ്