ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിന മത്സരത്തിൽ നാല് വിക്കറ്റിന് വിജയം കരസ്ഥമാക്കി 20-20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്കു വേണ്ടി തകർപ്പൻ പ്രകടനമായിരുന്നു സ്പിന്നർ കുൽദീപ് യാദവ് പുറത്തെടുത്തത്.
എത്ര മികച്ച പ്രകടനം പുറത്തെടുത്താലും താരം അടുത്ത മത്സരത്തിൽ ടീമിൽ ഉണ്ടാകില്ല. ഇപ്പോഴിതാ ഈ ചീത്തപ്പേര് അടുത്തൊന്നും വിട്ടു പോകാൻ സാധ്യതയില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും അറിയുന്നത്. അടുത്ത മത്സരത്തിൽ ചഹൽ തിരിച്ചെത്തിയാൽ താരത്തിന്റെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.”കുൽദീപിന് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് ആകുവാൻ സാധിച്ചിരുന്നു.
എന്നാൽ അവനെ രണ്ടാം മത്സരത്തിൽ നിന്നും ഒഴിവാക്കി. ശ്രീലങ്കക്കെതിരെ ഇപ്പോൾ അവൻ നന്നായി കളിച്ചു. പക്ഷേ അതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. എനിക്ക് തോന്നുന്നത് ചാഹൽ തിരിച്ചെത്തിയാൽ അവൻ വീണ്ടും ടീമിന് പുറത്ത് പോകും എന്നാണ്. ഇന്ത്യൻ ടീമിൻ്റെ ഭാവി താരമാണ് കുൽദീപ്.”- അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ നിർണായകമായ 40 റൺസും എട്ട് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താഴത്തെ അടുത്ത മത്സരത്തിൽ നിന്നും ഒഴിവാക്കി. ഇത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴി വച്ചിരുന്നു. എന്നാൽ അന്ന് അതിന് കാരണം എന്താണെന്ന് നായകൻ രാഹുൽ വ്യക്തമാക്കിയിരുന്നു. പിച്ചിന് ഈർപ്പത്തിന്റെ അംശം ഉള്ളതിനാൽ ജയദേവ് ഉനദ്കട്ടിനെ ഉൾപ്പെടുത്തുകയാണെന്നാണ് അന്ന് രാഹുൽ പറഞ്ഞത്. എന്നാൽ മത്സര ശേഷം തങ്ങൾ എടുത്ത തീരുമാനം തെറ്റാണെന്ന് രാഹുൽ പറഞ്ഞു. മത്സരത്തിൽ കുൽദീപിനെ തങ്ങൾക്ക് മിസ്സ് ചെയ്തു എന്നായിരുന്നു രാഹുൽ അന്ന് പറഞ്ഞത്.