ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്ക് ശേഷം എട്ട് ഇന്ത്യ താരങ്ങൾ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങും. സഞ്ജു സാംസൺ, ശുബ്മാൻ ഗിൽ, ദീപക് ഹൂഡ, ചാഹൽ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, ഇഷാൻ കിഷൻ, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയിലേക്ക് മടങ്ങുക. പകരം സീനിയർ താരങ്ങളായ രോഹിത് ശർമ,വിരാട് കോഹ്ലി, കെഎൽ രാഹുൽ, മുഹമ്മദ് ഷമി, അക്സർ പട്ടേൽ എന്നിവർ ബംഗ്ലാദേശിലേക്ക് യാത്ര തിരിക്കും. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ടീം തിരഞ്ഞെടുത്ത ചേതൻ ശർമയോട് ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
“ന്യൂസിലാൻഡിനെതിരായ ഈ പരമ്പര അവസാനിച്ചാൽ എട്ട് ഇന്ത്യൻ താരങ്ങൾ തിരിച്ച് വീട്ടിലേക്ക് പോവുകയാണ്. ബാക്കിയുള്ളവർ ബംഗ്ലാദേശിലേക്ക് പോകും. ഒരു പരമ്പരയിൽ നിന്നും വേറെ ഒരു പരമ്പരയിലേക്ക് പോകുമ്പോൾ 12 താരങ്ങളെയാണ് മാറ്റിയിട്ടുള്ളത്. 11 പുതിയ താരങ്ങൾ ടീമിൽ ജോയിൻ ചെയ്യുകയും ചെയ്യും. സത്യസന്ധമായി നിങ്ങൾ ഒരാൾക്ക് വിശ്രമം അനുവദിക്കുന്നുണ്ടെങ്കിൽ അത് സൂര്യകുമാർ യാദവിന് ആയിരിക്കണം. അവൻ ഒരുപാട് കഷ്ടപ്പെട്ട് കളിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ എന്താണ് സഞ്ജു സാംസണിന്?
അവനും ബംഗ്ലാദേശിലേക്ക് പോകുന്നില്ല. ഇഷാൻ കിഷൻ പോകും. അവൻ ന്യൂസിലാൻഡിനെതിരെ 20-20 ടീമിലെ ഭാഗമായിരുന്നു. അവൻ ഏകദിന ടീമിൻ്റെ ഭാഗമായിരുന്നില്ല. പക്ഷേ സഞ്ജു ആയിരുന്നു. നിങ്ങൾക്ക് ഏകദിന ടീമിലെ ഈ ഒരുപാട് മാറ്റങ്ങൾ കാണുമ്പോൾ എന്താണ് തോന്നുന്നത്? ഇത് എങ്ങനെയാണ് നല്ല രീതിയിൽ ആവുക. നിങ്ങൾ എന്ത് ഉത്തരമാണ് ശുബ്മാൻ ഗിൽ, സഞ്ജു സാംസൺ, ദീപക് ഹൂഡ എന്നിവർക്ക് നൽകുക? നിങ്ങൾക്ക് കുൽദീപും ചാഹലും ഒന്നിച്ച് കളിക്കേണ്ടെങ്കിൽ പിന്നെ അവരെ എന്തിനാണ് ടീമിൽ തിരഞ്ഞെടുക്കുന്നത്?
നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവരെ കളിക്കാൻ അനുവദിക്കണം. രോഹിത്തും രാഹുലും കോഹ്ലിയും ടീമിലേക്ക് എന്തായാലും തിരിച്ചുവരണം. പക്ഷേ എന്ത് അടിസ്ഥാനത്തിലാണ് ഇഷാൻ കിഷനെ നിങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇല്ലായിരുന്ന അവനെ സഞ്ജുവിന് പകരം ടീമിലെടുത്തു. സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. രണ്ടാമത്തെ ഏകദിന മത്സരത്തിൽ സഞ്ജുവിന് പകരക്കാരനായി ഇറങ്ങിയ ഹുഡയേയും ബംഗ്ലാദേശിന് എതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആരൊക്കെയാണ് അപ്പോൾ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർമാർ? ഹൂഡക്ക് ടീമിൽ സ്ഥാനം നൽകിയില്ലെങ്കിൽ അവിടെ പ്രശ്നമുണ്ട്. സെലക്ടർമാർ എന്താണ് ചെയ്യുന്നത്?”- അദ്ദേഹം ചോദിച്ചു.