അഞ്ചു വർഷം ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ 2022ലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റു കൊണ്ടാണ് ഈ സീസൺ തുടക്കമിട്ടത്. ആദ്യ മത്സരത്തിൽ ഡൽഹിയോടും രണ്ടാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനോടുമാണ് മുൻ ചാമ്പ്യന്മാർ തോറ്റത്.
ഇപ്പോഴിതാ 2022 ഐപിഎല്ലിലെ ഏറ്റവും ദുർബലമായ ബൗളിങ് നിര മുംബൈ ഇന്ത്യൻസിൻ്റെയാണെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. ഇനി ഈ സീസണിൽ മുംബൈയുടെ ബോളിംഗ് നിര മെച്ചപ്പെടാൻ സാധ്യത തീരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ഉള്ളതിൽ വെച്ച് ഏറ്റവും മികച്ച ടീമിനെ തന്നെയാണ് അവർ ഇപ്രാവശ്യം അണിനിരത്തുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ.. “മുംബൈ ഇന്ത്യൻസിൻ്റെ കളി വിലയിരുത്തിയാൽ ഒരു കാര്യം മനസ്സിലാകും. അവരുടെ ടീം ദുർബലമാണ്. അവരുടെ ബോളിങ് അതീവ ദുർബലമാണ്. ടൂർണ്ണമെൻറിൽ ഇതിന് മാറ്റം ഉണ്ടാകാനും സാധ്യതയില്ല. കാരണം അവരുടെ പക്കലുള്ള ഏറ്റവും മികച്ച ബൗളിംഗ് നിരയും ഇതുതന്നെ. ഒരുവശത്ത് ജസ്പ്രീത് ബുംറ ഉണ്ട്. മറുവശത്ത് ആണ് മറ്റുള്ളവരെല്ലാം. രാജസ്ഥാൻ എതിരെ ബുംറ കാര്യമായി റൺസ് വഴങ്ങിയില്ല. മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
ടൈയ്മൽ മിൽസിനും മൂന്നു വിക്കറ്റ് കിട്ടി.മിൽസും അത്യാവശ്യം റൺസ് വഴങ്ങി. പക്ഷേ കുഴപ്പമില്ല. എന്നാൽ ഡാനിയൽ സാംസ് പന്ത് കൊണ്ട് എല്ലാ കളിയിലും അർധസെഞ്ചുറി അടിക്കുന്ന മട്ടാണ്. ഡൽഹിക്കെതിരായ ആദ്യമത്സരത്തിൽ മുരുകൻ അശ്വിൻ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രാജസ്ഥാൻ എതിരായ കളിയിലും കുഴപ്പമില്ല.കൂടുതൽ റൺസ് വഴങ്ങുന്നത് മൂലം ബേസിൽ തമ്പിയെ കൊണ്ട് നാലോവറിൽ തികച്ചും ബോൾ ചെയ്യിക്കാനാകാത്ത സ്ഥിതിയാണ്. രാജസ്ഥാനെതിരെ പൊള്ളാർഡ് വിക്കറ്റ് എടുത്തു.പക്ഷെ ഒരോവറിൽ അദ്ദേഹം വഴങ്ങിയത് 25 റൺസ് ആയിരുന്നു.”- ആകാശ് ചോപ്ര പറഞ്ഞു