കോഹ്ലിയും രോഹിതുമല്ല, അവനാണ് ഇന്ത്യയുടെ ലോകകപ്പിലെ ആയുധം. സെലക്ടർ അജിത് അഗാർക്കർ പറയുന്നു.

2023 ഏകദിന ലോകകപ്പ് ഒക്ടോബർ അഞ്ചിനാണ് ആരംഭിക്കുന്നത്. 2011 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യൻ മണ്ണിലേക്ക് ഒരു ഏകദിന ലോകകപ്പ് എത്തുന്നത്. അതിനാൽ തന്നെ വലിയ രീതിയിലുള്ള കിരീട പ്രതീക്ഷയാണ് ഇന്ത്യൻ ടീമിനുള്ളത്. 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനൽ ആയിരുന്നു ഇന്ത്യ പുറത്തായത്. എന്നാൽ സ്വന്തം തട്ടകത്തിലേക്ക് വരുമ്പോൾ കൂടുതൽ മികച്ച രീതിയിൽ പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും എന്നാണ് ഇന്ത്യ ടീമിന്റെ പ്രതീക്ഷ.

ഒരു തകർപ്പൻ സ്ക്വാഡ് തന്നെയാണ് ഇന്ത്യൻ ലോകകപ്പിനായി കെട്ടിപ്പടുത്തിരിക്കുന്നത്. വിരാട് കോഹ്ലിയും രോഹിത് ശർമയും നേതൃത്വം നൽകുന്ന ബാറ്റിംഗ് നിരയും, ബൂമ്രയും സിറാജും നേതൃത്വം നൽകുന്ന ബോളിങ് നിരയും ഇന്ത്യക്ക് കരുത്ത് പകരുന്നു. എന്നാൽ ഇന്ത്യൻ ടീമിന്റെ ലോകകപ്പിലെ പ്രധാന ആയുധത്തെ ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ സെലക്ടർ അജിത്ത് അഗാർക്കർ ഇപ്പോൾ.

വിരാട് കോഹ്ലി, ബൂമ്ര, രോഹിത് ശർമ, ഹർദിക് പാണ്ഡ്യ എന്നിവരെല്ലാം ടീമിലുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഈ ലോകകപ്പിലെ പ്രധാന ആയുധം സ്പിന്നർ കുൽദീപ് യാദവാണ് എന്ന് അജിത്ത് അഗാർക്കർ അഭിപ്രായപ്പെടുന്നു. കുൽദീപ് ഇത്തവണ ഇന്ത്യയുടെ പ്രധാന താരമായി മാറും എന്നാണ് അഗാർക്കർ വിശ്വസിക്കുന്നത്. “ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്നു ഞാൻ. അന്നുമുതൽ എനിക്ക് കുൽദീപ് യാദവിനെ നേരിട്ടറിയാം. വളരെയധികം പ്രത്യേകതകളുള്ള ഒരു താരമാണ് കുൽദീപ് യാദവ്.”- അജിത്ത് അഗാർക്കർ പറയുന്നു.

“ഇന്ത്യൻ താരങ്ങൾ എല്ലാവരും ടീം മാനേജ്മെന്റിൽ അങ്ങേയറ്റം വിശ്വാസം അർപ്പിക്കേണ്ടതുണ്ട്. കുൽദീപ് അങ്ങനെ വിശ്വാസം അർപ്പിച്ചതിന്റെ ഫലമാണ് ഇപ്പോൾ കരിയറിൽ ലഭിക്കുന്നത്. ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ ട്രംപ് കാർഡ് അവനാണ്. ഇത്തവണ കുൽദീപിനെ നേരിടുക എന്നതാണ് മറ്റു ടീമുകളിലെ താരങ്ങൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. ലോകകപ്പിലെ കുൽദ്ദീപിന്റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.”- അജിത്ത് അഗാർക്കർ പറയുന്നു. 2023 ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കായി ഒരു തകര്‍പ്പന്‍ ബോളിംഗ് പ്രകടനം തന്നെയായിരുന്നു യാദവ് കാഴ്ചവച്ചത്. ഏഷ്യാകപ്പിൽ 9 വിക്കറ്റുകൾ സ്വന്തമാക്കാൻ കുൽദീവ് യാദവിന് സാധിച്ചു.

ഇന്ത്യൻ സാഹചര്യങ്ങളിൽ സ്പിന്നിന് മുൻതൂക്കം ലഭിക്കുന്ന പിച്ചുകളിൽ കുൽദീപ് കൂടുതൽ അപകടകാരിയാവും എന്നാണ് അജിത്ത് അഗാർക്കർ പ്രതീക്ഷിക്കുന്നത്. വളരെ സവിശേഷതയുള്ള ബോളിംഗ് ശൈലിയാണ് കുൽദീപിന്റേത്. അതിനാൽ തന്നെ പന്തിന്റെ ദിശ മനസ്സിലാക്കാനും പന്തിനെ നേരിടാനും ഇന്ത്യൻ മണ്ണിൽ മറ്റു ബാറ്റർമാർക്ക് വലിയ ബുദ്ധിമുട്ട് കുൽദീപ് സൃഷ്ടിക്കും.

ഈ സാഹചര്യത്തിലാണ് ഇന്ത്യ തങ്ങളുടെ പ്രധാന സ്പിന്നറായി കുൽദീപിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. രവീന്ദ്രൻ ജഡേ, അക്ഷർ പട്ടേൽ എന്നിവരാണ് ഇന്ത്യൻ നിരയിലുള്ള മറ്റു സ്പിന്നർമാർ. എന്തായാലും ലോകകപ്പിൽ കുൽദീപ് തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷ.