2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണുന്നത് അജിങ്ക്യ രഹാനയുടെ ഒരു അപ്ഗ്രേഡഡ് വേർഷനാണ്. ഇതുവരെ തന്റെ കരിയറിൽ പിന്തുടർന്ന് മനോഭാവമല്ല രഹാനെ ചെന്നൈ സൂപ്പർ കിംഗ്സിനായി 2023 ഐപിഎല്ലിൽ പുറത്തെടുക്കുന്നത്. ക്രീസിലെത്തിയശേഷം പിച്ചിന്റെ സാഹചര്യങ്ങൾ വീക്ഷിക്കുകയും, അതിനുശേഷം മാത്രം വമ്പനടികൾക്ക് ശ്രമിക്കുകയുമായിരുന്നു കഴിഞ്ഞ കാലങ്ങളിൽ രഹാനെയിൽ കാണാൻ സാധിച്ചത്. എന്നാൽ ഇപ്പോഴുള്ള രഹാനെ അത്തരത്തിലല്ല. ക്രീസിലെത്തി ആദ്യബോൾ മുതൽ ബോളർമാർക്ക് മേൽ നിറഞ്ഞാടുകയാണ് രഹാനെ. ചെന്നൈ സൂപ്പർ കിംഗ്സിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലും ഈ താണ്ഡവം കാണുകയുണ്ടായി.
മത്സരത്തിൽ ഋതുരാജ് പുറത്തായ ശേഷമായിരുന്നു രഹാനെ ക്രീസിലെത്തിയത്. ആദ്യബോൾ മുതൽ അടിച്ചുതകർക്കാൻ തന്നെയാണ് രഹാനെ ശ്രമിച്ചത്. യാതൊരു തരത്തിലും കൊൽക്കത്ത ബോളർമാർക്ക് മുൻപിൽ രഹാനയുടെ മുട്ടുവിറച്ചില്ല. ഒരുവശത്ത് ക്ലാസിക് ഷോട്ടുകളും, മറുവശത്ത് ഇന്നോവേറ്റീവ് ഷോട്ടുകളും കൊണ്ട് രഹാനെ കളം നിറയുകയായിരുന്നു. ഉമേഷ് യാദവിനെതിരെ രഹാനെ നേടിയ ഇന്നോവേറ്റീവ് സിക്സും, അവസാന ഓവറുകളിൽ നേടിയ ചില ഷോട്ടുകളും യുവതാരങ്ങൾക്ക് പോലും ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. മത്സരത്തിൽ 24 പന്തുകളിലാണ് രഹാനെ അർധ സെഞ്ച്വറി പൂർത്തീകരിച്ചത്.
മാത്രമല്ല ശിവം ദുബെയ്ക്കൊപ്പം ചേർന്ന് മൂന്നാം വിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഒരു വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും രഹാനയ്ക്ക് സാധിക്കുകയുണ്ടായി. ഇന്നിംഗ്സിന്റെ അവസാനനിമിഷം വരെ രഹാനെ ക്രീസിൽ നിറഞ്ഞാടി. 29 പന്തുകളിൽ 71 റൺസാണ് രഹാനെ മത്സരത്തിൽ നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും 5 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. 244.83 ആയിരുന്നു രഹാനയുടെ സ്ട്രൈക്ക് റേറ്റ്. രഹാനെയുടെ ബലത്തിൽ മികച്ച ഒരു ഫിനിഷിംഗാണ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്കായി മുഴുവൻ ബാറ്റർമാരും നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. ആദ്യ വിക്കറ്റിൽ ഋതുരാജും കോൺവെയും ചേർന്ന് ചെന്നൈക്ക് മികച്ച തുടക്കം നൽകി. ശേഷമെത്തിയ രഹാനെയും അടിച്ചു തകർത്തതോടെ ചെന്നൈയുടെ സ്കോർ വർദ്ധിച്ചു. ഒപ്പം നാലാമനായിറങ്ങിയ ശിവം ദുബെ 21 പന്തുകളിൽ 50 റൺസ് നേടിയതോടെ ചെന്നൈ സ്കോർ 200 കടക്കുകയായിരുന്നു. ഒപ്പം അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ(18)യുടെ വെടിക്കെട്ട് കൂടിയായതോടെ ചെന്നൈ സ്കോർ നിശ്ചിത 20 ഓവറിൽ 235 റൺസിൽ എത്തി.