ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ബോളർമാരുടെ പട്ടികയിൽ ലെജൻഡ് താരം കപിൽദേവിനെ പിന്തള്ളി മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിൻ ഇപ്പോൾ. ഓസ്ട്രേലിയയുടെ ഇന്നിംഗ്സിൽ അലക്സ് കെയറിയെ പുറത്താക്കിയാണ് അശ്വിൻ ഈ നേട്ടം കൊയ്തത്. നിലവിൽ അനിൽ കുംബ്ലെയും ഹർഭജൻ സിംഗും മാത്രമാണ് അശ്വിന് മുകളിൽ ഈ ലിസ്റ്റിൽ ഉള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 356 മത്സരങ്ങളിൽ നിന്നായിരുന്നു കപിൽ ദേവ് 687 വിക്കറ്റുകൾ തന്റെ കരിയറിൽ നേടിയത്. നിലവിൽ 269ആം മത്സരം കളിക്കുന്ന അശ്വിൻ 689 വിക്കറ്റുകൾ നേടി കപിൽ ദേവിന്റെ ഈ നേട്ടം മറികടന്നിരിക്കുകയാണ്. 401 മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്കായി 953 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള അനിൽ കുബ്ലെയാണ് ലിസ്റ്റിലെ ഒന്നാമൻ. 365 മത്സരങ്ങളിൽ നിന്ന് 707 വിക്കറ്റുകൾ സ്വന്തമാക്കിയ ഹർഭജൻ സിങ് ലിസ്റ്റിൽ രണ്ടാമനായി തുടരുന്നു. നിലവിലെ ഫോമിൽ ഇവരെ മറികടക്കുക എന്നത് അശ്വിന് അത്ര അപ്രാപ്യമായ കാര്യമല്ല.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ അലക്സ് കെയറിയുടെ വിക്കറ്റ് സ്വന്തമാക്കിയാണ് അശ്വിൻ ഈ സുവർണ്ണ നേട്ടം കൊയ്തത്. കെയറിയുടെതടക്കം ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റുകൾ അശ്വിൻ നേടുകയുണ്ടായി. മത്സരത്തിൽ ഇന്ത്യ സമ്മർദ്ദ സാഹചര്യത്തിൽ നിൽക്കുമ്പോളായിരുന്നു അശ്വിന്റെ ഈ ഉഗ്രൻ പ്രകടനം. ഇതോടെ ഓസ്ട്രേലിയയുടെ ലീഡ് കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂർണമായും തകരുകയായിരുന്നു. മാത്യു കുനെമാന്‍ അഞ്ച് വിക്കറ്റുകൾ ഇന്നിങ്സിൽ നേടിയപ്പോൾ ഇന്ത്യ കേവലം 109 റൺസിന് ഓൾഔട്ട് ആവുകയാണ് ഉണ്ടായത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കെതിരെ 88 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഓസീസിന് സാധിച്ചിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഒരു വമ്പൻ സ്കോർ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ.