ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരിൽ മുന്നിൽ തന്നെയുള്ള താരമാണ് ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി. ക്രിക്കറ്റിൽ ഫോമിലായിരുന്ന കാലത്ത് ഒട്ടനവധി നിരവധി റെക്കോർഡുകൾ തിരുത്തി തൻ്റെ പേരിൽ ആക്കിയിട്ടുണ്ട് കോഹ്ലി. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി തൻ്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് താരം കടന്നു പോകുന്നത്.
രാജ്യാന്തര മത്സരങ്ങളിൽ നിറം മങ്ങിയ താരം ഐപിഎല്ലിലൂടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശ തന്നെയായിരുന്നു ഫലം. താരത്തിൻ്റെ ഈ മോശം ഫോം കണക്കിലെടുത്ത് ഒരുപാട് മുൻ താരങ്ങൾ താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിയാണ്. കോഹ്‌ലിക്ക് ആദ്യമൊക്കെ നമ്പർവൺ ആകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു എന്നും ഇപ്പോൾ കളിയോടുള്ള മനോഭാവം മാറിയെന്നുമാണ് ഷാഹിദ് അഫ്രീദി പറഞ്ഞത്.
“മനോഭാവമാണ് ക്രിക്കറ്റിൽ ഏറ്റവും പ്രധാനം. അതിനെക്കുറിച്ചാണ് ഞാൻ കൂടുതൽ സംസാരിക്കുന്നത്. ക്രിക്കറ്റിനോട് നിങ്ങൾക്ക് ആറ്റിറ്റ്യൂഡ് ഉണ്ടോ ഇല്ലയോ? കോഹ്ലിയുടെ ആദ്യത്തെ കരിയർ ഘട്ടങ്ങളിൽ അത് ഉണ്ടായിരുന്നു. ക്രിക്കറ്റിലെ നമ്പർവൺ ആകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതേ പ്രേരണത്തോടെ ആണോ അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നത്? ഇതാണ് എൻ്റെ ചോദ്യം.
അവന് ക്ലാസ്സുണ്ട്. പക്ഷേ വീണ്ടും നമ്പർവൺ ആകാൻ ആഗ്രഹമുണ്ടോ? അതോ ജീവിതത്തിൽ എല്ലാം നേടി എന്ന് അയാൾ കരുതുന്നുണ്ടോ? ഇപ്പോൾ വിശ്രമിച്ച് സമയം കളയണോ? ഇതെല്ലാം എത്തിപ്പെടുന്നത് മനോഭാവത്തെ കുറിച്ചാണ്.”- ഷാഹിദ് അഫ്രീദി പറഞ്ഞു. 70 സെഞ്ച്വറികൾ കരിയറിൽ നേടിയിട്ടുള്ള കോഹ്ലിക്ക് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഒരു സെഞ്ചുറി പോലും നേടാൻ സാധിച്ചിട്ടില്ല. എത്രയും പെട്ടെന്ന് താരം തൻ്റെ പ്രതാപകാലത്തെ ഫോമിലേക്ക് തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ആരാധകർ.