ശ്രീലങ്കയെ കിടുകിടാ വിറപ്പിച്ച് അഫ്ഗാൻ പോരാട്ടം. വിജയത്തിനടുത്ത് അഫ്ഗാൻ കുഴഞ്ഞുവീണത് 2 റൺസിന്.

366716

നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യന്മാരെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ കിടുകിടാ വിറപ്പിച്ചാണ് അഫ്ഗാനിസ്ഥാൻ കീഴടങ്ങിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 292 എന്ന വിജയലക്ഷ്യം 37.1 ഓവറിൽ മറികടന്നാൽ മാത്രമേ അഫ്ഗാനിസ്ഥാന് സൂപ്പർ നാലിലേക്ക് യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. ഇതിനായി അങ്ങേയറ്റം ആവേശം നിറഞ്ഞ പോരാട്ടമാണ് അഫ്ഗാനിസ്ഥാൻ നയിച്ചത്. എന്നാൽ മത്സരത്തിന്റെ നിർണായക സമയത്ത് ശ്രീലങ്ക തിരിച്ചെത്തിയതോടെ അഫ്ഗാനിസ്ഥാൻ കൂപ്പുകുത്തി വീഴുകയായിരുന്നു. മത്സരത്തിൽ രണ്ടു റൺസിന്റെ വിജയം ശ്രീലങ്ക സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ശ്രീലങ്ക സൂപ്പർ 4 റൗണ്ടിലേക്ക് യോഗ്യതയും നേടി.

നിർണായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ മത്സരത്തിൽ കൃത്യമായ ആധിപത്യം നേടിയെടുക്കാൻ ശ്രീലങ്കൻ ബാറ്റർമാർക്ക് സാധിച്ചു. നിസ്സംഗ(41) കരുണാരത്നെ(32) എന്നിവർ ആദ്യ വിക്കറ്റിൽ തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് ശ്രീലങ്കയ്ക്ക് നൽകി. ശേഷം മൂന്നാമനായി ക്രീസിലെത്തിയ കുശാൽ മെൻഡിസ് ക്രീസിൽ ഉറയ്ക്കുകയായിരുന്നു.

മത്സരത്തിൽ 84 പന്തുകൾ നേരിട്ട മെൻഡിസ് 92 റൺസാണ് നേടിയത്. ഇന്നിംഗ്സിൽ 6 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ ശ്രീലങ്കയുടെ വിക്കറ്റുകൾ പിഴുത് അഫ്ഗാനിസ്ഥാൻ തിരിച്ചുവരവ് നടത്തി. അവസാന ഓവറുകളിൽ വെല്ലലാഗെ(33), തീക്ഷണ(28) എന്നിവർ പോരാട്ടം നയിച്ചപ്പോൾ ശ്രീലങ്കൻ സ്കോർ 291 റൺസിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് വലിയ മാർജിനിൽ മത്സരം വിജയിക്കേണ്ടിയിരുന്നു. 292 എന്ന സ്കോർ 37.1 ഓവറിൽ മറികടന്നാൽ മാത്രമേ അഫ്ഗാനിസ്ഥാന് സൂപ്പർ ഫോർ റൗണ്ടിലേക്ക് യോഗ്യത നേടാൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷേ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് തന്നെ ഓപ്പണർമാരുടെ വിക്കറ്റ് അഫ്ഗാനിസ്ഥാന് നഷ്ടമായി. പിന്നീടെത്തിയ ഗുൽബദിൻ(22) റഹ്മത്തുമായി(45) തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് സൃഷ്ടിക്കുകയുണ്ടായി. ശേഷം നായകൻ ഷാഹിദി(56) കൂടി ക്രീസിൽ ഉറച്ചതോടെ അഫ്ഗാനിസ്ഥാൻ പ്രതീക്ഷകൾ ഉയർന്നു.

Read Also -  ഏഷ്യകപ്പിൽ പാകിസ്ഥാനെ തുരത്തി ഇന്ത്യൻ വനിതകൾ. മന്ദന - ഷഫാലി ഷോയിൽ 7 വിക്കറ്റ് വിജയം.

ആറാമനായി ക്രീസിലെത്തിയ മുഹമ്മദ് നബിയുടെ ഒരു ആറാട്ട് തന്നെയാണ് പിന്നീട് മത്സരത്തിൽ കണ്ടത്. എത്രയും വേഗം വിജയം കണ്ട് ഏഷ്യാകപ്പിന്റെ സൂപ്പർ ഫോറിൽ എത്താനുള്ള തിടുക്കം മുഹമ്മദ് നബിയിൽ നിന്നുണ്ടായി. ഒരു ട്വന്റി20 ക്രിക്കറ്റിന്റെ ആവേശത്തിലാണ് മുഹമ്മദ് നബി ബാറ്റ് വീശിയത്. മത്സരത്തിൽ 32 പന്തുകൾ നേരിട്ട നബി 65 റൺസാണ് നേടിയത്. 6 ബൗണ്ടറികളും 5 സിക്സറുകളും നബിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

അഫ്ഗാനിസ്ഥാനെ ഒരു ശക്തമായ നിലയിലെത്തിച്ച ശേഷമാണ് മുഹമ്മദ് നബി കൂടാരം കയറിയത്. മുഹമ്മദ് നബി പുറത്തായ ശേഷവും അഫ്ഗാൻ ബാറ്റർമാർ ആക്രമണം അഴിച്ചുവിടുകയുണ്ടായി. നജീബുള്ളയും(23) റാഷിദ് ഖാനും(27) ശ്രീലങ്കൻ ബോളർമാരെ നിരന്തരം ബൗണ്ടറി കടത്തി. എന്നാൽ അവസാന ഓവറുകളിൽ ശ്രീലങ്കൻ ബോളർമാർ നിരന്തരം വിക്കറ്റുകൾ സ്വന്തമാക്കിയതോടെ അഫ്ഗാന് നിശ്ചിത ഓവറുകളിൽ ശ്രീലങ്കൻ സ്കോർ മറികടക്കാൻ സാധിച്ചില്ല. മത്സരത്തിൽ 2 റൺസിന്റെ പരാജയമാണ് അഫ്ഗാൻ നേരിട്ടത്.

1 പന്തില്‍ 3 റണ്‍സ് വേണമെന്ന നിലയില്‍ മൂജീബ് റഹ്മാന്‍ പുറത്തായി. എന്നാല്‍ അടുത്ത 3 പന്തില്‍ സിക്സടിച്ചാല്‍ വിജയിക്കാം എന്ന കണക്ക് ഉണ്ടായിരുന്നു. എന്നാല്‍ പതിനൊന്നാമനായി എത്തിയ ഫസല്‍ഹഖ് ഫാറൂഖി മൂന്ന് പന്തും ബ്ലോക്ക് ചെയ്തു. മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു. മറുവശത്ത് നിരാശനായി നില്‍ക്കുകയായിരുന്നു റാഷീദ് ഖാന്‍

Scroll to Top