പിഎൻജിയെ തോൽപിച്ച് അഫ്ഗാൻ സൂപ്പർ 8ൽ. ന്യൂസീലാൻഡ് ആദ്യ റൗണ്ടിൽ തന്നെ പുറത്ത്.

afghan 2024

പിഎൻജിക്കെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ലോകകപ്പിന്റെ സൂപ്പർ എട്ടിൽ. മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ടൂർണമെന്റിലെ അഫ്ഗാനിസ്ഥാന്റെ തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതോടെ ഗ്രൂപ്പ് സീയിൽ നിന്ന് വെസ്റ്റിൻഡീസും അഫ്ഗാനിസ്ഥാനും സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

മാത്രമല്ല കരുത്തരായ ന്യൂസിലാൻഡ് ഇതോടെ ടൂർണമെന്റിന് പുറത്തായിട്ടുമുണ്ട്. മത്സരത്തിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയ ഫസൽ ഫറൂക്കിയാണ് അഫ്ഗാനിസ്ഥാനായി മികച്ച ബോളിങ്‌ പ്രകടനം കാഴ്ചവച്ചത്. ബാറ്റിംഗിൽ ഗുൽബുദീൻ നൈബ് മികവ് പുലർത്തിയപ്പോൾ അഫ്ഗാനിസ്ഥാൻ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേ ഓവറുകളിൽ തന്നെ പിഎൻജിയെ വരിഞ്ഞു മുറുകാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. പിഎൻജി നായകൻ വാലയെ പുറത്താക്കിയാണ് അഫ്ഗാനിസ്ഥാൻ ആരംഭിച്ചത്. ശേഷം തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കി ഫസൽ ഫറൂക്കി അഫ്ഗാനിസ്ഥാനെ മത്സരത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

മത്സരത്തിൽ 30 റൺസ് സ്വന്തമാക്കുന്നതിനിടെ പിഎൻജിയുടെ 5 വിക്കറ്റുകൾ സ്വന്തമാക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. ശേഷം പിഎൻജിക്കായി 27 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഡോറിഗ മാത്രമാണ് അല്പമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തത്.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

എന്നാൽ വാലറ്റ ബാറ്റർമാരും മികവ് പുലർത്താതിരുന്നതോടെ പിഎൻജിയുടെ ഇന്നിങ്സ് കേവലം 95 റൺസിൽ അവസാനിക്കുകയുണ്ടായി. മറുവശത്ത് അഫ്ഗാനിസ്ഥാനായി 4 ഓവറുകളിൽ 16 റൺസ് മാത്രം വിട്ടു നൽകിയ ഫസൽ ഫറൂക്കി 3 വിക്കറ്റുകൾ സ്വന്തമാക്കി. 4 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റുകൾ സ്വന്തമാക്കിയ നവീൻ ഉൾ ഹക്കും അഫ്ഗാനിസ്ഥാനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാന് ഓപ്പണർ സദ്രാന്റെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ശേഷം ഗുർബാസും മടങ്ങിയതോടെ(11) അഫ്ഗാനിസ്ഥാൻ പതറി.

പക്ഷേ മൂന്നാമതായി ക്രീസിലെത്തിയ ഗുൽബുദീൻ നൈബ് ക്രീസിലുറച്ചത് അഫ്ഗാനിസ്ഥാന് വലിയ ആശ്വാസമായി. തന്റേതായ രീതിയിൽ കരുതലോടെയാണ് നൈബ് കളിച്ചത്. മത്സരത്തിൽ 36 പന്തുകൾ നേരിട്ട നൈബ് 49 റൺസ് സ്വന്തമാക്കി. 4 ബൗണ്ടറികളും 2 സിക്സറുകളും നൈബിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ അഫ്ഗാനിസ്ഥാൻ കേവലം 15 ഓവറുകളിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 7 വിക്കറ്റുകൾക്കാണ് അഫ്ഗാനിസ്ഥാന്റെ ഈ വമ്പൻ വിജയം. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഇതുവരെ വളരെ മികച്ച ഒരു ലോകകപ്പ് തന്നെയാണ് നടക്കുന്നത്.

Scroll to Top