ലോ സ്കോറിങ്ങ് ത്രില്ലര്‍. ബംഗ്ലാദേശിനെ തോല്‍പ്പിച്ച് അഫ്ഗാന്‍ സെമിഫൈനലില്‍. ഓസ്ട്രേലിയ പുറത്ത്.

ബംഗ്ലാദേശിനെതിരെ ത്രില്ലിംഗ് വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ലോകകപ്പിന്റെ സെമി ഫൈനലിൽ. ആവേശകരമായ മത്സരത്തിൽ 8 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് കേവലം 115 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനെ പൂർണമായും എറിഞ്ഞിടാൻ അഫ്ഗാനിസ്ഥാൻ ബോളിങ്‌ നിരയ്ക്ക് സാധിച്ചു. അഫ്ഗാനിസ്ഥാനായി നവീൻ ഉൾ ഹക്കും റാഷിദ് ഖാനുമാണ് മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചത്. ഇരുവരും മത്സരത്തിൽ 4 വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. അഫ്ഗാനിസ്ഥാൻ സെമിഫൈനലിൽ ഇടം പിടിച്ചതോടെ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്തായിട്ടുണ്ട്.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ മെല്ലെയാണ് അഫ്ഗാനിസ്ഥാന്റെ ഓപ്പണർമാർ ആരംഭിച്ചത്. എന്നാൽ കൃത്യമായ രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്തുന്നതിൽ ഇരുവരും പരാജയപ്പെടുകയും ചെയ്തു.

ഗുർബാസ് 43 റൺസ് സ്വന്തമാക്കിയെങ്കിലും 55 പന്തുകളാണ് നേരിട്ടത്. ഇബ്രാഹിം സദ്രാൻ 29 പന്തുകളിൽ 18 റൺസാണ് നേടിയത്. ഇരുവരും പുറത്തായ ശേഷമെത്തിയ മറ്റു ബാറ്റർമാർക്കും കൃത്യമായി സ്കോറിങ് ഉയർത്താൻ സാധിച്ചില്ല. ഇതോടെ അഫ്ഗാനിസ്ഥാൻ പതറുന്നതാണ് മത്സരത്തിൽ കണ്ടത്.

പിന്നീട് അവസാന ഓവറുകളിൽ നായകൻ റാഷിദ് ഖാൻ മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. റാഷിദ് 10 പന്തുകളിൽ 19 റൺസ് സ്വന്തമാക്കുകയുണ്ടായി. 3 സിക്സറുകളാണ് റാഷിദിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഇങ്ങനെ കേവലം 115 റൺസിന് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഈ ലക്ഷ്യം 12.1 ഓവറിൽ മറികടന്നാൽ മാത്രമേ ബംഗ്ലാദേശിന് സെമിഫൈനലിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ ആക്രമണ മനോഭാവത്തോടെയാണ് ബംഗ്ലാദേശ് ബാറ്റർമാർ ക്രീസിലെത്തിയത്. പക്ഷേ ഒട്ടും പിന്നിലേക്ക് പോകാത്ത പ്രകടനമാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ കാഴ്ചവച്ചത്.

തുടക്കത്തിൽ തന്നെ ബംഗ്ലാദേശിന്റെ ഓപ്പണർ തൻസീദ് ഹസന്റെയും(0) നായകൻ ഷാന്റോയുടെയും(5) ഷക്കീബ് അൽ ഹസന്റെയും(0) വിക്കറ്റുകൾ സ്വന്തമാക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. എന്നാൽ ഒരുവശത്ത് ക്രീസിലുറച്ച ലിറ്റൻ ദാസ് പക്വതയാർന്ന പ്രകടനം പുറത്തെടുത്തു. ഇത് അഫ്ഗാനിസ്ഥാന്റെ സെമി പ്രതീക്ഷകളെ ബാധിച്ചിരുന്നു. മറുവശത്ത് ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും ബംഗ്ലാദേശ് കുതിക്കുന്നതാണ് കാണാൻ സാധിച്ചത്. പക്ഷേ 8 ഓവറുകൾക്ക് ശേഷം ബംഗ്ലാദേശ് ബാറ്റർമാർ തങ്ങളുടെ സ്കോറിംഗ് റേറ്റ് പതിഞ്ഞ താളത്തിലേക്ക് മാറ്റി.

ഇതോടെ ബംഗ്ലാദേശ് ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുമെന്ന കാര്യം ഉറപ്പായി. മറുവശത്ത് വിക്കറ്റുകൾ സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു. തുടർച്ചയായ പന്തുകളിൽ വിക്കറ്റുകൾ സ്വന്തമാക്കി റാഷിദ് ഖാൻ അഫ്ഗാനിസ്ഥാന് പ്രതീക്ഷകൾ നൽകി. അവസാന നിമിഷങ്ങളിൽ അഫ്ഗാനിസ്ഥാന്റെ സെമിഫൈനൽ പ്രതീക്ഷകൾക്ക് വിലങ്ങു തടിയായി നിന്നത് ലിറ്റൻ ദാസ് മാത്രമായിരുന്നു.

ezgif.com crop 2

അവസാന രണ്ട് ഓവറുകളിൽ 2 വിക്കറ്റുകൾ ശേഷിക്കെ 12 റൺസായിരുന്നു ബംഗ്ലാദേശിന് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഓവറിലെ നാലാം പന്തിൽ ടസ്കിൻ അഹമ്മദിനെ പുറത്താക്കി നവീൻ ഉൾ ഹഖ് അഫ്ഗാനെ വിജയത്തിലേക്ക് അടുപ്പിച്ചു. പിന്നാലെ അടുത്ത പന്തിൽ മുസ്തഫീസുറിനെയും പുറത്താക്കി അഫ്ഗാനിസ്ഥാൻ വിജയം സ്വന്തമാക്കുകയായിരുന്നു.

Previous articleഞാൻ നേടിയ വിക്കറ്റുകളുടെ ക്രെഡിറ്റ്‌ ആ താരത്തിനാണ് നൽകുന്നത്. അർഷദീപ് സിംഗ് കാരണം വ്യക്തമാക്കുന്നു.
Next articleമത്സരം സ്ലോ ചെയ്യാൻ കോച്ചിന്റെ നിർദ്ദേശം, മൈതാനത്ത് വീണ് പരിക്കഭിനയിച്ച് ഗുൽബദീൻ.