സൂപ്പര്‍ 8 ലെ സൂപ്പര്‍ പോരാട്ടം. ഓസ്ട്രേലിയയെ തോല്‍പ്പിച്ചു അഫ്ഗാന്‍. റണ്‍സിന്‍റെ വിജയം.

afghan vs australia 2024

ലോകകപ്പിന്റെ സൂപ്പർ 8ൽ ചരിത്രവിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ ടീം. കരുത്തരായ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചാണ് അഫ്ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചത്. ആവേശഭരിതമായ മത്സരത്തിൽ 21 റൺസിന്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ഓപ്പണർമാരുടെ തകർപ്പൻ അർദ്ധ സെഞ്ച്വറികളും ഗുൽദീൻ നൈബിന്റെ വെടിക്കെട്ട് ബോളിംഗ് പ്രകടനവുമാണ് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ വിജയത്തിലെത്തിച്ചത്.

മത്സരത്തിന്റെ ഒരു സമയത്ത് മാക്സ്വെൽ വീണ്ടും അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ വിലങ്ങുതടിയായി എത്തിയിരുന്നു. എന്നാൽ പക്വതയാർന്ന ബോളിങ് പ്രകടനത്തിലൂടെ അഫ്ഗാൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ അഫ്ഗാനിസ്ഥാൻ സെമിഫൈനൽ സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. മറുവശത്ത് ഓസ്ട്രേലിയയെ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പരാജയമാണ് മത്സരത്തിൽ നേരിട്ടിരിക്കുന്നത്.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് ദുഷ്കരമായ പിച്ചിൽ വളരെ കരുതലോടെയാണ് അഫ്ഗാനിസ്ഥാന്റെ ഓപ്പണർമാർ ആരംഭിച്ചത്. കൃത്യമായ രീതിയിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇരു ബാറ്റർമാരും മുൻപോട്ടു പോവുകയായിരുന്നു.

ആദ്യ വിക്കറ്റിൽ 118 റൺസിന്റെ വമ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗുർബാസിനും സദ്രാനും സാധിച്ചു. എന്നാൽ ഇവർക്ക് സ്കോറിങ് റേറ്റ് ഉയർത്താൻ സാധിക്കാതെ വന്നത് അഫ്ഗാനിസ്ഥാനെ ബാധിച്ചിരുന്നു. പതിനാറാം ഓവറിലാണ് അഫ്ഗാനിസ്ഥാന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. 49 പന്തുകളിൽ 60 റൺസ് നേടിയ ഗുർബാസിനെയാണ് ആദ്യം അഫ്ഗാനിസ്ഥാന് നഷ്ടമായത്. 4 ബൗണ്ടറികളും 4 സിക്സുകളും ഗുർബാസ് നേടിയിരുന്നു.

ശേഷം 48 പന്തുകളിൽ 51 റൺസ് നേടിയ സദ്രാനും കൂടാരം കയറിയതോടെ അഫ്ഗാനിസ്ഥാൻ തകർന്നു. അവസാന ഓവറുകളിൽ വേണ്ട രീതിയിൽ സ്കോറിങ് ഉയർത്താൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചില്ല. ഇങ്ങനെ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് 148 റൺസിൽ അവസാനിക്കുകയായിരുന്നു.

Read Also -  അവൻ ഇന്ത്യയെ സംബന്ധിച്ച് "ദൈവത്തിന്റെ സമ്മാനം" ഇന്ത്യൻ താരത്തെപ്പറ്റി അമ്പാട്ടി റായിഡു.

മറുവശത്ത് ഓസ്ട്രേലിയക്കായി കമ്മിൻസ് വീണ്ടും ഹാട്രിക് സ്വന്തമാക്കുകയുണ്ടായി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഈ ലോകകപ്പിൽ കമ്മിൻസ് ഹാട്രിക് നേടുന്നത്. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായി ഹാട്രിക് നേടുന്ന താരം എന്ന ബഹുമതി ഇതോടെ കമ്മീൻസിനെ തേടിയെത്തി. 3 വിക്കറ്റുകളാണ് കമ്മിൻസ് മത്സരത്തിൽ നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ ഞെട്ടിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.

അപകടകാരിയായ ട്രാവിസ് ഹെഡിന്റെ കുറ്റിപിഴുതാണ് നവീൻ ഉൾ ഹഖ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ഡേവിഡ് വാർണറും കൂടാരം കയറിയതോടെ ഓസ്ട്രേലിയ തകർന്നു. പിന്നീട് നാലാമനായി ക്രീസിലെത്തിയ മാക്സ്വെല്ലാണ് ഓസ്ട്രേലിയക്കായി പോരാട്ടം നയിച്ചത്. അഫ്ഗാനിസ്ഥാനും വിജയത്തിനും ഇടയിലുള്ള വിലങ്ങുതടിയായി മാക്സ്വെൽ പ്രവർത്തിച്ചു.

കൃത്യമായ രീതിയിൽ അഫ്ഗാൻ ബോളർമാരെ അടിച്ചുനിരത്താൻ മാക്‌സ്വെലിന് സാധിച്ചു. മാക്സ്വെൽ ക്രീസിലുണ്ടായിരുന്ന സമയത്ത് അഫ്ഗാനിസ്ഥാൻ വിജയത്തിൽ നിന്ന് അകലുകയായിരുന്നു. 41 പന്തുകൾ നേരിട്ട മാക്സ്വെൽ 59 റൺസാണ് മത്സരത്തിൽ നേടിയത്.

പക്ഷേ നിർണായകമായ സമയത്ത് മാക്സ്വെല്ലിനെ വീഴ്ത്തി ഗുൽബദീൻ അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ നൽകി. പിന്നീട് അഫ്ഗാനിസ്ഥാന് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. തങ്ങളുടേതായ രീതിയിൽ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ അഫ്ഗാനിസ്ഥാൻ ബോളിങ് നിരയ്ക്ക് സാധിച്ചു. ഇതോടെ ഓസ്ട്രേലിയ അടിപതറി വീഴുന്നതാണ് കണ്ടത്.

അഫ്ഗാനിസ്ഥാനായി ഗുൽബദീൻ നൈബാണ് ബോളിങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. 4 ഓവറുകൾ പന്തറിഞ്ഞ് ഗുൽബദിൽ 20 റൺസ് മാത്രം വിട്ടുനൽകിയാണ് 4 വിക്കറ്റുകൾ സ്വന്തമാക്കിയത്. നവീൻ 3 വിക്കറ്റുകളുമായി മികച്ച പിന്തുണയും നൽകി.

Scroll to Top