ബിഗ് ബാഷിൽ നോണ്‍ സ്ട്രൈക്ക് റണ്ണൗട്ടിന് ശ്രമിച്ച് നാണംകെട്ട് ഓസ്ട്രേലിയൻ സൂപ്പർ സ്പിന്നർ ആദം സാംപ. ഓസ്ട്രേലിയൻ ആഭ്യന്തര 20-20 ക്രിക്കറ്റ് ലീഗിൽ നോൺ സ്ട്രൈക്കറിങ് ബാറ്ററെയാണ് ഓസ്ട്രേലിയൻ സൂപ്പർ താരം പുറത്താക്കാൻ ശ്രമിച്ചത്. മെൽബൺ റെനഗേയ്‌ഡിസിന് വേണ്ടി കളിക്കുന്ന ടോം റോജേഴ്സിനെയാണ് സാംപ നടത്താൻ ശ്രമിച്ചത്.
നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ഉണ്ടായിരുന്ന റോജേഴ്സ് പന്ത് റിലീസ് ചെയ്യുന്നതിന് മുൻപ് ക്രീസിന് പുറത്തേക്കിറങ്ങി. എന്നാൽ സാംപയുടെ ബൗളിംഗ് ആക്ഷൻ പൂർത്തിയായിരുന്നു. അതുകൊണ്ടു തന്നെ അമ്പയറുടെ ആദ്യ പ്രതികരണം പന്ത് റിലീസ് ചെയ്തതിനാൽ ബാറ്റർ പുറത്തായെന്ന് വിധിക്കാൻ ആവില്ല എന്നായിരുന്നു.
തുടർന്ന് ടിവി അമ്പയറുടെ തീരുമാനവും അതു തന്നെയായിരുന്നു. അതോടെ റോജേഴ്സ് രക്ഷപ്പെടുകയായിരുന്നു. ഐ.പി.എല്ലിൽ മങ്കാദിങ് നടത്തി വാർത്തകളിൽ ഇടം നേടിയ താരമാണ് ആർ അശ്വിൻ. വരുന്ന ഐ.പി.എൽ സീസണിൽ ഇരുവരും രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് കളിക്കുന്നത്.
അതുകൊണ്ടു തന്നെ രാജസ്ഥാനെതിരെ കളിക്കുന്ന എല്ലാ ബാറ്റ്സ്മാൻമാരും നോൺ സ്ട്രൈക്കേഴ്സ് എൻഡീൽ നിൽക്കുമ്പോൾ ഒന്ന് പേടിക്കണം. അശ്വിനും സാംപയും ഒന്നിച്ച് കളിക്കാൻ ഇറങ്ങുമോ എന്ന കാര്യം സംശയമാണ്. രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസൺ ആണ്.