ഒറ്റക്കയ്യിൽ രാഹുലിന്റെ വണ്ടർ ക്യാച്ച്!! പറന്നെടുത്തത് നിർണായക വിക്കറ്റ്!!

image

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ഒറ്റക്കയ്യൻ അത്ഭുതക്യാച്ചുമായി കെ എൽ രാഹുൽ. ഓസീസിന്റെ വെടിക്കെട്ട് ബാറ്റർ ഉസ്മാൻ ഖവാജയെ പുറത്താക്കാനാണ് കെ എൽ രാഹുൽ ഈ വണ്ടർ ക്യാച്ച് സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് വലിയ ഭീഷണി തന്നെയായിരുന്നു ഖവാജ സൃഷ്ടിച്ചത്. ഇന്ത്യയുടെ സ്പിന്നർമാരെ വളരെ നന്നായി ഖവാജ ആക്രമിച്ചിരുന്നു. അതിനാൽ തന്നെ ഖവാജയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് ആശ്വാസമാണ്.

മത്സരത്തിൽ ജഡേജ എറിഞ്ഞ 46ആം ഓവറിലായിരുന്നു രാഹുൽ ഈ അത്ഭുത ക്യാച്ച് എടുത്തത്. ഓവറിലെ അവസാന പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് ടോസ് ചെയ്താണ് ജഡേജയെറിഞ്ഞത്. മികച്ച ആത്മവിശ്വാസത്തിൽ കളിച്ചിരുന്ന ഖവാജ പന്ത് റിവേഴ്സ് സ്വീപ് ചെയ്യാൻ ശ്രമിച്ചു. ഖവാജയുടെ പദ്ധതി പോലെ അത് ബാറ്റിൽ കൊള്ളുകയും ചെയ്തു. എന്നാൽ പോയിന്റിൽ നിന്ന രാഹുൽ ഒരു ഉഗ്രൻ പ്രകടനമാണ് കാഴ്ചവച്ചത്.

തന്റെ വലതുവശത്തേക്ക് സർവ്വശക്തിയുമെടുത്ത് രാഹുൽ ഡൈവ് ചെയ്തു. ശേഷം ഒറ്റക്കൈയിൽ പന്ത് കൈക്കലാക്കുകയാണ് ഉണ്ടായത്. ബാറ്റർ ഖവാജ പോലും രാഹുലിന്റെ ഈ ക്യാച്ചിൽ അത്ഭുതപ്പെട്ട് മൈതാനത്ത് കുറച്ച് സമയം തുടർന്നു. ജഡേജയുടെ ടെസ്റ്റ് കരിയറിലെ 250ആം വിക്കറ്റിന് കൂടെയാണ് ഈ ക്യാച്ച് കാരണമായത്. മത്സരത്തിലെ വലിയ ടെണിംഗ് പോയിന്റായി ഖവാജയുടെ വിക്കറ്റ് മാറും എന്ന് ഉറപ്പാണ്.

Read Also -  "ഇത്തവണ ഐപിഎൽ കിരീടം അവർ നേടും. അത്രയ്ക്ക് ശക്തരാണവർ." ഹർഭജൻ പറയുന്നു.

മത്സരത്തിലേക്ക് കടന്നുചെന്നാൽ ആദ്യ രണ്ടു സെഷനുകളിലും ഇരുടീമുകളുടെയും മാറിമാറിയുള്ള ആധിപത്യം തന്നെയാണ് കാണാൻ സാധിക്കുന്നത്. ഉസ്മാൻ ഖവാജ ഒരു വശത്ത് ഇന്ത്യൻ സ്പിന്നർമാരെ നന്നായി നേരിട്ടപ്പോൾ മറുവശത്ത് മികവ് പുലർത്താൻ ഇന്ത്യക്കും സാധിച്ചിട്ടുണ്ട്. കുറഞ്ഞ സ്കോറിന് തന്നെ ഓസ്ട്രേലിയയെ കൂടാരം കയറ്റാനാണ് ഇന്ത്യയുടെ ശ്രമം.

Scroll to Top