ഇത്തവണത്തെ ബോർഡർ- ഗവാസ്കർ ട്രോഫിയിൽ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്ര കാഴ്ചവച്ചത്. എന്നാൽ പരമ്പരയിൽ ബുമ്രയ്ക്ക് ആവശ്യമായ പിന്തുണ നൽകാൻ മറ്റു ബോളർമാർക്ക് സാധിച്ചില്ല. ഇത് ഓസ്ട്രേലിയൻ ബാറ്റർമാർക്ക് ഒരുപാട് ഗുണം ചെയ്തു. പരമ്പരയിലെ 5 ടെസ്റ്റ് മത്സരങ്ങളിലും ശരാശരിക്കും താഴെയുള്ള പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്.
ഇന്ത്യയുടെ മൂന്നാം സീമർമാരായ ഹർഷിത് റാണയും ആകാശ് ദീപും കൃത്യമായ സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കാതിരുന്നതാണ് ഇന്ത്യയുടെ പരമ്പരയിലെ പരാജയത്തിന് പ്രധാന കാരണം എന്ന് മുൻ ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീ പറയുന്നു.
“ഇന്ത്യയുടെ മൂന്നാം സീമർമാരുടെ പ്രകടനം വളരെ മോശമായിരുന്നു. ഹർഷിത് റാണയ്ക്കും ആകാശ് ദീപിനും ബോളിങ്ങിൽ 50ന് മുകളിലാണ് ശരാശരിയാണുള്ളത്. ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് സിറാജിനെയും വേണ്ട രീതിയിൽ പിന്തുണയ്ക്കാൻ ഈ ബോളർമാർക്ക് സാധിച്ചില്ല. ബൂമ്ര അവിശ്വസനീയ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പരമ്പരയിൽ സിറാജും ഇന്ത്യക്കായി തരക്കേടില്ലാത്ത ബോളിംഗ് പ്രകടനം നടത്തിയെന്നാണ് എനിക്ക് തോന്നുന്നത്. മറുവശത്ത് ഓസ്ട്രേലിയയുടെ മൂന്നാം സീമറായ സ്കോട്ട് ബോളണ്ട് തകർത്താടി. പരമ്പരയിലൂടനീളം ഇന്ത്യൻ ബാറ്റർമാർ താരത്തിനെതിരെ ബുദ്ധിമുട്ടി. 15 വിക്കറ്റുകളാണ് ബോളണ്ട് പരമ്പരയിൽ സ്വന്തമാക്കിയത്. ഇരു ടീമുകളും തമ്മിലുള്ള വലിയ വ്യത്യാസം മൂന്നാം സീമർ തന്നെയായിരുന്നു.”- ബ്രെറ്റ് ലീ പറയുന്നു.
ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷാമിയുടെ അഭാവമാണ് വലിയ പരാജയത്തിന് കാരണമായത് എന്നാണ് മുൻ ഇംഗ്ലണ്ട് താരമായ ഇസയുടെ അഭിപ്രായം. “പരമ്പരയിലുടനീളം ഇന്ത്യ മുഹമ്മദ് ഷാമിയുടെ അഭാവം വലിയ രീതിയിൽ അറിഞ്ഞു. മുൻപ് ഓസ്ട്രേലിയൻ മണ്ണിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ബൂമ്രയും സിറാജും ഷാമിയും ഓസ്ട്രേലിയയ്ക്ക് റൺസ് നേടാൻ ഒരു അവസരവും നൽകിയിരുന്നില്ല.”- സ്റ്റാർ സ്പോർട്സിൽ നടന്ന അഭിമുഖത്തിൽ ഇസ പറയുകയുണ്ടായി.
ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പറായ ദീപ് ദാസ് ഗുപ്തയുടെ അഭിപ്രായത്തിൽ കുൽദീപ് യാദവിന്റെ അഭാവവും ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. “ഓസ്ട്രേലിയയുടെ വാലറ്റ ബാറ്റർമാരെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഇന്ത്യയ്ക്ക് കുൽദീപ് യാദവിന്റെ സേവനവും ആവശ്യമായിരുന്നു. കുൽദീപിനെ പോലെയുള്ള കൈക്കൂഴ സ്പിന്നർമാർ ക്യാപ്റ്റൻമാർക്ക് വലിയ സുരക്ഷ തന്നെ നൽകിയേനെ.”- ഗുപ്ത പറഞ്ഞു. പരമ്പരയിലെ മോശം പ്രകടനം മൂലം ഇന്ത്യയ്ക്ക് വലിയ വില തന്നെയാണ് നൽകേണ്ടിവന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ എന്ന പ്രതീക്ഷ ഇതോടെ ഇന്ത്യയ്ക്ക് അസ്തമിക്കുകയായിരുന്നു.