“അക്രത്തിനും മഗ്രാത്തിനും മുകളിലാണ് ബുമ്ര, അടുത്ത ഇന്ത്യൻ നായകൻ”, മുൻ ഓസീസ് കോച്ച് പറയുന്നു.

ഇന്ത്യൻ പേസർ ബൂമ്രയെ അങ്ങേയറ്റം പുകഴ്ത്തി ഓസ്ട്രേലിയയുടെ മുൻ ഹെഡ് കോച്ച് ഡാരൻ ലേമാൻ. വസീം അക്രം, ഗ്ലെൻ മക്ഗ്രാത്ത് എന്നീ ഇതിഹാസ ബോളർമാരെക്കാൾ മികച്ച താരമാണ് ബൂമ്ര എന്നാണ് ലേമാൻ പറഞ്ഞിരിക്കുന്നത്. നിലവിൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ മികച്ച പ്രകടനങ്ങളാണ് ബൂമ്ര കാഴ്ച വെച്ചിട്ടുള്ളത്. ഇതുവരെ പരമ്പരയിൽ 4 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റുകൾ ഈ താരം സ്വന്തമാക്കി കഴിഞ്ഞു. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരവും ബൂമ്ര തന്നെയാണ്. ഇന്ത്യൻ ബോളിംഗ് നിരയെ ഒറ്റയ്ക്ക് നയിക്കുന്ന ബുമ്രയെ ഇപ്പോൾ അങ്ങേയറ്റം പ്രശംസിച്ചാണ് പരമ്പരയിൽ രംഗത്ത് എത്തിയത്. രോഹിത് ശർമയിൽ നിന്ന് ബൂമ്ര ക്യാപ്റ്റൻസി ഏറ്റെടുക്കണമെന്നും മുൻ താരം പറയുകയുണ്ടായി.

“രോഹിത് മത്സരം അവസാനിപ്പിച്ചതിന് ശേഷം ബൂമ്ര ഇന്ത്യയുടെ അടുത്ത നായകനായി എത്തുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ നായകൻ എന്ന നിലയിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ ബുമ്രയ്ക്ക് സാധിച്ചിരുന്നു. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച ബോളറാണ് ബൂമ്ര”- ലേമാൻ പറയുകയുണ്ടായി. 1999, 2003 ഏകദിന ലോകകപ്പിലെ ഓസ്ട്രേലിയയുടെ വിജയ ടീമുകളുടെ അംഗമായിരുന്നു ലേമാൻ. അതിനാൽ തന്നെ അക്രം, മഗ്രാത്ത് തുടങ്ങിയ ബോളർമാരെ നന്നായി അറിയാവുന്ന താരം കൂടിയാണ് ലേമാൻ. പക്ഷേ ഈ താരങ്ങൾക്ക് ബുമ്രയുടെ അത്ര ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നാണ് ലേമാൻ പറയുന്നത്.

“ഞാൻ വസീം അക്രത്തിനെ കണ്ടിട്ടുണ്ട്. ഗ്ലെന്‍ മഗ്രാത്തിനെയും എനിക്ക് നന്നായി അറിയാം. പക്ഷേ ബൂമ്രയെ പോലെ ഒരു പരമ്പരയിൽ ഇത്രമാത്രം ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന ബോളർമാരെ ഞാൻ കണ്ടിട്ടില്ല. 2013- 2014 ആഷസ് ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയുടെ മിച്ചൽ ജോൺസൺ ഇത്തരത്തിൽ ഇമ്പാക്ട് ഉള്ള പ്രകടനം കാഴ്ചവച്ചിരുന്നു. അതിന് ശേഷം ബൂമ്രയിലാണ് ഇത്തരമൊരു മികച്ച പ്രകടനം കാണുന്നത്. ഇതിനോടകം ഈ പരമ്പരയിൽ 30 വിക്കറ്റുകൾ സ്വന്തമാക്കാൻ അവന് സാധിച്ചു. അവിശ്വസനീയം തന്നെയാണ് അവൻ എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയെ നയിക്കാൻ ഒരു അവസരം ലഭിച്ചാൽ അവൻ നന്നായി തന്നെ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്.”- ലേമാൻ കൂട്ടിച്ചേർക്കുന്നു.

ഓസ്ട്രേലിയൻ ടീമിന്റെ ഭാവിയെപ്പറ്റിയും ലേമാൻ സംസാരിക്കുകയുണ്ടായി. “ഓസ്ട്രേലിക്കായി മികച്ച ബോളിംഗ് താരങ്ങൾ വളർന്നു വരുന്നുണ്ട്. ബ്രിസ്ബെയ്ൻ ഹീറ്റ് ടീമിൽ കളിക്കുന്ന ലാൻഡ്സ് മോറിസ്, സേവിയർ ബാർലറ്റ് എന്നിവർ ഇതിന് ഉദാഹരണമാണ്. സ്പിന്നർമാരും നിലവിൽ ഓസ്ട്രേലിയയ്ക്കുണ്ട്. എന്നാൽ ബാറ്റിംഗിലാണ് ഓസ്ട്രേലിയ ഭാവിയിൽ പ്രശ്നങ്ങൾ നേരിടാൻ പോകുന്നത്. കമ്മിൻസിനും സ്റ്റാർക്കിനും എത്രനാൾ കൂടി ഓസ്ട്രേലിയൻ ടീമിൽ തുടരാൻ സാധിക്കും എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. അടുത്ത ആഷസ് വരെ അവർ തുടരേണ്ടതും ഓസ്ട്രേലിയയുടെ ആവശ്യമാണ്.”- ലേമാൻ പറഞ്ഞുവയ്ക്കുന്നു.

Previous article“എനിക്ക് മടുത്തു. ഇനിയും മാറ്റമില്ലെങ്കിൽ സീനിയർ താരങ്ങളും പുറത്തിരിക്കും”, ഗംഭീറിന്റെ മുന്നറിയിപ്പ്.