സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി20 മത്സരത്തിൽ അഭിഷേക് ശർമയുടെ വെടിക്കെട്ട്. മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയാണ് അഭിഷേക് ശർമ കളം നിറഞ്ഞത്. ബാറ്റിംഗിന് പ്രതികൂലമായി ആരംഭിച്ച ഹരാരെ പിച്ചിൽ അഭിഷേകിന്റെ വെടിക്കെട്ടാണ് കാണാൻ സാധിച്ചത്.
മത്സരത്തിൽ പതിയെ തുടങ്ങിയ അഭിഷേക് ശർമ സിംബാബ്വെയുടെ മുഴുവൻ ബോളർമാരെയും പഞ്ഞിക്കിട്ടാണ് ഈ സെഞ്ച്വറി സ്വന്തമാക്കിയത്. തന്റെ രണ്ടാം മത്സരത്തിൽ തന്നെ സെഞ്ച്വറി സ്വന്തമാക്കിയ അഭിഷേക് ശർമയെ ഇന്ത്യൻ സഹതാരങ്ങൾ ഒക്കെയും അഭിനന്ദിക്കുകയുണ്ടായി.
Starting off in a way he is best known for 🔥🙌#SonySportsNetwork #ZIMvIND #TeamIndia | @IamAbhiSharma4 pic.twitter.com/10TXtOta1N
— Sony Sports Network (@SonySportsNetwk) July 7, 2024
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് നായകൻ ഗില്ലിന്റെ(2) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം വളരെ കരുതലോടെയാണ് ഋതുരാജും അഭിഷേക് ശർമയും ബാറ്റ് വീശിയത്. ഇരുവരും ആദ്യ 6 ഓവറുകളിൽ വിക്കറ്റുകൾ നഷ്ടമാവാതെ മുന്നോട്ട് നീങ്ങി.
പിന്നീട് അഭിഷേക് ശർമ പതിയെ വെടിക്കെട്ട് ആരംഭിക്കുകയായിരുന്നു. മധ്യ ഓവറുകളിൽ സിംബാബ്വെ ബോളർമാർക്കെതിരെ പൂർണമായ ആക്രമണമാണ് അഭിഷേക് പുറത്തെടുത്തത്. നേരിട്ട 33ആം പന്തിലാണ് അഭിഷേക് ശർമ തന്റെ അർത്ഥസെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കിയത്.
ശേഷം അഭിഷേക് തന്നെ വെടിക്കെട്ടിന്റെ വേഗത കൂട്ടുകയായിരുന്നു. മത്സരത്തിൽ പതിനൊന്നാം ഓവറിൽ 28 റൺസ് സ്വന്തമാക്കാൻ അഭിഷേകിന് സാധിച്ചു. 23 പന്തുകളിൽ 27 റൺസ് എന്ന നിലയിൽ നിന്ന് അഭിഷേകിന്റെ സ്കോർ വർദ്ധിക്കുകയായിരുന്നു. പിന്നീട് തുടർച്ചയായി 3 സിക്സറുകൾ സ്വന്തമാക്കി അഭിഷേക് തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറിയും സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ 46 പന്തുകളിൽ നിന്നാണ് ഇന്ത്യയുടെ യുവതാരം സെഞ്ചുറി സ്വന്തമാക്കിയത്. പല റെക്കോർഡുകളും മറികടക്കുന്ന സെഞ്ച്വറിയാണ് മത്സരത്തിൽ അഭിഷേക് നേടിയത്.
33 പന്തുകളിൽ അർദ്ധസെഞ്ച്വറി നേടിയ അഭിഷേക് അടുത്ത 13 പന്തുകളിൽ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. മത്സരത്തിൽ 47 പന്തുകളിൽ 100 റൺസ് ആണ് അഭിഷേക് സ്വന്തമാക്കിയത്. 7 ബൗണ്ടറികളും 8 സിക്സറുകളും അഭിഷേകിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. 212 എന്ന ഉയർന്ന സ്ട്രൈക് റേറ്റിലാണ് അഭിഷേകിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 എഡിഷനിൽ ഇതേപോലെ വെടിക്കെട്ടുകൾ തീർത്താണ് അഭിഷേക് ഇന്ത്യൻ ടീമിലേക്ക് സ്ഥാനം കണ്ടെത്തിയത്. ഇന്ത്യൻ യുവ ടീമിലും അഭിഷേക് ഇത് തുടരുന്ന കാഴ്ചയാണ് കാണുന്നത്.