ലോകകപ്പിലെ സൂപ്പർ-12 പോരാട്ടങ്ങൾക്ക് ശേഷം ഇന്നാണ് ആവേശമേറിയ സെമിഫൈനലിന് തുടക്കം കുറിക്കുന്നത്. ആദ്യ സെമിഫൈനലിൽ ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ന്യൂസിലാൻഡും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനും ആണ് ഏറ്റുമുട്ടുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും ഗ്രൂപ്പ് ഒന്നിൽ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഏറ്റുമുട്ടും
നാലു ടീമുകളും ശക്തരായതിനാൽ ആരായിരിക്കും കലാശ പോരാട്ടത്തിന് എത്തുക എന്ന് പ്രവചിക്കാൻ സാധ്യമല്ല. എന്നാൽ ലോക ക്രിക്കറ്റിലെ എല്ലാവരും കാത്തിരിക്കുന്നത് ഫൈനലിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം കാണാനാണ്. എന്നാൽ ഇരു ടീമുകൾക്കും അത്ര എളുപ്പത്തിൽ കരാശ പോരാട്ടത്തിൽ സ്ഥാനം നേടാൻ സാധിക്കില്ല. കളിക്കുന്നതിനൊപ്പം മഴയും കൂടെ കളിച്ചാൽ മത്സരഫലം എന്താകുമെന്ന് യാതൊരുവിധ ഉറപ്പുമില്ല. ഇപ്പോഴിതാ ആരൊക്കെയാണ് സെമിഫൈനലിൽ വിജയിക്കുക എന്നും, ഇത്തവണത്തെ കിരീടം ആര് ഉയർത്തുമെന്നും പ്രവചിച്ചുകൊണ്ട് രംഗത്തെത്തിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി ഡിവില്ലിയേഴ്സ്.
“എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടില്ല. പകരം ഇന്ത്യയും ന്യൂസിലാൻഡ് ആയിരിക്കും കലാശ പോരാട്ടത്തിൽ തമ്മിൽ ഏറ്റുമുട്ടുക. അതിൽ ഇന്ത്യ വിജയിച്ച് കപ്പ് ഉയർത്തും”- എ.ബി. ഡീ പറഞ്ഞു. ഇന്ത്യൻ സൂപ്പർ താരം സൂര്യ കുമാർ യാദവിനെയും താരം പ്രശംസിച്ചു.”ഇന്ത്യ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സൂര്യകുമാർ യാദവ് എന്നെ അത്ഭുതപ്പെടുത്തി. കോഹ്ലിയും മികച്ച പ്രകടനം
നടത്തിക്കൊണ്ടിരിക്കുമ്പോൾ രോഹിത് ഇതുവരെയും പ്രതീക്ഷിച്ച പ്രകടനത്തിലേക്ക് എത്തിയിട്ടില്ല. എന്നാൽ ഏത് സമയത്തും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവ് രോഹിത്തിനുണ്ട്. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ്ങ് നിരയിലെ എല്ലാവരും പ്രതിഭകളാണ്. ഇന്ത്യയുടെ ഏറ്റവും വലിയ പരീക്ഷണമാണ് ഇത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാൽ കിരീടം നേടാൻ ഇന്ത്യക്ക് സാധിക്കും.”- എ. ബി. ഡീ പറഞ്ഞു.