നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനാണ് സഞ്ജു സാംസൺ. 2022 സീസണിൽ രാജസ്ഥാനെ ടൂർണമെന്റിന്റെ ഫൈനലിൽ വരെ എത്തിക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. 2023ലും മികച്ച തുടക്കമാണ് നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും സഞ്ജു സാംസണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസി കഴിവിനെ പറ്റി സംസാരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. സഞ്ജു ക്യാപ്റ്റൻസിയിൽ അതുല്യമായ ഒരു കളിക്കാരനാണെന്നും, ഇത് തുടർന്നാൽ അയാൾക്ക് ഇന്ത്യയുടെ ദേശീയ ടീമിനെ നയിക്കാൻ സാധിക്കുമെന്നുമാണ് ഡിവില്ലിലയേഴ്സ് പറയുന്നത്.
“സഞ്ജുവിനെ നമ്മൾക്ക് എല്ലാവർക്കും അറിയാം. അയാൾ ഒരു അവിസ്മരണീയ കളിക്കാരനാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി മികച്ചതാണ്. അദ്ദേഹത്തിന്റെ നായകത്വത്തിൽ എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത് അയാളുടെ ശാന്തത തന്നെയാണ്. എല്ലായിപ്പോഴും സഞ്ജു ശാന്തനും തണുപ്പൻ മട്ടിലുള്ളവനും ആയിരിക്കും. അയാൾ യാതൊരു കാര്യത്തിനും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. ഒരു നായകൻ എന്ന നിലയിൽ അത് വളരെ നല്ല സൂചനകളാണ്.”- ഡിവില്ലിയേഴ്സ് പറഞ്ഞു.
“തന്ത്രപരമായി അയാൾ ഒരു നല്ല ക്യാപ്റ്റൻ തന്നെയാണ്. വരുംവർഷങ്ങളിലും തന്റെ ടെക്നിക്കുകളിൽ അയാൾക്ക് പുരോഗമനങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ജോസ് ബട്ലറെ പോലെയുള്ള കളിക്കാർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ അയാൾക്ക് കൂടുതൽ മെച്ചപ്പെടാൻ സാധിക്കും. ബട്ലർ എപ്പോഴും സഞ്ജുവിന് പരിഗണിക്കാവുന്ന ഒരു കളിക്കാരൻ തന്നെയാണ്. ബട്ലറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ സഞ്ജുവിന് പഠിക്കാനും ഉണ്ടാകും”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.
“ഒരു മികച്ച നായകനാകാനുള്ള എല്ലാ കാര്യങ്ങളും സഞ്ജുവിലുണ്ട്. വരും വർഷങ്ങളിൽ ഏതെങ്കിലും ഒരു ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ നായകനായി സഞ്ജു എത്തിയേക്കാം. അങ്ങനെയെത്തുന്ന പക്ഷം സഞ്ജുവിന്റെ ക്രിക്കറ്റും മികച്ചതായി മാറും. ക്യാപ്റ്റനായി അയാൾക്ക് ഒരുപാട് സമയം തുടരാൻ സാധിക്കുകയാണെന്നുണ്ടെങ്കിൽ അയാളുടെ ബാറ്റിങ്ങിനേയും അത് ഗുണം ചെയ്യും.”- ഡിവില്ലിയേഴ്സ് പറഞ്ഞുവയ്ക്കുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിലും മികച്ച പ്രകടനം തന്നെയാണ് സഞ്ജു സാംസൺ കാഴ്ചവയ്ക്കുന്നത്. സഞ്ജുവിന്റെ ഈ പ്രകടനങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.