ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആകാശ് ദീപ്. ഓരോവറിൽ 2 വിക്കറ്റ്. പിന്നാലെ ക്രോളിയുടെ കുറ്റിപിഴുതു.

aakash deep

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഞെട്ടിച്ച് അരങ്ങേറ്റക്കാരൻ ആകാശ് ദീപ്. മത്സരത്തിൽ ഒരു ഓവറിൽ തന്നെ ഇംഗ്ലണ്ടിന്റെ 2 മുൻനിര ബാറ്റർമാരെ പുറത്താക്കിയാണ് ആകാശ് ദീപ് തീയായി മാറിയത്. ശേഷം അപകടകാരിയായ ക്രോളിയെ ക്ലീൻ ബോൾഡാക്കാനും ആകാശിന് സാധിച്ചു.

തന്റെ അരങ്ങേറ്റ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരു സുന്ദരമായ വിക്കറ്റ് ആകാശിന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് നോബോളായി അമ്പയർ വിധിക്കുകയാണ് ഉണ്ടായത്. ഇതോടെ ആകാശ് നിരാശനായി. പക്ഷേ ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ പത്താം ഓവറിൽ 2 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ആകാശ് ദീപ് തന്റെ പ്രതിഭ തെളിയിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഓപ്പണർ ഡക്കറ്റിന്റെയും മൂന്നാമനായ ഒലി പോപ്പിന്റെയും വിക്കറ്റുകളാണ് തുടർച്ചയായി ആകാശ് സ്വന്തമാക്കിയത്.

പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു ആകാശ് ദീപ് ഡക്കറ്റിനെ കുടുക്കിയത്. ഗുഡ് ലെങ്ത്തിൽ വന്ന പന്തിനെ കൃത്യമായി നിർണയിക്കുന്നതിൽ ഡക്കറ്റ് പരാജയപ്പെടുകയായിരുന്നു. ഒരു പ്രതിരോധ ഷോട്ടിന് ഡക്കറ്റ് ശ്രമിച്ചെങ്കിലും കൃത്യമായി ചലനത്തോടെ വന്ന പന്ത് ഡക്കറ്റിന്റെ ബാറ്റിന്റെ എഡ്ജിൽ കൊണ്ട് കീപ്പർ ജൂറലിന്റെ കൈകളിൽ എത്തി.

ഈ സുന്ദരമായ പന്തിൽ ഡക്കറ്റ് പുറത്താവുകയും ചെയ്തു. ഇതോടെ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ് ആകാശ് ദീപിന് ലഭിച്ചു. മത്സരത്തിൽ 21 പന്തുകൾ നേരിട്ട് ഡക്കറ്റ് 11 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ ആശ്വാസമാണ് ഈ വിക്കറ്റ് നൽകിയത്.

ശേഷം രണ്ട് ബോളുകൾക്കപ്പുറം അടുത്ത വിക്കറ്റും സ്വന്തമാക്കാൻ ആകാശ് ദീപിന് സാധിച്ചു. ഇംഗ്ലണ്ടിന്റെ അപകടകാരിയായ ബാറ്റർ ഓലി പോപ്പിനെയാണ് ആകാശ് ദീപ് പുറത്താക്കിയത്. ഗുഡ് ലെങ്തിൽ വന്ന പന്ത് കൃത്യമായി തന്നെ മൂവ് ചെയ്ത് പോപ്പിന്റെ പാഡിൽ കൊള്ളുകയായിരുന്നു. എന്നാൽ അമ്പയർ ഇത് നോട്ട് ഔട്ട് വിധിക്കുകയും ചെയ്തു.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.

പക്ഷേ ഇന്ത്യ കൃത്യമായ രീതിയിൽ ആ തീരുമാനം റിവ്യൂ ചെയ്തു. ശേഷം റിപ്ലേയിൽ മൂന്ന് ചുവപ്പും തെളിഞ്ഞതോടെ അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു. മത്സരത്തിൽ ഒരു റൺസ് പോലും സ്വന്തമാക്കാൻ പോപ്പിന് സാധിച്ചില്ല. രണ്ടു പന്തുകൾ നേരിട്ട പോപ്പ് പൂജ്യനായാണ് മടങ്ങിയത്. അപകടകാരിയായ പോപ്പിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് മത്സരത്തിൽ ആധിപത്യം നൽകി.

ശേഷം പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ഇംഗ്ലണ്ടിന്റെ മറ്റൊരു ഓപ്പണറായ ക്രോളിയെ കൂടാരം കയറ്റാനും ആകാശിന് സാധിച്ചു. സിംഗ് ചെയ്ത് വന്ന പന്തിന്റെ ഗതി നിർണയിക്കാൻ സാധിക്കാതെ വന്ന ക്രോളി പൂർണ്ണമായും ആകാശിന് മുൻപിൽ പരാജയപ്പെടുകയായിരുന്നു.

ക്ലീൻ ബൗൾഡായാണ് ക്രോളി പുറത്തായത്. മത്സരത്തിൽ മറ്റു മാറ്റങ്ങൾ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ആകാശ് ദീപിനെ സംബന്ധിച്ച് ഒരു സ്വപ്നതുല്യമായ തുടക്കം തന്നെയാണ് കരിയറിന് ലഭിച്ചിരിക്കുന്നത്. ബൂമ്രയുടെ അഭാവത്തിലാണ് ആകാശ് ദീപിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചത്.

Scroll to Top