സഞ്ജു അവസരം മനസിലാക്കി കളിക്കണം, അല്ലെങ്കിൽ പണി കിട്ടും. മുന്നറിയിപ്പ് നൽകി ചോപ്ര.

20241005 213930

ബംഗ്ലാദേശിനെതിരെ ട്വന്റി20യിൽ മലയാളി താരം സഞ്ജു സാംസണിന് മികച്ച അവസരമാണ് ലഭിച്ചത്. ആദ്യ 2 മത്സരങ്ങളിലും അഭിഷേക് ശർമക്കൊപ്പം ഓപ്പണറായാണ് സഞ്ജു സാംസൺ മൈതാനത്ത് എത്തിയത്. ആദ്യ മത്സരത്തിൽ 19 പന്തുകളിൽ 29 റൺസ് നേടി മികച്ച തുടക്കം ഇന്ത്യയ്ക്ക് നൽകാൻ സഞ്ജുവിന് സാധിച്ചു.

എന്നാൽ രണ്ടാം മത്സരത്തിൽ 7 പന്തുകളിൽ 10 റൺസ് മാത്രം നേടിയ സഞ്ജു നിരാശപ്പെടുത്തി. അഭിഷേക് ശർമയും ഇത്തരത്തിൽ 2 മത്സരങ്ങളിലും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോൾ ഇന്ത്യൻ ഓപ്പണർമാരെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

സഞ്ജു സാംസനെയും അഭിഷേക് ശർമയേയും സംബന്ധിച്ച് ഇതൊരു സുവർണാവസരമാണ് എന്ന് ആകാശ് ചോപ്ര പറയുകയുണ്ടായി. അതുകൊണ്ടു തന്നെ ഇരുവരും ഇത് പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നാണ് ആകാശ് പറയുന്നത്. ഇത്തരമൊരു വലിയ അവസരം നശിപ്പിച്ചാൽ, അത് ഭാവിയിൽ 2 താരങ്ങളെയും ബാധിക്കുമെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടുന്നു.

അടുത്തതായി സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യതയുള്ളത് ദക്ഷിണാഫ്രിക്കെതിരായ പരമ്പരയിലാണ്. എന്നാൽ പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിക്കണമെങ്കിൽ ഇപ്പോൾ സഞ്ജു മികച്ച പ്രകടനം നടത്തേണ്ടതുണ്ട് എന്ന് ചോപ്ര പറയുന്നു. അല്ലാത്തപക്ഷം മറ്റു താരങ്ങളായ ജയസ്വാൾ, ശുഭ്മാൻ ഗിൽ, ഋതുരാജ് എന്നിവർ ടീമിൽ ഇടം കണ്ടെത്തിയേക്കും എന്നാണ് ആകാശ് ചോപ്ര കരുതുന്നത്.

Read Also -  സേവാഗ് മുതൽ ബ്രൂക്ക് വരെ. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപിൾ സെഞ്ച്വറി നേടിയവർ.

“ഇന്ത്യയുടെ ഓപ്പണർമാരായ അഭിഷേക് ശർമയും സഞ്ജു സാംസണും എന്നെ നിരാശപ്പെടുത്തുകയുണ്ടായി. 2 പേർക്കുമുള്ള മുന്നറിയിപ്പാണ് ഞാൻ ഇപ്പോൾ നൽകുന്നത്. ഇപ്പോൾ 2 പേർക്കും വലിയ പ്രകടനം നടത്താനുള്ള ഒരു അവസരമാണ്. ദക്ഷിണാഫ്രിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത വലിയ പരമ്പര നടക്കുന്നത്. അതിലേക്ക് വരുമ്പോൾ ജയസ്വാൾ, ശുഭ്മാൻ ഗിൽ, ഋതുരാജ് എന്നിവരൊക്കെയും തിരിച്ചുവന്നേക്കാം. അങ്ങനെയെങ്കിൽ സഞ്ജു സാംസനും അഭിഷേക് ശർമയും മാറി കൊടുക്കേണ്ടി വരും. ഇന്ത്യയ്ക്കൊപ്പമുള്ള മുഴുവൻ ഓപ്പണർമാരെയും ഒരു മത്സരത്തിൽ കളിപ്പിക്കാൻ സാധിക്കില്ല.”- ചോപ്ര പറയുന്നു.

“മാത്രമല്ല ഇഷാൻ കിഷൻ തിരികെ ടീമിലേക്ക് വരാനായി വാതിലിൽ മുട്ടുകയാണ്. അതുകൊണ്ടു തന്നെ സഞ്ജു അടക്കമുള്ളവർ കൃത്യമായി അവസരം തിരിച്ചറിഞ്ഞ് മികവ് പുലർത്തണം. അല്ലാത്തപക്ഷം ഇപ്പോൾ നശിപ്പിച്ചു കളയുന്ന അവസരങ്ങളെ ഓർത്ത് പിന്നീട് ദുഃഖിക്കേണ്ടി വരും.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

ഇന്ത്യക്കായി ഒരുപാട് വർഷം മുൻപ് തന്നെ അരങ്ങേറ്റ മത്സരം കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ മൂലം പലപ്പോഴും സഞ്ജു ടീമിന്റെ വെളിയിലാണ്. എന്നാൽ ഗംഭീർ പരിശീലകനായി എത്തിയതോടെ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. അവസാന ട്വന്റി20യിൽ മികച്ച പ്രകടനം സഞ്ജു പുറത്തെടുക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണ്.

Scroll to Top