ഗുജറാത്തിനെതിരായ ദയനീയ പരാജയത്തിന് ശേഷം രാജസ്ഥാനെതിരെ ശബ്ദമുയർത്തി ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിലെ രാജസ്ഥാന്റെ സമീപനത്തെ ചോദ്യം ചെയ്താണ് ചോപ്ര രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 118 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിംഗിൽ 37 പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് ലക്ഷ്യം കാണുകയും ചെയ്തു. ഇതോടെ രാജസ്ഥാന്റെ ഒന്നാം സ്ഥാനം എന്ന ലക്ഷ്യമാണ് ഇല്ലാതായിരിക്കുന്നത്. മത്സരത്തിലെ രാജസ്ഥാന്റെ മോശം സമീപനത്തെ പറ്റിയാണ് ചോപ്ര സംസാരിച്ചത്.
“ഇതൊരു വളരെ ബോറിങ്ങായുള്ള മത്സരമായിരുന്നു. രാജസ്ഥാൻ എന്താണ് ചെയ്യാൻ ശ്രമിച്ചത് എന്ന് യാതൊരു തരത്തിലും മനസ്സിലാവുന്നില്ല. പൂർണ്ണമായും രാജസ്ഥാൻ പരാജിതരാവുകയാണ് ചെയ്തത്. അവർ ടോസ് നേടിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാൽ അവർ മികച്ച രീതിയിൽ ബാറ്റിംഗ് ചെയ്തോ? കേവലം 118 റൺസ് മാത്രമാണ് രാജസ്ഥാൻ നേടിയത്.”- ചോപ്ര പറയുന്നു.
“രാജസ്ഥാന്റെ ബാറ്റിംഗ് അങ്ങേയറ്റം മോശമായിരുന്നു. സഞ്ജു സാംസൺ മാത്രം ടീമിൽ കുറച്ചു റൺസ് കണ്ടെത്തി. എന്നിട്ടും മത്സരം തീർത്തും ഗുജറാത്തിന്റെ കയ്യിൽ തന്നെയായിരുന്നു. ബോളിംഗിനെത്തിയപ്പോൾ ആദ്യ ആറ് ഓവറുകളിൽ ഒരു വിക്കറ്റ് പോലും നേടാൻ രാജസ്ഥാന് സാധിച്ചതുമില്ല. ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. രാജസ്ഥാനെ ഇല്ലായ്മ ചെയ്തത് ഗുജറാത്തിന്റെ സ്പിന്നർമാർ തന്നെയായിരുന്നു. എന്നാൽ ഗുജറാത്ത് ബാറ്റിംഗിന്റെ ആദ്യ ആറ് ഓവറുകളിൽ ഒരു ഓവർ പോലും സ്പിന്നറെ കണ്ടതുമില്ല. മത്സരത്തിൽ രവിചന്ദ്രൻ അശ്വിൻ പന്തറിയാൻ എത്തിയത് 12ആമത്തെയോ 13ആമത്തെയോ ഓവറിലാണ്. എന്താണ് അങ്ങനെ സംഭവിച്ചത്? ഈ മത്സരം പൂർണ്ണമായും എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത തരത്തിലാണ്.”- ചോപ്ര കൂട്ടിച്ചേർത്തു.
മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും രാജസ്ഥാൻ പൂർണമായും പരാജയപ്പെടുകയായിരുന്നു. 20 പന്തുകളിൽ 30 റൺസ് നേടിയ സഞ്ജു സാംസൺ മാത്രമായിരുന്നു രാജസ്ഥാനായി ബാറ്റിംഗിൽ തിളങ്ങിയത്. മറ്റൊരു ബാറ്റർമാരും മത്സരത്തിൽ നിലവാരം പുലർത്തിയില്ല. ബോളിങ്ങിലും ആർക്കും തന്നെ കൃത്യത കണ്ടെത്താൻ സാധിച്ചില്ല. കൃത്യമായ രീതിയിൽ സ്പിന്നർമാരെ ഉപയോഗിക്കുന്നതിൽ സഞ്ജു സാംസൺ മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു. രാജസ്ഥാനെ സംബന്ധിച്ച് നല്ല സൂചനകളല്ല ഈ പരാജയം നൽകുന്നത്.