ടീമിലെത്താൻ ഇതിൽ കൂടുതലായി അവനെന്ത് ചെയ്യണം, വീണ്ടും ആ താരത്തെ ഇന്ത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ചോപ്ര

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ പര്യടനത്തിനുള്ള ഏകദിന ടെസ്റ്റ് ടീമുകളെ പ്രഖ്യാപിക്കുകയുണ്ടായി. ജയസ്വാൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഋതുരാജും മുകേഷ് കുമാറും ഏകദിന ടെസ്റ്റ്‌ ടീമുകളിൽ ഇടം പിടിക്കുകയുണ്ടായി. എന്നാൽ ടെസ്റ്റ് ടീമിൽ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം സർഫറാസ് ഖാൻ ഇത്തവണയും അവഗണിക്കപ്പെട്ടത് തന്നെയാണ്. ആഭ്യന്തര മത്സരങ്ങളിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം സർഫറാസ് ഖാന് ലഭിക്കുന്നില്ല. വിൻഡീസിനെതിരെ എങ്കിലും ഇന്ത്യ സർഫറാസിനെ മൈതാനത്തിറക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സർഫറാസിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്തു രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര.

ഇനിയും ഇന്ത്യൻ ടീമിലെത്താൻ സർഫറാസ് എന്താണ് ചെയ്യേണ്ടത് എന്നാണ് ചോപ്രയുടെ ചോദ്യം. “സർഫറസ് ഇനി എന്താണ് ചെയ്യേണ്ടത്? കഴിഞ്ഞ മൂന്നുവർഷത്തെ സർഫറാസിന്റെ റെക്കോർഡുകൾ പരിശോധിച്ചാൽ മറ്റുള്ള ബാറ്റർമാരെക്കാൾ ഒരുപാട് മുകളിലാണ് അയാൾ. ആഭ്യന്തര ക്രിക്കറ്റിൽ എല്ലായിടത്തും സർഫറാസ് റൺസ് കണ്ടെത്തുകയുണ്ടായി. എന്നിട്ടും ഇന്ത്യ അയാളെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഇതിൽനിന്ന് എന്ത് സന്ദേശമാണ് ലഭിക്കുന്നത്?”- ആകാശ് ചോപ്ര ചോദിക്കുന്നു.

sarfraz khan celebration

“ഞാൻ ചോദിക്കുന്നത് ഈ ഒരു ചോദ്യം മാത്രമാണ്. ഇക്കാര്യത്തിൽ എനിക്കറിയാത്ത മറ്റെന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ അത് ജനങ്ങളോട് പങ്കുവെക്കാൻ ബിസിസിഐ തയ്യാറാവണം. സർഫറാസിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഘടകം എന്താണ്? അത്തരമൊരു ഘടകം ഉള്ളതുകൊണ്ടാണോ നിങ്ങൾ ടീമിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തത്. അങ്ങനെയൊന്നുണ്ടോ എന്ന് ഞങ്ങൾക്കറിയില്ല. സർഫറാസും അങ്ങനെയൊരു കാര്യം പറഞ്ഞ് കേട്ടിട്ടില്ല. ഇന്ത്യ തങ്ങളുടെ താരങ്ങളുടെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ റൺസിന് മൂല്യം കൊടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ടു പോയേക്കാം.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20 മത്സരങ്ങളുമാണ് ഇന്ത്യ വെസ്റ്റിൻഡീസിൽ കളിക്കുന്നത്. ഏകദിന ടീമിലേക്ക് മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തിയത് ഇന്ത്യക്ക് വലിയ ആശ്വാസം നൽകുന്നുണ്ട്. 2023 ഏകദിന ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം വളരെ നിർണായകമാണ്. ഈ പരമ്പരയുടെ അടിസ്ഥാനത്തിലാവും വരുന്ന ഏഷ്യാകപ്പിനുംഏകദിന ലോകകപ്പിനും ടീമിനെ നിശ്ചയിക്കുക.

Previous articleവിൻഡിസിനെ പഞ്ഞിക്കിട്ട് സിംബാബ്വെ, തകര്‍പ്പന്‍ വിജയം 35 റൺസിന്. നാണംകെട്ട് കരീബിയൻ പട.
Next articleസഞ്ജു രോഹിതിനെപ്പോലെ മികച്ചവൻ, പകരം വെയ്ക്കാനാവില്ല. തുറന്ന് പറഞ്ഞ് രവി ശാസ്ത്രി.