ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും അപകടകാരിയായ ബാറ്ററായിരുന്നു ഇന്ത്യൻ ഓപ്പണർ വീരേന്ദ്ർ സേവാഗ്. ടെസ്റ്റ് മത്സരങ്ങളിൽ പോലും ട്വന്റി20യുടെ ശൈലിയിൽ കളിച്ചിരുന്ന സേവാഗ് ഒരുകാലത്ത് ലോകക്രിക്കറ്റിലെ മുൻനിര ബോളർമാരുടെ പേടി സ്വപ്നമായിരുന്നു. ഏത് പ്രതിസന്ധി സാഹചര്യത്തിലും തന്റെ ശൈലിയിൽ മാറ്റം വരുത്താത്തതായിരുന്നു സേവാഗിന്റെ ഒരു പ്രത്യേകത. എന്നാൽ തന്റെ സഹതാരം രാഹുൽ ദ്രാവിഡിന്റെ വാക്കുകൾ കേട്ടതിന്റെ പേരിൽ സേവാഗിന് ത്രിപിൾ സെഞ്ച്വറി നഷ്ടമായ ഒരു സംഭവത്തെ പറ്റി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സംസാരിക്കുകയുണ്ടായി.
2009ൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിനിടെ ഉണ്ടായ സംഭവമാണ് ആകാശ് ചോപ്ര വിവരിച്ചത്. മുംബൈയിൽ നടന്ന മത്സരത്തിൽ സേവാഗ് ത്രിപിൾ സെഞ്ചുറിക്ക് തൊട്ടരികേ നിൽക്കുകയായിരുന്നു. തന്റേതായ ശൈലിയിൽ സേവാഗ് ഇന്നിങ്സിലുടനീളം വെടിക്കെട്ട് നടത്തി. എന്നാൽ 300ലേക്ക് അടുത്തത് ആ ദിവസത്തെ അവസാന സെക്ഷനിലായിരുന്നു. അടുത്തദിവസം മികച്ച രീതിയിൽ കളിക്കണമെന്നതിനാൽ തന്റെ സ്വതസിദ്ധമായ ശൈലി മാറ്റിവച്ച് പതിയെ കളിക്കാൻ ദ്രാവിഡ് സേവാഗിനോട് ആവശ്യപ്പെട്ടു.
തന്റെ സഹതാരം പറഞ്ഞത് സേവാഗ് അതേപടി അനുസരിച്ചു. വമ്പൻഷോട്ടുകളിൽ നിന്ന് സേവാഗ് പ്രതിരോധത്തിലേക്ക് മാറുകയുണ്ടായി. എന്നാൽ ഇതിന്റെ ഫലമായി സേവാഗിന് തന്റെ വിക്കറ്റും നഷ്ടമാവുകയുണ്ടായി. അങ്ങനെ മത്സരത്തിൽ സേവാഗിന് 293 റൺസിൽ കൂടാരം കയറേണ്ടി വരികയായിരുന്നു. ഒരുപക്ഷേ അന്ന് ദ്രാവിഡിന്റെ ഉപദേശം കേൾക്കാതിരുന്നെങ്കിൽ സേവാഗിന് ത്രിപിൾ സെഞ്ച്വറി നേടാൻ സാധിച്ചേനെ എന്ന് ആകാശ് ചോപ്ര പറയുകയുണ്ടായി.
ഇന്ത്യയുടെ 2007ലെയും 2011ലെയും ലോകകപ്പ് വിജയ് ടീമിലെ പ്രധാന സാന്നിധ്യമായിരുന്നു വീരേന്ദ്ര സേവാഗ്. തന്റെ കരിയറിന്റെ ഒരു സമയത്തും വമ്പൻഷോട്ടുകൾ സേവാഗ് ഒഴിച്ച് നിർത്തിയിട്ടില്ല. കുട്ടിക്രിക്കറ്റിനു സമാനമായ ഇന്നിങ്സുകൾ ആയിരുന്നു സേവാഗ് തന്റെ കരിയറിൽ കാഴ്ചവച്ചിരുന്നത്.