ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 8 റൺസിന്റെ വിജയമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ 227 റൺസ് സ്കോർബോർഡീൽ ചേർക്കുകയുണ്ടായി. ശേഷം അവസാന ഓവറുകളിൽ തങ്ങളുടെ ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ ബാംഗ്ലൂരിനെ ചെന്നൈ 218 റൺസിൽ പിടിച്ചു കെട്ടുകയായിരുന്നു. ഈ വിജയത്തിൽ എടുത്തു പറയേണ്ടത് മഹേന്ദ്ര സിംഗ് ധോണിയുടെ നായകത്വ മികവ് തന്നെയാണ്. പല ബോളർമാരും ചെന്നൈക്കായി തല്ലു വാങ്ങിയപ്പോഴും, ധോണി തന്റെ വിശ്വാസം കാത്തു. മത്സരശേഷം ധോണിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
ധോണി തങ്ങൾക്കായി കളിക്കാരെ കണ്ടെത്തുകയല്ല, കളിക്കാരെ നിർമ്മിക്കുകയാണ് ചെയ്യുന്നത് എന്നാണ് ചോപ്ര പറഞ്ഞത്. “മത്സരത്തിൽ വളരെ മികച്ച രീതിയിലാണ് രഹാനെ ബാറ്റ് ചെയ്തത്. അയാൾക്ക് ബാംഗ്ലൂരിനെതിരെ കളിക്കുന്നത് വലിയ ഇഷ്ടമാണ്. ശിവം ദുബെയും നന്നായി ബാറ്റ് ചെയ്തു. മുൻപ് ദുബെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ അംഗമായിരുന്നു. എന്നാൽ ഇവരൊക്കെയും ചെന്നൈ ടീമിൽ വന്നപ്പോൾ ഒരുപാട് പ്രത്യേകതകളുണ്ട്. മറ്റെല്ലാ ടീമുകളും തങ്ങൾക്കായി കളിക്കാരെ കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാൽ മഹേന്ദ്ര സിംഗ് ധോണി തങ്ങൾക്കായി നല്ല കളിക്കാരെ ഉണ്ടാക്കിയെടുക്കുന്നു.”- ആകാശ് ചോപ്ര പറഞ്ഞു.
“ധോണിയുടെ കീഴിൽ ഈ കളിക്കാരൊക്കെയും മികച്ച രീതിയിൽ കളിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ശിവം ദുബെയുടെ കഥയും ഇതേപോലെ തന്നെയാണ്. മാത്രമല്ല മറ്റൊരു അജീങ്ക്യ രഹാനെയേയും നമ്മൾ ഈ രണ്ടു മൂന്നു മത്സരത്തിൽ കാണുകയുണ്ടായി. അയാൾ മത്സരത്തിൽ പുൾ ചെയ്ത് ഒരു സിക്സർ നേടിയിരുന്നു. അതൊരു അവിസ്മരണീയ ഷോട്ട് തന്നെയായിരുന്നു.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
ദുബെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 27 പന്തുകളിൽ 52 റൺസ് ആയിരുന്നു നേടിയത്. ഇന്നിംഗ്സിൽ 2 ബൗണ്ടറികളും 5 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. രഹാനെ മത്സരത്തിൽ 20 പന്തുകളിൽ 37 റൺസ് നേടി. കോൺവെക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ട് രഹാനെ കെട്ടിപ്പടുത്തു. ചെന്നൈയുടെ വിജയത്തിൽ ഈ കൂട്ടുകെട്ട് വലിയൊരു പങ്കു തന്നെ വഹിച്ചു.