96 റൺസിൽ നിൽക്കുമ്പോൾ ബൗണ്ടറി നേടാൻ തീരുമാനിച്ചു, പക്ഷേ സൂര്യ അടുത്ത് വന്ന് ഉപദേശിച്ചു. സഞ്ജു പറയുന്നു.

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യിലെ സെഞ്ച്വറി സഞ്ജു സാംസണെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ വലിയ വിമർശനങ്ങൾ സഞ്ജുവിനെതിരെ ഉയരുകയുണ്ടായി. പിന്നാലെയാണ് ഈ തട്ടുപൊളിപ്പൻ സെഞ്ച്വറി മത്സരത്തിൽ സഞ്ജു നേടിയത്.

ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ ഒരു തകർപ്പൻ കൂട്ടുകെട്ടും സഞ്ജു കെട്ടിപ്പടുത്തു. 69 പന്തുകളിൽ 173 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. മത്സരത്തിൽ സഞ്ജു 96 റൺസിൽ നിൽക്കുന്ന സമയത്ത് സൂര്യകുമാർ യാദവ് സഞ്ജുവിന്റെ അടുത്തു വന്ന് ഉപദേശങ്ങൾ നൽകുകയുണ്ടായി. ഇതേ സംബന്ധിച്ചാണ് സഞ്ജു സാംസൺ ഇപ്പോൾ സംസാരിക്കുന്നത്.

ആ സമയത്ത് സൂര്യകുമാർ തന്റെ അടുത്ത് വന്ന് എന്താണ് പറഞ്ഞത് എന്ന് സഞ്ജു വെളിപ്പെടുത്തുന്നു. “96 റൺസിൽ നിൽക്കുന്ന സമയത്ത് സൂര്യയോട് ഞാൻ പറഞ്ഞത് അടുത്ത പന്തിൽ ഞാൻ ഒരു ബൗണ്ടറി നേടും എന്നാണ്. പക്ഷേ സൂര്യ എന്റെ അടുത്ത് വരികയും കാര്യങ്ങൾ ലളിതമായി കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത്രയധികം കഷ്ടപ്പെട്ടാണ് നീ ഇവിടെ വരെ എത്തിയത് എന്ന് സൂര്യ എന്നെ ഓർമിപ്പിച്ചു. എന്റെ ക്യാപ്റ്റനിൽ നിന്നും പരിശീലകനായ ഗംഭീറിൽ നിന്നും ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. ആക്രമണ മനോഭാവത്തിൽ തന്നെ കളിക്കാനാണ് അവർ എന്നോട് ആവശ്യപ്പെട്ടത്. അതാണ് എനിക്ക് ഏറ്റവും ചേരുക എന്നും അവർ പറഞ്ഞു.”- സഞ്ജു പറയുന്നു.

നായകന്റെ ഈ ഉപദേശത്തിന് ശേഷം അടുത്ത പന്തിൽ തന്നെ ഒരു ബൗണ്ടറി നേടി തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ സഞ്ജു സാംസന് സാധിച്ചു. സഞ്ജുവിന്റെ പ്രകടനത്തിൽ അങ്ങേയറ്റം സന്തോഷം തനിക്കുണ്ട് എന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും പറയുകയുണ്ടായി. “അവൻ വലിയ കഠിനപ്രയത്നങ്ങളിൽ ഏർപ്പെട്ടിരുന്നു. തന്റെ നിസ്വാർത്ഥമായ സ്വഭാവ പ്രകടനത്തിലൂടെയാണ് അവൻ ഇത്ര മികച്ച ഒരു നേട്ടം സ്വന്തമാക്കിയത്. അവന്റെ കാര്യത്തിൽ എനിക്ക് വലിയ സന്തോഷമുണ്ട്.”- സൂര്യകുമാർ യാദവ് ബിസിസിഐ ഷെയർ ചെയ്ത വീഡിയോയിൽ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു ടൂർണമെന്റ് ആണ് അവസാനിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരായ 3 മത്സരങ്ങളിലും കൃത്യമായി ആധിപത്യം സ്ഥാപിച്ചാണ് ഇന്ത്യ വിജയം നേടിയത്. ഒരു മത്സരത്തിൽ പോലും ബംഗ്ലാദേശ് ടീമിന് ഇന്ത്യയുടെ അടുത്തെത്താൻ പോലും അവസരം ലഭിച്ചില്ല എന്നതാണ് വസ്തുത.

ഇനി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര നടക്കുന്നത്. 4 മത്സരങ്ങൾ അടങ്ങുന്ന ട്വന്റി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ കളിക്കുന്നത്. നവംബർ 8 മുതൽ 15 വരെയാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.

Previous articleഎന്തൊക്കെ വന്നാലും പിന്തുണയ്ക്കുമെന്ന് സൂര്യയും ഗംഭീറും പറഞ്ഞു, അത് ഊർജമായി. സഞ്ജു വെളിപ്പെടുത്തുന്നു.
Next article“ജുറലിനെയും പന്തിനെയും എതിരാളികളായി കാണുന്നില്ല, രാജ്യത്തിന്റെ വിജയമാണ് പ്രധാനം”. സഞ്ചു സാംസണ്‍.