ഇന്ത്യൻ പ്രീമിയർ ലീഗ് എന്നും പണക്കൊഴുപ്പിന്റെ ടൂർണമെന്റാണ്. വലിയ വിലയ്ക്ക് താരങ്ങളെ സ്വന്തമാക്കുന്ന ഓരോ ഫ്രാഞ്ചൈസിയും പ്രതീക്ഷിക്കുന്നത് അവരിൽ നിന്ന് വളരെ മികച്ച പ്രകടനങ്ങളാണ്. എന്നാൽ വലിയ തുകയ്ക്ക് വരുന്ന പല താരങ്ങളും മികച്ച പ്രകടനം കാഴ്ചവയ്ക്കാറില്ല. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ 24.75 കോടി രൂപ മുടക്കിയായിരുന്നു കൊൽക്കത്ത മിച്ചൽ സ്റ്റാർക്കിനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയത്.
20.50 കോടി രൂപയ്ക്കാണ് ഹൈദരാബാദ് പാറ്റ് കമ്മീൻസിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇരുവരും ഈ ഐപിഎല്ലിൽ തങ്ങളുടെ തുകയ്ക്കാവും വീതം പ്രകടനവും പുറത്തെടുത്തു. പക്ഷേ വമ്പൻ തുകയ്ക്ക് ടീമുകളിലെത്തിയ മറ്റ് ചില താരങ്ങൾ വളരെ മോശം പ്രകടനവും പുറത്തെടുക്കുകയുണ്ടായി. ഇത്തരത്തിൽ വമ്പൻ തുകയ്ക്ക് ഫ്രാഞ്ചൈസികളിൽ എത്തി മോശം പ്രകടനങ്ങൾ തുടർന്ന് 3 താരങ്ങളെ പരിശോധിക്കാം.
- ഗ്ലെൻ മാക്സ്വെൽ
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗൽ തിരിച്ചുവരവ് കൊണ്ട് വിസ്മയം തീർത്ത ഫ്രാഞ്ചൈസിയാണ് ബാംഗ്ലൂർ. എന്നാൽ ടീമിൽ പ്രധാനിയായിരുന്ന മാക്സ്വെല്ലിൽ നിന്ന് യാതൊരുവിധ സംഭാവനയും ടീമിന് ലഭിച്ചില്ല. 2022ലെ മെഗാലേലത്തിൽ 11 കോടി രൂപ മുടക്കിയായിരുന്നു ബാംഗ്ലൂർ മാക്സ്വെല്ലിനെ നിലനിർത്തിയത്.
ശേഷം 2022, 2023 സീസണുകളിൽ ഭേദപ്പെട്ട പ്രകടനം മാക്സ്വെൽ പുറത്തെടുത്തിരുന്നു. പക്ഷേ 2024ൽ മാക്സ്വെല്ലിന്റെ ഒരു നിഴൽ പോലും കാണാൻ സാധിച്ചില്ല. 10 മത്സരങ്ങൾ കളിച്ച മാക്സ്വെൽ ആകെ നേടിയത് 52 റൺസ് മാത്രമാണ്. കൊൽക്കത്തക്കെതിരെ നേടിയ 28 റൺസാണ് മാക്സ്വെല്ലിന്റെ ഈ സീസണിലെ ടോപ്പ് സ്കോർ. വളരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മാക്സി പുറത്തെടുത്തത്.
- ദേവദത്ത് പടിക്കൽ
രാജസ്ഥാൻ റോയൽസ് ടീമിൽ നിന്ന് 7.75 കോടി രൂപയ്ക്ക് ആയിരുന്നു ദേവദത്ത് പടിക്കൽ ലക്നൗ ടീമിലേക്ക് എത്തിയത്. മലയാളി താരമായ പടിക്കൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതിന് ശേഷമാണ് ഈ സീസണിൽ കളിക്കാൻ താരം തയ്യാറായത്. രാഹുലും ഡികോക്കും ലക്നൗവിന്റെ ഓപ്പണർമാരായി മാറിയതോടെ മൂന്നാം നമ്പറിലേക്ക് പടിക്കൽ എത്തുകയായിരുന്നു.
എന്നാൽ ടീമിൽ വളരെ മോശം പ്രകടനങ്ങളാണ് ഇത്തവണ താരം കാഴ്ചവെച്ചത്. 7 ഇന്നിങ്സുകൾ ലക്നൗവിനായി കളിച്ച പടിക്കൽ ആകെ നേടിയത് 38 റൺസ് മാത്രമാണ്. ഈ സീസണിലെ പടിക്കലിന്റെ ശരാശരി 5.42 മാത്രമാണ്.
- കുമാർ കുശാഗ്ര
താരലേലത്തിൽ 7.2 കോടി രൂപ മുടക്കിയാണ് വിക്കറ്റ് കീപ്പർ ബാറ്ററായ കുമാർ കുശാഗ്രയെ ഡൽഹി ക്യാപ്പിറ്റൽസ് ടീം സ്വന്തമാക്കിയത്. ഇത് ആരാധകരെ പോലും അമ്പരപ്പെടുത്തി. എന്നാൽ കുശാഗ്ര മികച്ച താരമായതിനാൽ ആരും വിമർശനം ഉന്നയിച്ചില്ല. പക്ഷേ ഡൽഹിക്ക് കുശാഗ്രയെ തങ്ങളുടെ ടീമിൽ സ്ഥിര സാന്നിധ്യമായി നിർത്താൻ പോലും സാധിച്ചില്ല. ഈ സീസണിൽ കേവലം 4 കളികളിൽ മാത്രമാണ് കുശാഗ്ര ഡൽഹിക്കായി കളിച്ചത്. ഇതിൽ 3 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാൻ സാധിച്ചത്. ഇതിൽ താരം നേടിയത് ആകെ 3 റൺസും. ഉയർന്ന സ്കോർ 2 റൺസ്. ഇത്തവണത്തെ ഐപിഎല്ലിന്റെ ഒരു നിരാശയാണ് കുമാർ കുശാഗ്ര.