7 കളികളിൽ നിന്ന് നേടിയത് 131 റൺസ്, ബോളിങിലും മോശം. പൂർണ പരാജയമായി ഹർദിക് പാണ്ഡ്യ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ, മുംബൈ നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിംഗിൽ തന്റെ മോശം ഫോം തുടരുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലും വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് ഹർദിക്ക് കാഴ്ചവെച്ചത്. മത്സരത്തിൽ കേവലം 10 റൺസ് മാത്രമാണ് ഹർദക്കിന് നേടാൻ സാധിച്ചത്.

മുംബൈ മത്സരത്തിൽ 192 എന്ന ഉയർന്ന സ്കോർ കണ്ടെത്തിയിട്ടും ഹർദിക്കിന് വലിയ രീതിയിൽ സംഭാവന നൽകാൻ സാധിച്ചില്ല. ഇതുവരെ ഈ ഐപിഎല്ലിൽ 7 മത്സരങ്ങൾ കളിച്ച ഹർദിക് പാണ്ഡ്യ കേവലം 131 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ഹർദിക്കിന്റെ ഈ മോശം ഫോം ഇന്ത്യൻ ടീമിനെ അടക്കം വലിയ രീതിയിൽ നിരാശയിൽ ആക്കിയിട്ടുണ്ട്.

മുൻപ് മുംബൈ ഇന്ത്യൻസ് നായകനായി ഹർദിക് ചുമതലയേറ്റതിന് ശേഷം ആരാധകർക്കിടയിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പല മൈതാനങ്ങളിലും കൂകിവിളികളോടെയാണ് ആരാധകർ ഹർദിക്കിനെ വരവേറ്റത്. എന്നാൽ ഇതിനുള്ള പ്രധാന കാരണമായി മുൻ താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നത് ഹർദിക്കിന്റെ മോശം പ്രകടനങ്ങൾ തന്നെയാണ്.

പാണ്ഡ്യ മികച്ചൊരു പ്രകടനം മത്സരത്തിൽ കാഴ്ചവച്ചാൽ ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ അവസാനിക്കുമെന്ന് മുൻ താരം കെവിൻ പീറ്റേഴ്സൺ പറഞ്ഞിരുന്നു. എന്നാൽ ഹർദിക് മോശം പ്രകടനങ്ങൾ തുടരുന്നത് ആരാധകർക്കിടയിൽ വലിയ വിമർശനങ്ങൾക്ക് വീണ്ടും കാരണമാകുന്നു.

പഞ്ചാബിനെതിരായ മത്സരത്തിൽ കേവലം 6 പന്തുകളിൽ നിന്നാണ് ഹർദിക് പാണ്ഡ്യ 10 റൺസ് നേടിയത്. പക്ഷേ മത്സരത്തിൽ ഹർഷൽ പട്ടേലിനെ സിക്സറിന് പറത്താൻ ശ്രമിച്ച പാണ്ഡ്യ പുറത്താവുകയുണ്ടായി. ഈ ഐപിഎല്ലിൽ വമ്പൻ സ്കോറുകൾ പിറന്ന മത്സരങ്ങളിലൊക്കെയും മോശം പ്രകടനമാണ് ഹർദിക് കാഴ്ചവെച്ചത്.

ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 278 എന്ന വമ്പൻ സ്കോർ ആയിരുന്നു. ഈ മത്സരത്തിൽ 20 പന്തുകൾ നേരിട്ട് പാണ്ഡ്യ നേടിയത് കേവലം 24 റൺസ് മാത്രമാണ്. മറ്റുള്ള ബാറ്റർമാർ മുംബൈക്കായി 180ന് മുകളിൽ സ്ട്രൈക്ക് റേറ്റ് പുലർത്തുമ്പോൾ ഹർദിക് മാത്രമാണ് ഇത്തരത്തിൽ പ്രതിരോധ ഇന്നിങ്സ് കാഴ്ച വെക്കുന്നത്.

ബാറ്റിംഗിൽ മാത്രമല്ല ബോളിങ്ങിലും അത്ര മികച്ച പ്രകടനമല്ല ഹർദിക്ക് കാഴ്ച വെച്ചിട്ടുള്ളത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ അവസാന ഓവറെറിഞ്ഞ ഹർദിക്കിനെതിരെ മഹേന്ദ്ര സിംഗ് ധോണി 3 പടുകൂറ്റൻ സിക്സറുകൾ നേടുകയുണ്ടായി. ഇതിന് ശേഷം ഹർദിക്കിന്റെ ബോളിങ്ങിനെ വിമർശിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ ഹർദിക്ക് ബോൾ ചെയ്യുന്നത് ഇന്ത്യൻ ടീമിനെയടക്കം നിരാശപ്പെടുത്തുന്നുണ്ട് എന്നാണ് ഗവാസ്കർ പറഞ്ഞത്. എന്നാൽ ഹാർദിക്കിന് പിന്തുണയുമായി മുംബൈയുടെ അസിസ്റ്റന്റ് കോച്ച് കീറോൺ പൊള്ളാർഡ് രംഗത്തെത്തുകയുണ്ടായി. ഇത്തരം പ്രശ്നങ്ങൾ ഹർദിക്കിന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ല എന്നായിരുന്നു പൊള്ളാർഡിന്റെ വാദം.

Previous article17ആം ഓവർ എറിയാനെത്തിയ പാണ്ഡ്യയെ തടഞ്ഞ് രോഹിത്. വിജയം കണ്ട രോഹിതിന്റെ “പ്ലാൻ ബി”.
Next articleധോണി ഈ ഐപിഎൽ കൊണ്ട് കരിയർ അവസാനിപ്പിക്കരുത്. അഭ്യർത്ഥനയുമായി സ്‌റ്റെയ്‌ൻ.