2025 മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ നിലനിർത്തിയിട്ടുള്ളത്. ഇതിൽ നായകൻ സഞ്ജു സാംസൺ ഓപ്പണർ ജയസ്വാൾ, യുവ താരങ്ങളായ റിയാൻ പരഗ്, ധ്രുവ് ജൂറൽ എന്നിവരും ഉൾപ്പെടുന്നു. ഇവരെ കൂടാതെ വെടിക്കെട്ട് വീരനായ ഹെറ്റ്മയറെയും പേസറായ സന്ദീപ് ശർമയെയും രാജസ്ഥാൻ നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും ഐപിഎൽ ലേലത്തിൽ വലിയ ലക്ഷ്യമാണ് രാജസ്ഥാന് മുൻപിലുള്ളത്. ഈ ലേലത്തിൽ രാജസ്ഥാൻ ലക്ഷ്യം വയ്ക്കാൻ സാധ്യതയുള്ള 6 താരങ്ങളെ പരിശോധിക്കാം.
- രചിൻ രവീന്ദ്ര
കഴിഞ്ഞ തവണത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്ന രചിൻ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. സീസണിൽ ഓപ്പണറായി കളിച്ച രചിൻ ഇതുവരെ 10 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 222 റൺസാണ് സ്വന്തമാക്കിയിട്ടുള്ളത്. 160.87 എന്ന സ്ട്രൈക്ക് റേറ്റിലാണ് രചിൻ സ്കോർ ചെയ്തത്. അതുകൊണ്ടുതന്നെ രാജസ്ഥാന് യോജിച്ച ഒരു താരമാണ് രചിൻ രവീന്ദ്ര.
- ജോസ് ബട്ലർ
തങ്ങളുടെ സൂപ്പർ താരമായ ജോസ് ബട്ലറിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ രാജസ്ഥാൻ ശ്രമിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതുവരെ 107 ഐപിഎൽ മത്സരങ്ങൾ കളിച്ച ബട്ലർ 3582 റൺസ് സ്വന്തമാക്കി കഴിഞ്ഞു. ഓപ്പണിംഗിൽ മികവ് പുലർത്താൻ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ബട്ലർ. 147.53ആണ് ബട്ലറുടെ ഐപിഎല്ലിലെ സ്ട്രൈക്ക് റേറ്റ്.
- യുസ്വെന്ദ്ര ചഹൽ
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ വമ്പൻ തുക ലഭിക്കാൻ സാധ്യതയുള്ള മറ്റൊരു താരം ചഹലാണ്. ഇതുവരെ ഐപിഎല്ലിൽ തട്ടുപൊളിപ്പൻ പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. 160 ഐപിഎൽ മത്സരങ്ങൾ ഇതുവരെ കളിച്ച ചഹൽ 205 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. രാജസ്ഥാൻ ചഹലിനെ ഇത്തവണയും ലക്ഷ്യം വയ്ക്കാൻ സാധ്യത ഏറെയാണ്.
- ട്രെന്റ് ബോൾട്ട്
കഴിഞ്ഞ സീസണുകളിലൊക്കെയും രാജസ്ഥാന്റെ വജ്രായുധമായിരുന്നു ബോൾട്ട്. ഒരുപക്ഷേ മെഗാലേലം വന്നില്ലായിരുന്നുവെങ്കിൽ രാജസ്ഥാൻ ടീമിൽ തന്നെ ബോൾട്ട് തുടർന്നേനെ. ഇതുവരെ 104 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 121 വിക്കറ്റുകളാണ് ഈ സൂപ്പർ പേസർ സ്വന്തമാക്കിയിട്ടുള്ളത്. ആദ്യ ഓവറുകളിൽ അവിശ്വസനീയമായ രീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കും എന്നതാണ് ബോൾട്ടിന്റെ പ്രത്യേകത.
- മഹീഷ് തീക്ഷണ
കഴിഞ്ഞ സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന സ്പിന്നർമാരിൽ ഒരാളായിരുന്നു തീക്ഷണ. ഇതുവരെ 27 ഐപിഎൽ മത്സരങ്ങൾ കളിച്ച തീക്ഷണ 25 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്നിരുന്നാലും രാജസ്ഥാൻ ടീമിന് എല്ലാത്തരത്തിലും യോജിച്ച ഒരു സ്പിന്നറാണ് തീക്ഷണ. തീക്ഷണക്കായി രാജസ്ഥാൻ രംഗത്തെത്താനുള്ള എല്ലാ സാധ്യതയുമുണ്ട്.
- നടരാജൻ
രാജസ്ഥാൻ ലക്ഷ്യം വയ്ക്കാൻ സാധ്യതയുള്ള മറ്റൊരു പേസർ തമിഴ്നാട്കാരനായ നടരാജനാണ്. അവസാന ഓവറുകളിൽ കൃത്യമായി യോർക്കറുകൾ എറിയാനുള്ള കഴിവാണ് നടരാജന്റെ പ്രത്യേകത. ഇതുവരെ 61 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 67 വിക്കറ്റുകളാണ് ഈ സൂപ്പർ താരം സ്വന്തമാക്കിയിട്ടുള്ളത്. ഐപിഎല്ലിലും നടരാജൻ വിക്കറ്റ്വേട്ട തുടരുമെന്ന കാര്യത്തിൽ സംശയമില്ല.
Summary : 6 players Rajasthan Royals can target in IPL 2025 Auction