ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയറിലേക്ക് വലിയ പ്രതീക്ഷയോടെ ആയിരുന്നു രാജസ്ഥാൻ റോയൽസ് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത രാജസ്ഥാൻ മൂന്നാം സ്ഥാനക്കാരായി പ്ലേയോഫിലേക്ക് യോഗ്യത നേടുകയായിരുന്നു. പ്ലേയോഫിന്റെ എലിമിനേറ്ററിൽ ബാംഗ്ലൂരിനെതിരെ വിജയം നേടിയെങ്കിലും, രണ്ടാം ക്വാളിഫയറിൽ രാജസ്ഥാന് ഹൈദരാബാദിനെതിരെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
മത്സരത്തിൽ 36 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ബാറ്റർമാരുടെ മോശം പ്രകടനമായിരുന്നു മത്സരത്തിൽ രാജസ്ഥാന് തിരിച്ചടിയായി മാറിയത്. മത്സരത്തിലെ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ അടക്കം മോശം പ്രകടനത്തെ വിമർശിച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
തന്റെ ടീമിന് കിരീടം നേടി കൊടുക്കാനാവാതെ, ടൂർണമെന്റിൽ 500ലധികം റൺസ് നേടിയിട്ട് കാര്യമില്ല എന്നാണ് സുനിൽ ഗവാസ്കർ സഞ്ജു സാംസനെ ഓർമിപ്പിക്കുന്നത്. സഞ്ജു മത്സരത്തിൽ കളിച്ച മോശം ഷോട്ടിനെ വളരെയധികം വിമർശിച്ചാണ് ഗവാസ്കർ സംസാരിച്ചത്. എത്ര മികച്ച വ്യക്തിഗത പ്രകടനങ്ങൾ പുറത്തെടുത്താലും, തങ്ങളുടെ ടീമിനെ വിജയിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ അതിൽ കാര്യമില്ല എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്.
ഇത്തരം മോശം പ്രകടനങ്ങൾ മൂലമാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ കൃത്യമായി സ്ഥാനം ലഭിക്കാത്തത് എന്നും ഗവാസ്കർ പറയുകയുണ്ടായി. ട്വന്റി20 ലോകകപ്പിൽ ഈ തെറ്റുകൾ തിരുത്തി സഞ്ജു സാംസൺ തിരികെ വരുമെന്ന പ്രതീക്ഷയും ഗവാസ്കർ വയ്ക്കുന്നുണ്ട്.
“ഒരു സീസണിൽ 500 റൺസിലധികം നേടിയത് കൊണ്ട് എന്താണ് കാര്യം? ഇത്തരത്തിൽ മോശം ഷോട്ട് കളിച്ചാണ് സഞ്ജു പുറത്തായത്. നിങ്ങളുടെ ഫ്രാഞ്ചൈസിക്കായി നിങ്ങൾക്ക് മത്സരം വിജയിക്കാൻ സാധിച്ചില്ലെങ്കിൽ, ഈ നേടുന്ന റൺസിൽ ഒന്നും തന്നെ കാര്യമില്ലാതാവും. മത്സരത്തിൽ വളരെ മോശം ഷോട്ട് ആയിരുന്നു സഞ്ജു കളിച്ചത്. ഇതാണ് സഞ്ജുവിന്റെ പ്രധാന പ്രശ്നം.”
“ഇക്കാര്യം കൊണ്ടാണ് സഞ്ജുവിന് ഇന്ത്യൻ ടീമിൽ കൃത്യമായി തന്റെ സ്ഥാനമുറപ്പിക്കാൻ സാധിക്കാതെ വരുന്നതും. അവന് കൃത്യമായ ഒരു ഷോട്ട് സെലക്ഷനില്ല. എന്തായാലും ഈ തെറ്റുകളൊക്കെയും തിരുത്തി ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം സഞ്ജു പുറത്തെടുക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ഗവാസ്കർ പറയുന്നു.
രണ്ടാം ക്വാളിഫയറിൽ 11 പന്തുകൾ നേരിട്ട സഞ്ജു സാംസൺ കേവലം 10 റൺസ് മാത്രമായിരുന്നു നേടിയത്. അഭിഷേക് ശർമയുടെ പന്തിലാണ് സഞ്ജു സാംസൺ പുറത്തായത്. അതേസമയം 10 പന്തുകൾ നേരിട്ട പരഗ് 6 റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്. ഷഹബാസ് അഹമ്മദിന്റെ പന്തിൽ പരഗ് പുറത്താവുകയായിരുന്നു. രാജസ്ഥാനെ സംബന്ധിച്ച് ഈ 2 വിക്കറ്റുകളായിരുന്നു മത്സരത്തിൽ വലിയ വഴിത്തിരിവായി മാറിയത്. 2024 ഐപിഎല്ലിന്റെ ഫൈനലിൽ കൊൽക്കത്തയും ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്.