“50 ഏകദിന സെഞ്ച്വറികൾ നേടാൻ രോഹിതിനും സാധിക്കും. പക്ഷേ.” – ശുഐബ് അക്തർ പറയുന്നു.

2023 ഏകദിന ലോകകപ്പിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ബാറ്റിംഗ് പ്രകടനങ്ങളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് പേസർ ശുഐബ് അക്തർ. ഈ ലോകകപ്പിൽ രോഹിത് ശർമ ഇന്ത്യയ്ക്ക് നൽകിയ തുടക്കങ്ങൾ എടുത്തു കാട്ടിയാണ് അക്തർ സംസാരിച്ചത്. ഇതുവരെ ഈ ലോകകപ്പിൽ 10 മത്സരങ്ങളിൽ നിന്ന് 55 റൺസ് ശരാശരിയിൽ 550 റൺസ് രോഹിത് ശർമ സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ മത്സരത്തിലും വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ രോഹിത്തിന് സാധിച്ചു എന്ന് അക്തർ പറയുന്നു. അനായാസമായി ലോകകപ്പുകളിൽ സെഞ്ച്വറി നേടാൻ രോഹിത് ശർമയ്ക്ക് സാധിക്കുമെന്നും അക്തർ കൂട്ടിച്ചേർക്കുകയുണ്ടായി.

മത്സരങ്ങളിൽ രോഹിത് സെഞ്ചുറികൾ നേടുന്നില്ല എന്നത് മാത്രമാണ് തനിക്ക് രോഹിതിന് മേലുള്ള പരാതി എന്ന അക്തർ പറയുന്നു. “ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വളരെ വലിയ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ട്രെൻഡ് ബോൾട്ടിനെ നേരിടുന്നതിൽ തങ്ങൾക്കുള്ള പ്രശ്നം മുന്നിൽകണ്ട് രോഹിത് ആക്രമിക്കുകയാണ് ചെയ്തത്. മിച്ചൽ സാന്റ്നർക്കെതിരെ മത്സരത്തിൽ ആക്രമണം അഴിച്ചുവിടാൻ രോഹിത്തിന് സാധിച്ചു.”

” മത്സരങ്ങളിൽ രോഹിത് സെഞ്ച്വറികൾ സ്വന്തമാക്കുന്നില്ല എന്നത് മാത്രമാണ് എനിക്ക് രോഹിതിന് മേലുള്ള ഏക പരാതി. എന്തെന്നാൽ ഈ ലോകകപ്പിൽ 5- 6 സെഞ്ച്വറികൾ അനായാസം സ്വന്തമാക്കാൻ രോഹിത്തിന് സാധിച്ചേനെ.”- അക്തർ പറയുന്നു.

വിരാട് കോഹ്ലിയെ പോലെ ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ സ്വന്തമാക്കാൻ സാധിക്കുന്ന ഒരു ബാറ്ററാണ് രോഹിത് ശർമയെന്നും അക്തർ പറയുകയുണ്ടായി. “ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ സ്വന്തമാക്കാൻ രോഹിത് ശർമയ്ക്കും സാധിക്കും. ഇനിയും അയാൾക്ക് അത് സാധിക്കും. അത് രോഹിത്തിനെ സംബന്ധിച്ച് വലിയൊരു കാര്യമല്ല.”

“ഒരു ബാറ്റർ എന്ന നിലയ്ക്കും നായകൻ എന്ന നിലയ്ക്കും ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് രോഹിത് കാഴ്ച വെച്ചിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എതിർ ടീമിൽ നിന്ന് ആധിപത്യം നേടിയെടുക്കാൻ രോഹിത്തിന് സാധിക്കുന്നു.”- അക്തർ കൂട്ടിച്ചേർത്തു.

സച്ചിൻ ടെണ്ടുൽക്കറുടെ മുൻപിൽ വച്ച് തന്നെ 50 ഏകദിന സെഞ്ച്വറികൾ കോഹ്‌ലിയ്ക്ക് നേടാൻ സാധിച്ചതിലും തനിക്ക് വലിയ സന്തോഷമുണ്ട് എന്നാണ് അക്തർ പറഞ്ഞത്. “സച്ചിന്റെ സാന്നിധ്യത്തിൽ തന്നെ വിരാട് കോഹ്ലിക്ക് അത്ര വലിയ റെക്കോർഡ് മറികടക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്.”

“കോഹ്ലി അവന്റെ ഗുരുവിന് വലിയ ബഹുമാനം തന്നെയാണ് നൽകുന്നത്. കോഹ്ലിയുടെ മാതൃകയാണ് സച്ചിൻ. സെഞ്ചുറി നേടിയതിനു ശേഷവും കോഹ്ലി സച്ചിനെ ബഹുമാനിച്ചിരുന്നു. ഇതൊക്കെയും വളരെ നല്ല കാഴ്ചകളാണ്.”- അക്തർ പറഞ്ഞു വെക്കുന്നു.